ഇത് ഹിറ്റാകും, ഉറപ്പ്! റിയൽമി സി65 5ജി ഇന്ത്യയിൽ, തുടക്കത്തിൽ വില വെറും 9999 രൂപ
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ ഏറ്റവും വില കുറഞ്ഞ 5ജി ഫോണുകളുടെ പട്ടികയിൽ ഇനി റിയൽമി സി65 5ജിയും ഉണ്ടാകും. ബജറ്റ് ഉപയോക്താക്കൾക്കായുള്ള ഏറ്റവും മികച്ച 5ജി ഫോൺ ഓപ്ഷൻ എന്ന നിലയിൽ റിയൽമി തങ്ങളുടെ സി65 5ജി (Realme C65 5G) മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു.
വിപണിയിലെ ഏറ്റവും വിലകുറഞ്ഞ 5G ഫോണുകളിലൊന്നായാണ് ഈ ഹാൻഡ്‌സെറ്റ് റിയൽമി അവതരിപ്പിച്ചിരിക്കുന്നത്. ഇത് കൂടാതെ മീഡിയടെക് ഡിമെൻസിറ്റി 6300 ചിപ്‌സെറ്റുമായി വരുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട്ഫോൺ ആണ് ഇത് എന്ന് റിയൽമി അവകാശപ്പെടുന്നു. 9999 രൂപയാണ് റിയൽമി സി65 5ജിയുടെ ഇന്ത്യയിലെ പ്രാരംഭവില.

ഇത്രയും കുറഞ്ഞ നിരക്കിൽ എത്തുമ്പോൾ തന്നെ ശക്തനായ ഒരു എൻട്രിലെവൽ 5ജി സ്മാർട്ട്ഫോൺ എന്ന മേൽവിലാസം ഉറപ്പിക്കാൻ റിയൽമി സി65 ശ്രദ്ധിച്ചിട്ടുണ്ട്. ഈ മാസം ആദ്യം റിയൽമി സി65 ആഗോളതലത്തിൽ ലോഞ്ച് ചെയ്യപ്പെട്ടിരുന്നു. എന്നാൽ അത് 4ജി മോഡൽ ആയിരുന്നു. ഇന്ത്യയിൽ അവതരിപ്പിച്ചപ്പോൾ 5ജി മോഡൽ ആയാണ് കമ്പനി ഈ മോഡലിനെ അവതരിപ്പിച്ചത്.
ഇന്ത്യയിലെ സ്മാർട്ട്ഫോൺ ഉപയോക്താക്കൾ പൊതുവേ 4ജി ഫോണിൽ നിന്ന് 5ജി ഫോണുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഈ ഒരു സാഹചര്യം മനസിലാക്കിക്കൊണ്ടും ബജറ്റ് ഉപയോക്താക്കളുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ചുകൊണ്ടും ഒരു മികച്ച 5ജി ഫോണായി റിയൽമി സി65 5ജി ഇന്ത്യയിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് റിയൽമിയുടെ വിജയമാണ്. ബജറ്റ് ഉപയോക്താക്കൾക്കടിയിൽ ഈ സ്മാർട്ട്ഫോൺ ഹിറ്റാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

റിയൽമി സി65 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് (1604 x 720 പിക്സലുകൾ) HD+ സ്‌ക്രീൻ ആണ് ഇതിലുള്ളത്. 120Hz വരെ ഡൈനാമിക് റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് നിരക്ക്, 625 nits പീക്ക് ബ്രൈറ്റ്നസ് എന്നിവയും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.
മാലി-G57 MC2 GPU ഉള്ള ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ ആണ് ഈ 5ജി സ്മാർട്ട്ഫോണിന്റെ കരുത്ത്. മുഖ്യധാരാ സ്മാർട്ട്ഫോണുകളുടെ പെർഫോമൻസിനോട് കിടപിടിക്കും വിധത്തിൽ എഐ പിന്തുണ അടക്കം മികച്ച ഫീച്ചറുകൾ ഈ റിയൽമി 5ജി ഫോൺ കുറഞ്ഞ വിലയ്ക്കുള്ളിൽ നിന്നുകൊണ്ട് അവതരിപ്പിക്കുന്നുണ്ട്.
4GB/ 6GB LPDDR4x റാം, 64GB/ 128GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 5.0ൽ ആണ് പ്രവർത്തനം. 2 വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും 3 വർഷത്തെ ആൻഡ്രോയിഡ് സുരക്ഷാ പാച്ചുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

F/1.8 അപ്പേർച്ചർ ഉള്ള 50MP പ്രൈമറി ക്യാമറയും 2MP സെക്കൻഡറി സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും ഓമ്‌നിവിഷൻ OV08D10 സെൻസറോട് കൂടിയ 8MP ഫ്രണ്ട് ക്യാമറയും അടങ്ങുന്നതാണ് റിയൽമി സി65 5ജിയിലെ ക്യാമറ ഓപ്ഷനുകൾ. 15W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഫോൺ പായ്ക്ക് ചെയ്യുന്നത്.
സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിൻ്റ് സെൻസർ, IP54 റേറ്റിങ്, 3.5എംഎം ഓഡിയോ ജാക്ക്, 1115 അൾട്രാ ലീനിയർ ബോട്ടം പോർട്ടഡ് സ്പീക്കർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G, 4G LTE, ബ്ലൂടൂത്ത് 5.3, GPS, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയൊക്കെയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകൾ.
ഫെതർ ഗ്രീൻ, ഗ്ലോവിംഗ് ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഹാൻഡ്‌സെറ്റ് വരുന്നത്. റിയൽമി സി65 5ജിയുടെ 4GB+64GB അടിസ്ഥാന വേരിയന്റിന് 10,499 രൂപയാണ് വില. എന്നാൽ തുടക്കത്തിൽ ബാങ്ക് ഓഫർ പ്രയോജനപ്പെടുത്തി ഇത് 9999 രൂപയ്ക്ക് വാങ്ങാം. അതേപോലെ 4GB/128GB മോഡലിന് 11,499 രൂപയാണ് വില. തുടക്കത്തിലിത് 10999 രൂപയ്ക്ക് കിട്ടും.
റിയൽമി സി65 5ജിയുടെ 6GB/128GB മോഡലിന് 12,499 രൂപയാണ് വില. മറ്റ് രണ്ട് മോഡലുകളിൽ നിന്ന് വ്യത്യസ്തമായി ഈ ഉയർന്ന മോഡലിന് 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ഉണ്ട്. അതിനാലിത് തുടക്കത്തിൽ 11499 രൂപയ്ക്ക് വാങ്ങാം. റിയൽമി വെബ്സൈറ്റ്, ഫ്ലിപ്പ്കാർട്ട്, മെയിൻലൈൻ സ്റ്റോറുകൾ വഴി ഈ ഫോണുകൾ വാങ്ങാം. വിൽപ്പന ഇന്നുമുതൽ തന്നെ ആരംഭിക്കും.


Click it and Unblock the Notifications