കാത്തിരിപ്പിന് വിരാമം; റിയൽമി 9 പ്രോ പ്ലസ് ഇന്ത്യ ലോഞ്ച് ഉടൻ
ദിവസങ്ങൾക്ക് മുമ്പാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ റിയൽമി തങ്ങളുടെ ഏറ്റവും പുതിയ ഡിവൈസുകളിൽ ഒന്നായ റിയൽമി 9ഐ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ 9 സീരീസിൽ തന്നെ ഏറ്റവും പുതിയ ഡിവൈസുകളിൽ ഒന്ന് കൂടി ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് റിയൽ മി ഇന്ത്യ. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ കൂടിയാണ് കമ്പനി പുതിയ റിയൽമി 9 പ്രോ പ്ലസ് ടീസ് ചെയ്തിരിക്കുന്നത്. 9 സീരീസിൽ തന്നെയുള്ള റിയൽമി 9, റിയൽമി 9 പ്രോ മോഡലുകൾക്കൊപ്പം ആയിരിക്കും പ്രോ പ്ലസും വിപണിയിൽ എത്തുക.

റിയൽമി ഇന്ത്യയുടെ മാധവ് ഷെത്ത് ഒരു ടെക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഈ ഡിവൈസുകൾ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. എങ്കിലും റിയൽമി 9 പ്രോ പ്ലസിന്റെ സ്പെസിഫിക്കേഷനുകൾ, ഫീച്ചറുകൾ തുടങ്ങിയ വിവരങ്ങൾ ഒന്നും കമ്പനി ഇത് വരെ വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല. റിയൽമി 9 പ്രോ പ്ലസുമായി ബന്ധപ്പെട്ടുള്ള എന്തെങ്കിലും വിവരങ്ങൾ പുറത്ത് വന്നത് അടുത്ത കാലത്തുണ്ടായ ഒരു ലീക്കിൽ നിന്നാണ്. കുറച്ച് റെൻഡറുകളും റിയൽമി 9 പ്രോ പ്ലസിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്ത് വിട്ടിരുന്നു. റിയൽമി 9 പ്രോ പ്ലസിനെക്കുറിച്ച് ലഭ്യമായ വിശദാംശങ്ങൾ അറിയാൻ താഴേക്ക് വായിക്കുക.

റിയൽമി ഇന്ത്യ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ നടത്തിയ ടീസിങോടെയാണ് റിയൽമി 9 പ്രോ പ്ലസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് സ്ഥിരീകരിച്ചത്. റിയൽമി 9 പ്രോ പ്ലസ് സ്മാർട്ട്‌ഫോണിന്റെ ടീസർ ചിത്രവും കമ്പനി പോസ്റ്റ് ചെയ്തിട്ടുണ്ട്. റിയൽമി 9 സീരീസിന്റെ ഭാഗമായി റിയൽമി 9 പ്രോ പ്ലസ് ലോഞ്ച് ചെയ്യുന്നതായി ട്വിറ്റർ പോസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ഹാൻഡ്‌സെറ്റിന്റെ പ്രോ+ അടയാളപ്പെടുത്തലും ടീസർ ചിത്രം പ്രദർശിപ്പിക്കുന്നു.

അടുത്തിടെ ബിഐഎസ് പോലെയുള്ള സർട്ടിഫിക്കേഷൻ ഡാറ്റാബേസുകളിൽ അടുത്തിടെ റിയൽമി 9, റിയൽമി 9 പ്രോ എന്നീ ഡിവൈസുകൾ കണ്ടിരുന്നു. ഇതും ലോഞ്ച് ഉടൻ ഉണ്ടാവുമെന്ന് സൂചന നൽകുന്നു.കൂടാതെ, റിയൽമി 9 പ്രോ, റിയൽമി 9 പ്രോ പ്ലസ് എന്നിവ യഥാക്രമം മീഡിയാടെക്ക് ഡൈമൻസിറ്റി 810, ഡൈമൻസിറ്റി 920 പ്രോസസറുകൾ ഫീച്ചർ ചെയ്യുമെന്നും റിപ്പോർട്ടുകൾ സൂചന നൽകുന്നു.

റിയൽമി 9 പ്രോ പ്ലസിന്റെ ഒരു റെൻഡറും സ്പെസിഫിക്കേഷൻ വിശദാംശങ്ങളും ഓൺലീക്സ് പുറത്ത് വിട്ടിരുന്നു. സ്മാർട്ട്പ്രിക്സും ഈ ലീക്കിൽ സഹകരിച്ചിട്ടുണ്ട്. ലീക്ക് റിപ്പോർട്ടിൽ ഡിവൈസിന്റെ ഡിസൈൻ വിശദാംശങ്ങളും ഉൾക്കൊള്ളുന്നു. ഒരു ഗ്രേഡിയന്റ് ബാക്ക് ഡിസൈനിലാകും റിയൽമി 9 പ്രോ പ്ലസിന്റെ ബാക്ക് പാനൽ എത്തുകയെന്നാണ് കരുതുന്നത്. ഒപ്പം മുൻ വശത്ത് ഒരു ഹോൾ പഞ്ച് ഡിസ്പ്ലേ ഡിസൈനും പ്രതീക്ഷിക്കപ്പെടുന്നു.

റിയൽമി 9 സീരീസിലെ ഏറ്റവും ഉയർന്ന വേരിയന്റാണ് റിയൽമി 9 പ്രോ പ്ലസ് സ്മാർട്ട്ഫോൺ. ഫോൺ 6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ ഫീച്ചർ ചെയ്യാനാണ് സാധ്യത. ക്വാഡ് ക്യാമറ സജ്ജീകരണവും റിയൽമി 9 പ്രോ പ്ലസ് സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. 50 എംപി പ്രൈമറി ക്യാമറ സെൻസർ, 13 എംപി സെക്കൻഡറി സെൻസർ, 8 എംപി ടെർഷ്യറി സെൻസർ, 2 എംപി വരുന്ന നാലാം സെൻസർ എന്നിങ്ങനെയാവും ക്വാഡ് ക്യാമറ സജ്ജീകരണം വരിക.

സെൽഫികൾ പകർത്താൻ റിയൽമി 9 പ്രോ പ്ലസ് സ്മാർട്ട്ഫോണിൽ 16 എംപി സെൽഫി ക്യാമറ സെൻസറും പ്രതീക്ഷിക്കാം. മുൻ വശത്ത് ഒരു ഹോൾ പഞ്ച് ഡിസ്പ്ലേ ഡിസൈനായിരിക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നുവല്ലോ. സിക്യൂസി ഡാറ്റാബേസിലെ ഒരു ലിസ്റ്റിങ് അനുസരിച്ച്, വരാനിരിക്കുന്ന റിയൽമി 9 പ്രോ പ്ലസ് സ്മാർട്ട്ഫോണിൽ 5000 എംഎഎച്ച് ബാറ്ററിയും 65 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫീച്ചർ ചെയ്യാനുള്ള സാധ്യതയും ഉണ്ട്.


Click it and Unblock the Notifications








