വർഷം തീരാറായപ്പോൾ കുറഞ്ഞ വിലയിൽ 5ജി ഫോണുകളുടെ അയ്യരുകളി! ദേ റിയൽമി സി67 5ജിയും ഇന്ത്യയിൽ എത്തി
സി സിരീസിൽ പുതിയൊരു സ്മാർട്ട്ഫോൺ കൂടി ഇന്ത്യയിൽ അവതരിപ്പിച്ച് 2023 ന്റെ കലാശക്കൊട്ട് ആവേശഭരിതമാക്കി റിയൽമി. താങ്ങാനാകുന്ന വിലയിൽ ഒരു 5ജി ഫോൺ എന്ന ലേബലിൽ പുതിയതായി റിയൽമി സി67 5ജി (Realme C67 5G ) ആണ് ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുന്നത്.
2023 അവസാനിക്കാൻ ഒരുങ്ങവെ തലങ്ങും വിലങ്ങും സ്മാർട്ട്ഫോൺ ലോഞ്ചുകൾ നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഐക്യൂ 12 5ജി ഉൾപ്പെടെയുള്ള വമ്പൻ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ബജറ്റ് വിലയിൽ എത്തിയ ഫോണുകളുടെ കാര്യമെടുത്താൽ കഴിഞ്ഞയാഴ്ച റിയൽമി സി13 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു.

ഇങ്ങനെ പുതിയ 5ജി ഫോണുകൾ ഇന്ത്യൻ വിപണിയിലേക്ക് തുടർച്ചയായി വന്നുകൊണ്ടിരിക്കുകയാണ്. ഈ വർഷം അവസാനം മുതൽ അടുത്ത വർഷത്തിന്റെ ആദ്യം വരെ അതായത് 2024 ജനുവരി വരെ ഇത്തരത്തിൽ നിരവധി 5ജി ഫോണുകളാണ് വരാനിരിക്കുന്നത്. അതിൽ ബജറ്റ് വിലയിലുള്ള ഫോണുകൾ മുതൽ പ്രീമിയം ഫീച്ചറുകളുമായെത്തുന്ന വൺപ്ലസ് 12, ഗാലക്സി എസ്24 അൾട്ര എന്നിവ വരെയുണ്ട്.
റിയൽമിയുടെ സി സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആണ് റിയൽമി സി67 5ജി. 5G കണക്റ്റിവിറ്റിയുമായി വരുന്ന ലൈനപ്പിലെ ആദ്യ ഫോൺ എന്ന പ്രത്യേകതയുമുണ്ട്. കുറഞ്ഞ വിലയിൽ അത്യാവശ്യം മികച്ച ഫീച്ചറുകളുമായി എത്തുന്ന റിയൽമി സി67 ഇന്ത്യയിലെ 5ജി സ്മാർട്ട്ഫോണുകളുടെ നിരയിലേക്ക് ഒരു മുതൽക്കൂട്ടാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ച റിയൽമി 11x 5G, നാർസോ 60x 5G എന്നിവയിലേതിന് സമാനമായ ഫീച്ചറുകളുമായാണ് റിയൽമി സി67 5ജി എത്തുന്നത്. മരുപ്പച്ചയുടെ തിളക്കത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സണ്ണി ഒയാസിസ് ഡിസൈനാണ് ഫോണിനുള്ളത്, അത് സൂര്യരശ്മികൾ ഏൽക്കുമ്പോൾ തിളങ്ങുന്നു. അതിന് നന്ദി പറയേണ്ടത് നൂതന ഗ്രേഡിയന്റ് കോട്ടിങ്ങിനാണ്.
പുറം തിളങ്ങുന്നതുപോലെ, ബജറ്റ് വിലയിൽ എത്തുന്ന 5ജി സ്മാർട്ട്ഫോണുകൾക്കിടയിലും തിളങ്ങാൻ റിയൽമി സി67 5ജിക്ക് കഴിയും എന്ന് കരുതാം. കാരണം, കുറഞ്ഞ വിലയിൽ താങ്ങാനാകുന്ന ഫീച്ചറുകൾ ഈ 5ജി ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രാരംഭ വേരിയന്റ് 13,999 രൂപ വിലയിൽ ലഭ്യമാകുന്ന റിയൽമി സി67 5ജിയുടെ പ്രധാന ഫീച്ചറുകൾ ഇതാ.
റിയൽമി സി67 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz വരെ റിഫ്രഷ് റേറ്റ്, 180Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2400 X 1080 പിക്‌സൽ റെസലൂഷൻ, 91.40 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷ്യോ, 680nit വരെ ബ്രൈറ്റ്നസ് എന്നിവയുള്ള 6.72 ഇഞ്ച് FHD+ IPS LCD ഡിസ്പ്ലേയാണ് ഇതിലുള്ളത്.

മീഡിയടെക് ഡിമെൻസിറ്റി 6100+ ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. ഗ്രാഫിക്‌സിനായി മാലി G57 MC2 ജിപിയുവും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. 4GB LPDDR4x റാം + 128GB UFS 2.2 സ്റ്റോറേജ്, 6GB റാം+ 128GB സ്റ്റോറേജ് എന്നീ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാണ്.
ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 4.0 കസ്റ്റം സ്‌കിന്നിലാണ് ഫോൺ പ്രവർത്തിക്കുന്നത്. രണ്ട് വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡുകൾ റിയൽമി വാഗ്ദാനം ചെയ്യുന്നു. 5G, 4G LTE, വൈഫൈ, ബ്ലൂടൂത്ത് 5.2, യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ.
ക്യാമറയുടെ കാര്യത്തിലേക്ക് വന്നാൽ, ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. F/1.8 അപ്പേർച്ചർ ഉള്ള 50MP പ്രൈമറി ക്യാമറയും 2MP പോർട്രെയ്റ്റ് ക്യാമറയും ഇതിൽ അടങ്ങുന്നു. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 8 എംപി ഫ്രണ്ട് ക്യാമറയുണ്ട്. സൈഡ് മൗണ്ട് ഫിംഗർപ്രിന്റ് സെൻസറും പൊടി, സ്പ്ലാഷ് പ്രതിരോധം എന്നിവയ്ക്കായി IP54 റെസിസ്റ്റന്റ് റേറ്റിങ്ങും ഈ ഫോണിലുണ്ട്.

33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് റിയൽമി സി67 വാഗ്ദാനം ചെയ്യുന്നത്. 29 മിനിറ്റിനുള്ളിൽ 50% വരെ ചാർജ് ചെയ്യാൻ കഴിയുന്ന 33W SuperVOOC ഫാസ്റ്റ് ചാർജിങ് ഈ ഫോണിന്റെ നേട്ടമാണ്. 3.5 എംഎം ഓഡിയോ ജാക്ക്, ഹൈ-റെസ് ഓഡിയോ ഫീച്ചറുകളും ഇതിലുണ്ട്.
സണ്ണി ഒയാസിസ്, ഡാർക്ക് പർപ്പിൾ നിറങ്ങളിലാണ് ഈ ഹാൻഡ്‌സെറ്റ് എത്തുന്നത്. റിയൽമി C67 5ജിയുടെ 4GB+ 128GB മോഡലിന് 13,999 രൂപയും 6GB + 128GB മോഡലിന് 14,999 രൂപയുമാണ് വില. ഡിസംബർ 16ന് ഉച്ചയ്ക്ക് 12 മണി മുതൽ ഇന്ത്യയിലെ വിൽപ്പന ആരംഭിക്കും.
ഫ്ലിപ്പ്കാർട്ട്, റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവിടങ്ങളിൽ റിയൽമി സി67 5ജി ലഭ്യമാകും. റിയൽമി, ഫ്ലിപ്പ്കാർട്ട് വെബ്സൈറ്റുകളിൽ ഡിസംബർ 16 ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലാഷ് സെയിൽ ഉണ്ട്. ലോഞ്ച് ഓഫറിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് 2000 രൂപ വരെ ഡിസ്കൗണ്ട് ലഭ്യമാകും.


Click it and Unblock the Notifications








