പവർബാങ്കിന്റെ പണി പോയി! 5 മിനിറ്റിൽ ബാറ്ററി ഫുൾ ചാർജ് ചെയ്യുന്ന 300W ഫാസ്റ്റ് ചാർജിങ് ഫോൺ ഇന്ത്യയിലേക്ക്?
സ്മാർട്ട്ഫോൺ ചാർജിങ് രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ തയാറെടുക്കുന്ന റിയൽമിയുടെ നീക്കം ആസ്വദിക്കാൻ ഇന്ത്യക്കാർക്കും അവസരം ഉണ്ടായേക്കുമെന്ന് പുതിയ റിപ്പോർട്ട്. തങ്ങളുടെ 300W ഫാസ്റ്റ് ചാർജിങ് ടെക്നോളജി ലോകത്തിന് മുൻപിൽ അവതരിപ്പിക്കാൻ അവസാന വട്ട തയാറെടുപ്പിലാണ് റിയൽമി. ഈ മാസം 14 ഫാസ്റ്റ് ചാർജിങ് സംബന്ധിച്ച ഒരു സുപ്രധാന പ്രഖ്യാപനം ചൈനയിൽ നടക്കുന്ന ഇവന്റിൽ റിയൽമി നടത്തും എന്ന് ഗിസ്മോ ചൈന റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടൊപ്പം ചേർത്തുവയ്ക്കാവുന്നതും ഇന്ത്യക്കാരെ ആവേശത്തിലാക്കുന്നതുമായ മറ്റൊരു വാർത്തകൂടി ഇപ്പോൾ എത്തിയിട്ടുണ്ട്. റിയൽമി ജിടി 7 പ്രോയിൽ ആയിരിക്കും ഈ ഫീച്ചർ ആദ്യം അവതരിപ്പിക്കപ്പെടുക എന്നതാണ് അത്.
റിയൽമി ജിടി 7 പ്രോയുടെ ലോഞ്ച് തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെങ്കിലും ഈ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് ഇതിനകം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ചൈനയിൽ റിയൽമി ജിടി 7 പ്രോ ലോഞ്ചിന് തയാറെടുക്കുകയാണ്. ഇതിന് ശേഷമാകും ഇന്ത്യൻ ലോഞ്ച്. ഇപ്പോൾ ലോഞ്ചിന് മുൻപ് തന്നെ റിയൽമി ജിടി 7 പ്രോയുടെ ചില ഫീച്ചറുകൾ ഒരു പ്രമുഖ ചൈനീസ് ടിപ്സ്റ്റർ ലീക്ക് റിപ്പോർട്ടായി പുറത്തുവിട്ടിട്ടുണ്ട്.

റിയൽമി ജിടി 7 പ്രോയുടെ ലീക്ക് റിപ്പോർട്ടിൽ ഫീച്ചറുകൾ വിവരിക്കുന്ന കൂട്ടത്തിൽ റിയൽമിയുടെ 300W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ ഈ ഫോണിൽ ഉണ്ടാകും എന്ന് ടിപ്സ്റ്റർ അവകാശവാദം ഉയർത്തുന്നു. അഞ്ച് മിനിറ്റിനുള്ളിൽ ബാറ്ററി ചാറജ് 100 ശതമാനം വരെ നിറയ്ക്കാൻ കഴിയും എന്നതാണ് റിയൽമിയുടെ 300W ചാർജിംഗ് സൊല്യൂഷന്റെ പ്രധാന നേട്ടം.
റിയൽമി 300W ചാർജിംഗ് പരീക്ഷിക്കുന്നതായി റിയൽമി യൂറോപ്പിൻ്റെ സിഇഒയും ഗ്ലോബൽ മാർക്കറ്റിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് വോങ് ഈ വർഷം ജൂണിൽ യുട്യൂബ് ചാനലായ ദി ടെക് ചാപ്പിന് നൽകിയ അഭിമുഖത്തിൽ സ്ഥിരീകരിച്ചിരുന്നു. അതിനാൽ റിയൽമി 300W ഫാസ്റ്റ് ചാർജിങ് ഉടൻ തന്നെ അവതരിപ്പിക്കും എന്നകാര്യം ഉറപ്പാണ്.

റിയൽമിയുടെ ഈ ചാർജിങ് ടെക്നോളജി ഉപയോഗിച്ച് മൂന്ന് മിനിറ്റിനുള്ളിൽ ബാറ്ററി പൂജ്യത്തിൽ നിന്ന് 50 ശതമാനമായി നിറയ്ക്കുമെന്നും അഞ്ച് മിനിറ്റിനുള്ളിൽ ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാമെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ റിയൽമി 300W ഫാസ്റ്റ് ചാർജിങ് ടെക്നോളജി ആദ്യം അവതരിപ്പിക്കുന്ന സ്മാർട്ട്ഫോൺ റിയൽമി ജിടി 7 പ്രോ ആണ് എന്ന് 'ഔദ്യോഗികമായി' എവിടെയും സ്ഥിരീകരിച്ചിട്ടില്ല.
വെയ്‌ബോയിലെ ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ റിയൽമി ജിടി 7 പ്രോയിൽ IP69-റേറ്റിങ് ഉണ്ടെന്ന് അവകാശപ്പെടുന്നു. കൂടാതെ ഇതിൽ ഒരു അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സെൻസറും ഉണ്ടാകുമെന്ന് സൂചനയുണ്ട്. ആഗോള വിപണിയിൽ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 4 ചിപ്സെറ്റ് അവതരിപ്പിക്കുന്ന ആദ്യ സ്മാർട്ട്ഫോണും റിയൽമി ജിടി 7 പ്രോ ആയിരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
റിയൽമി ജിടി 7 പ്രോ ഇന്ത്യയിലെത്തുമെന്ന് റിയൽമിയുടെ വൈസ് പ്രസിഡൻ്റ് ചേസ് സൂ ഇക്കഴിഞ്ഞ മേയിൽ സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഈ ഫോണിന്റെ ലോഞ്ച് എപ്പോഴായിരിക്കുമെന്ന് ഇതുവരെ ഉറപ്പിച്ച് പറയാറായിട്ടില്ല. 300W ഫാസ്റ്റ് ചാർജിങ് അവതരിപ്പിക്കാനായാൽ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഒരു കോളിളക്കം തന്നെ സൃഷ്ടിക്കാൻ റിയൽമി ജിടി 7 പ്രോയ്ക്ക് കഴിയും.

ഓഗസ്റ്റ് 14ന് ചൈനയിൽ നടക്കുന്ന ഇവന്റിലെ പ്രഖ്യാപനത്തിന് ശേഷം റിയൽമിയുടെ 300W ഫാസ്റ്റ് ചാർജിങ് ടെക്നോളജി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാനാകും. സ്മാർട്ട്‌ഫോണുകളുടെ ലോകത്ത് 150W, 240W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യകൾ ആദ്യം അവതരിപ്പിച്ച ബ്രാൻഡ് എന്ന നേട്ടം റിയൽമിയുടെ പേരിലാണ്. എന്നാൽ 300W ഫാസ്റ്റ് ചാർജിങ് ടെക്നോളജി ആദ്യം അവതരിപ്പിച്ചത് റിയൽമിയല്ല.
റിയൽമിയുടെ പ്രധാന എതിരാളിയായ റെഡ്മി, കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പരിഷ്‌ക്കരിച്ച റെഡ്മി നോട്ട് 12 ഡിസ്‌കവറി എഡിഷൻ സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് 300W ചാർജിംഗ് പ്രദർശിപ്പിച്ചിരുന്നു. ഈ ചാർജിങ് സാങ്കേതികവിദ്യ അഞ്ച് മിനിറ്റിനുള്ളിൽ 4,100mAh ബാറ്ററി ഫുൾ ചാർജ് ചെയ്യുന്നു. എങ്കിലും 300W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള ഒരു ഹാൻഡ്‌സെറ്റ് റെഡ്മി ഇതുവരെ പുറത്തിറക്കിയിട്ടില്ല.
നിലവിൽ റിയൽമി സ്മാർട്ട്ഫോണുകളിൽ ഏറ്റവും വലിയ ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ എത്തുന്നത് 240W വരെ ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള റിയൽമി ജിടി നിയോ 5 ആണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അവതരിപ്പിച്ച ഈ ഫോൺ പൂജ്യത്തിൽ നിന്ന് 100 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ 10 മിനിറ്റിൽ താഴെ മാത്രം സമയംമതി.


Click it and Unblock the Notifications