50MP ഫ്രണ്ട് ക്യാമറ, 7000mAh ബാറ്ററി! ഈ റിയൽമി 5G ഫോൺ ഇപ്പോൾ വിൽക്കുന്നത് പുതിയ വിലയിൽ
സ്വർണത്തിന്റെ വില പൂക്കുറ്റി പോലെ മേലോട്ട് പോകുന്നത് ദിവസവും നമ്മൾ കണ്ട് പരിചയിച്ച കാര്യമാണ്. എന്നാൽ സ്വർണത്തെ പിന്നിലാക്കുന്ന വില വർധനയാണ് സ്മാർട്ട്ഫോൺ വിപണിയിൽ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഏതെങ്കിലുമൊരു സ്മാർട്ട്ഫോൺ പുതിയതായി ലോഞ്ച് ചെയ്താൽ അത് ലോഞ്ച് ഓഫറുകൾ ഉള്ളപ്പോൾ തന്നെ വാങ്ങുന്നതാണ് നിലവിലെ സാഹചര്യത്തിൽ നല്ലത്. കാരണം, വില വർധനയിൽ സ്വർണത്തെ പിന്നിലാക്കുന്ന പ്രവണതയാണ് ഇപ്പോൾ സ്മാർട്ട്ഫോണുകൾ കാണിക്കുന്നത്. ലോഞ്ച് ചെയ്ത ഫോൺ ആണെങ്കിൽപ്പോലും ദിവസങ്ങൾക്കകം വില ഉയരുന്നു. നേരത്തെ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോണുകൾക്കും വില കാര്യമായി ഉയരുന്നുണ്ട്.
സ്വർണവില ഉയരുന്നതുപോലെ സ്മാർട്ട്ഫോൺ വില ഉയരുന്നത് കണ്ട്, ഇനി സ്വർണം കൊണ്ടാണോ ഫോണുകൾ പണിയുന്നത് എന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചാൽ കുറ്റം പറയാനാകില്ല. ചിപ് ക്ഷാമമാണ് വിലവർധനയുടെ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് എങ്കിലും സ്മാർട്ട്ഫോൺ പാർട്സുകൾക്ക് മൊത്തത്തിൽ വില വർധന ഉണ്ടാകുന്നുണ്ട് എന്നാണ് സൂചന. എന്തായാലും വില വർധിച്ച സ്മാർട്ട്ഫോണുകളുടെ പട്ടികയിലേക്ക് റിയൽമിയുടെ ഒരു മോഡൽ കൂടി ഇടം പിടിച്ചിട്ടുണ്ട്.

ബജറ്റ് 5ജി ഫോൺ എന്ന നിലയിൽ മൂന്നാല് മാസം മുമ്പ്, കൃത്യമായി പറഞ്ഞാൽ 2026 ഒക്ടോബറിൽ റിയൽമി അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് റിയൽമി 15X 5ജി (realme 15x 5G). ഇതിന്റെ 6GB + 128GB അടിസ്ഥാന വേരിയന്റിന് 16,999 രൂപയും 8GB + 128GB വേരിയന്റിന് 17,999 രൂപയും 8GB + 256GB ടോപ് വേരിയന്റിന് 19999 രൂപയുമായിരുന്നു വില.
നിലവിൽ ഇതിന്റെ അടിസ്ഥാന വേരിയന്റിന് 18999 രൂപയും 8GB + 128GB വേരിയന്റിന് 19999 രൂപയുമാണ് വില, ടോപ് വേരിയന്റ് സ്റ്റോക്കില്ല. ഇവിടെ 2000 രൂപയുടെ വില വർധനയാണ് ഈ റിയൽമി ഫോണിന് ഉണ്ടായിരിക്കുന്നത്. ബജറ്റ് വില എന്ന പേരിൽ എത്തിയ ഫോൺ ഇപ്പോൾ മിഡ് റേഞ്ച് വിലയോട് അടുത്തുവരെ എത്തിയിരിക്കുന്നു.

റിയൽമി വെബ്സൈറ്റിൽ റിയൽമി 15X 5ജിക്ക് കാര്യമായ ബാങ്ക് ഡിസ്കൗണ്ടുകൾ നിലവിൽ ലഭ്യമല്ല. എന്നാൽ ഫ്ലിപ്പ്കാർട്ടിൽ ഇത് 950 രൂപ ബാങ്ക് ഡിസ്കൗണ്ട് സഹിതം വാങ്ങാൻ കിട്ടും. അതിനാൽ കുറച്ച് മെച്ചം ഫ്ലിപ്പ്കാർട്ട് ആണ് എന്ന് പറയാം. അപ്പോഴും ലോഞ്ച് വിലയെക്കാൾ ഉയർന്ന വിലയിലാണ് ഇത് ലഭ്യമാകുക എന്ന യാഥാർഥ്യം അവശേഷിക്കുന്നുണ്ട്.
അക്വാ ബ്ലൂ, മറൈൻ ബ്ലൂ, മറൂൺ റെഡ് കളർ ഓപ്ഷനുകളിലാണ് ഈ റിയൽമി 5ജി ഫോൺ ലഭ്യമായിട്ടുള്ളത്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് റിയൽമി 15x 5ജിയുടെ കരുത്ത്.
144Hz റിഫ്രഷ് റേറ്റുള്ള 6.8-ഇഞ്ച് (1570×720) പിക്സൽ HD+ IPS LCD സ്ക്രീൻ, 180Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 1200 nits വരെ പീക്ക് ബ്രൈറ്റ്നസ്, ആം മാലി-G57 MC2 GPU, 6GB / 8GB LPDDR4X റാം, 128GB / 256GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിൽ ഉണ്ട്.

1/1.95″ സോണി IMX852 സെൻസറുള്ള 50MP മെയിൻ ക്യാമറയും ( f/1.8 അപ്പേർച്ചർ), LED ഫ്ലാഷും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും ഫ്രണ്ടിൽ 50MP ക്യാമറയും (1/2.88″ OV50D40 സെൻസർ, f/2.4 അപ്പർച്ചർ) ഉണ്ട്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, IP68 + IP69 റേറ്റിങ്, മിലിട്ടറി- ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD 810H സർട്ടിഫിക്കേഷൻ) എന്നീ ഫീച്ചറുകളും ഇതിലുണ്ട്.
ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA (n1/n3/n5/n8/n28B/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, 60W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0 യിൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. രണ്ട് പ്രധാന ഒഎസ് അപ്ഡേറ്റുകൾ കമ്പനി ഇതിന് വാഗ്ദാനം ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications








