മുമ്പ് 28999 രൂപയ്ക്ക് കിട്ടിയ ഫോണിന് ഇപ്പോൾ 34999 രൂപ; റിയൽമി 16 പ്രോ സീരീസിന് വില കൂട്ടി; പുതിയ വില...
ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകർക്ക് വൻ തിരിച്ചടിയാകുന്ന ഒരു സംഭവം ഉണ്ടായിരിക്കുന്നു, റിയൽമി തങ്ങളുടെ 16 പ്രോ സീരീസിലെ രണ്ട് മോഡലുകളുടെയും വില കുത്തനെ കൂട്ടിയിരിക്കുന്നു. ഇന്നലെ വരെ 31,999 രൂപ പ്രാരംഭ വിലയുണ്ടായിരുന്ന റിയൽമി 16 പ്രോ 5ജിക്ക് ഇന്ന് (11-2-26) 34,999 രൂപയാണ് പ്രാരംഭ വില. ലോഞ്ച് ചെയ്ത സമയത്ത് ലോഞ്ച് ഓഫറുകൾ സഹിതം 28999 രൂപയ്ക്ക് കിട്ടിയിരുന്ന സ്മാർട്ട്ഫോണിനാണ് ഈ വമ്പൻ വില വർധന ഉണ്ടായിരിക്കുന്നത്. റിയൽമി 16 പ്രോ സീരീസിൽ 16 പ്രോ, 16 പ്രോ പ്ലസ് എന്നിങ്ങനെ രണ്ട് മോഡലുകളാണുള്ളത്, ഇവയ്ക്ക് രണ്ടിനും വില കൂട്ടിയിട്ടുണ്ട്.
എന്താണ് വില വർധനവിനുള്ള കാരണം എന്ന് റിയൽമി വ്യക്തമാക്കിയിട്ടില്ല. ഒരു ഉൾവിളിയാലെന്നപോലെ, പെട്ടെന്നൊരു സുപ്രഭാതത്തിൽ ആരും പ്രതീക്ഷിക്കാതിരിക്കെയാണ് വില വർധന ഉണ്ടായിരിക്കുന്നത്. റിയൽമി 16 പ്രോ സീരീസിനെ ജനങ്ങളോട് അടുപ്പിച്ച് നിർത്തിയിരുന്നത് അവയുടെ വിലയായിരുന്നു. കാരണം പല ബ്രാൻഡുകളും പ്രീമിയം മോഡലുകളിൽ അവതരിപ്പിച്ച 200MP ക്യാമറ അടക്കമുള്ള ഫീച്ചറുകൾ റിയൽമി 16 പ്രോ സീരീസ് മാന്യമായ വിലയിൽ ലഭ്യമാക്കി.

താങ്ങാനാകുന്ന വിലയിൽ രണ്ട് കിടിലൻ ഫോണുകൾ ലഭ്യമായതോടെ ആവേശത്തിലായ ഉപയോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് റിയൽമി 16 പ്രോ മോഡലുകൾക്ക് ലഭിച്ചത്. ഈ ജനപ്രീതി തന്നെയാകാം, എന്നാൽ വില കുറച്ച് കൂട്ടിക്കളയാം എന്ന റിയൽമിയുടെ തീരുമാനത്തിന് പിന്നിലുണ്ടാകുക. എന്തായാലും ഇന്നലെ വരെ ഈ ഫോൺ വാങ്ങിയവർ ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകും. കാരണം അവർക്ക് വില കൂടും മുമ്പ് മികച്ച ഡിസ്കൗണ്ടിൽ ഈ ഫോണുകൾ സ്വന്തമാക്കാനായി.
റിയൽമി 16 പ്രോ 5ജിയുടെ പഴയ വിലയും പുതിയ വിലയും
റിയൽമി 16 പ്രോ 5ജിയുടെ 8GB+128GB വേരിയന്റിന് 31,999 രൂപയും 8GB+256GB വേരിയന്റിന് 33,999 രൂപയും 12GB+ 256GB വേരിയന്റിന് 36,999 രൂപയുമായിരുന്നു ലോഞ്ച് വില. ഇപ്പോൾ 3000 രൂപയുടെ വില വർധനയാണ് ഈ വേരിയന്റുകൾക്ക് ഉണ്ടായിരിക്കുന്നത്. അതിനാൽ ഇവ ഇപ്പോൾ യഥാക്രമം 34999 രൂപ, 36999 രൂപ, 39999 രൂപ വിലകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ റിയൽമി 16 പ്രോ 5ജിക്ക് 1500 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 33,499 രൂപ പ്രാരംഭ വിലയിൽ വാങ്ങാനാകും. അതേസമയം ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ 1750 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്, അതിനാലിത് 33249 രൂപ പ്രാരംഭ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ കിട്ടും.
റിയൽമി 16 പ്രോ പ്ലസ് 5ജിയുടെ പഴയ വിലയും പുതിയ വിലയും
റിയൽമി 16 പ്രോ പ്ലസ് 5ജിയുടെ 8GB + 128GB വേരിയന്റിന് 39,999 രൂപയും 8GB + 256GB വേരിയന്റിന് 41,999 രൂപയും 12GB + 256GB വേരിയന്റിന് 44,999 രൂപയും ആയിരുന്നു ലോഞ്ച് വില. ഇപ്പോൾ 4000 രൂപയുടെ വില വർധനയാണ് ഈ മോഡലിന് ഉണ്ടായിരിക്കുന്നത്.
ഇപ്പോൾ റിയൽമി 16 പ്രോ പ്ലസ് 5ജി വേരിയന്റുകൾ യഥാക്രമം 43,999 രൂപ, 45,999 രൂപ, 48,999 രൂപ വിലകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഔദ്യോഗിക വെബ്സൈറ്റിൽ 2000 രൂപയുടെ ഡിസ്കൗണ്ട് ലഭ്യമാണ്, അതിനാൽ 41999 രൂപ പ്രാരംഭ വിലയിൽ കിട്ടും. ഫ്ലിപ്പ്കാർട്ടിൽ 2200 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ഉണ്ട്. അതിനാൽ 41799 രൂപ പ്രാരംഭ വിലയിൽ കിട്ടും.

മെമ്മറി, ചിപ്‌സെറ്റ്, മൊത്തത്തിലുള്ള സ്മാർട്ട്‌ഫോൺ ഇക്കോസിസ്റ്റം ചെലവുകളിൽ ഉണ്ടായ വില വർധനയാണ് ഇപ്പോഴത്തെ ഈ നിരക്ക് വർധനവിന് കാരണമായി റിയൽമിക്ക് പറയാനുണ്ടാകുക. എന്തായാലും മികച്ച ഫീച്ചറുകൾ സഹിതം എത്തിയിരിക്കുന്നതിനാൽ വർധിച്ച വിലയിലും ആളുകളെ ആകർഷിക്കാൻ ഈ മോഡലുകൾക്ക് കഴിയും എന്ന് കമ്പനി വിശ്വസിക്കുന്നുണ്ട് എന്നതിന്റെ ആത്മവിശ്വാസവും ഈ വിലവർധനയിൽ പ്രതിഫലിക്കുന്നുണ്ട്.


Click it and Unblock the Notifications








