5G ആണ്, ഇത് വാങ്ങാൻ ആ ഒറ്റക്കാരണം തന്നെ ധാരാളം! 7000mAh ബാറ്ററിയുമായി റിയൽമി C83 5G
ബജറ്റ് വിലയിൽ ഒരു പുതിയ 5ജി ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കായി ഒരു സന്തോഷ വാർത്തയുണ്ട്. റിയൽമി തങ്ങളുടെ സി സീരീസിൽ പുതിയ 5ജി സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ പോകുന്നു എന്നതാണ് അത്. കഴിഞ്ഞ വർഷത്തെ റിയൽമി സി73 5ജിയുടെ പിൻഗാമിയായി റിയൽമി സി83 5ജി (realme C83 5G) എന്ന പുതിയ ഫോൺ ആണ് വരാൻ പോകുന്നത്. മാർച്ച് 7ന് റിയൽമി സി83 5ജിയുടെ ഇന്ത്യൻ ലോഞ്ച് നടക്കുമെന്ന് കമ്പനി ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു. സാധാരണക്കാർക്ക് താങ്ങാനാകുന്ന വിലയിൽ ഈ 5ജി ഫോൺ അവതരിപ്പിക്കപ്പെടും.
ലോഞ്ച് തിയതി സ്ഥിരീകരിച്ചത് കൂടാതെ റിയൽമി സി83 5ജിയുടെ ചില ഫീച്ചറുകളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഈ മോഡലിനായി ആരംഭിച്ച പേജിലൂടെയാണ് ഫീച്ചറുകൾ സ്ഥിരീകരിച്ചിരിക്കുന്നത്. 7000mAh ബാറ്ററിയാണ് ഫോണിൽ ഉള്ളതെന്ന് റിയൽമി ടീസറിലും മറ്റും പ്രത്യേകം എടുത്തുകാണിക്കുന്നുണ്ട്. ബജറ്റ് വിലയിൽ ഇത്ര വലിയ ബാറ്ററി ശേഷി ലഭ്യമാകുന്നു എന്നത് ഈ മോഡലിന് ഒരു പ്ലസ് ആകും.

6 വർഷം വരെ വിശ്വസനീയമായ ഉപയോഗം, റിവേഴ്‌സ് വയർഡ് ചാർജിംഗ്, ബൈപാസ് ചാർജിംഗ് എന്നിവയുടെ പിന്തുണയോടെയാണ് റിയൽമി സി83 5ജിയിലെ 7000mAh ബാറ്ററി എത്തുന്നത് എന്ന വിവരവും റിയൽമി സ്ഥിരീകരിച്ചു. കൂടാതെ ഇതിൽ പൊടി, ജല പ്രതിരോധത്തിനായി IP64 റേറ്റിങ് ഉണ്ട് എന്നതും ഉറപ്പിക്കപ്പെട്ടിരിക്കുന്നു.
ടീസറുകളിലൂടെ റിയൽമി സി83 5ജിയുടെ ഡിസൈൻ സൂചനകളും ലഭ്യമായിട്ടുണ്ട്. പരിചിതമായ ഒരു ലംബ ക്യാമറ ഡെക്കോ ഹൗസിംഗ് ഡ്യുവൽ റിയർ ക്യാമറകൾ ഇതിൽ ഉണ്ടായിരിക്കും. ബ്ലൂമിംഗ് പർപ്പിൾ, സ്പ്രൗട്ടിംഗ് ഗ്രീൻ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് റിയൽമി സി83 5ജി വിപണിയിൽ എത്തുക.

ബജറ്റ് വിലയിലാണ് എത്തുന്നത് എങ്കിലും ഈടിന്റെ കാര്യത്തിലും ഭയക്കേണ്ടതില്ല, MIL-STD 810H മിലിട്ടറി-ഗ്രേഡ് ഷോക്ക് റെസിസ്റ്റൻസ് സർട്ടിഫിക്കേഷൻ റിയൽമി സി83 5ജിക്ക് ഉണ്ട്. സ്ക്രീൻ സൈസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, 144Hz റിഫ്രഷ് റേറ്റ് സ്‌ക്രീൻ ആണ് ഇതിൽ ഉണ്ടാകുക എന്ന വിവരവും സ്ഥിരീകരിച്ചിട്ടുണ്ട്.
റിയൽമി C85 5G-യിൽ കണ്ടതുപോലെ 6.8 ഇഞ്ച് HD+ 144Hz LCD സ്‌ക്രീൻ റിയൽമി സി83 5ജിയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. (2025 നവംബറിൽ സി സീരീസിൽ അവതരിപ്പിക്കപ്പെട്ട മോഡലാണ് സി85 5ജി. റിയൽമി സി85 5ജിയുടെ 4GB+128GB അടിസ്ഥാന മോഡലിന് 15,499 രൂപയും 6GB+128GB മോഡലിന് 16,999 രൂപയുമായിരുന്നു ലോഞ്ച് സമയത്തെ വില).
സ്മാർട്ട്ഫോണുകൾക്ക് ഈ വർഷം പൊതുവിൽ വില വർധിച്ചതിനാൽ മുൻഗാമിയായ സി73 5ജിയെക്കാൾ അൽപ്പം ഉയർന്ന വിലയിലാകും സി83 5ജി എത്തുക എന്ന് പ്രതീക്ഷിക്കുന്നു. റിയൽമി C73 5G യുടെ 4GB + 64GB അടിസ്ഥാന വേരിയന്റിന് 10,499 രൂപയും 4GB + 128GB വേരിയന്റിന് 11,499 രൂപയുമായിരുന്നു ലോഞ്ച് വില.

സ്മാർട്ട്ഫോൺ വില വർധനയെ തുടർന്ന് സി73 5ജിയുടെ ഉൾപ്പെടെ വില വർധിച്ചു. നിലവിൽ സി73 5ജി അടിസ്ഥാന മോഡലിന് ഔദ്യോഗിക വെബ്സൈറ്റിൽ 11999 രൂപയാണ് വില. അതിനാൽ പുതിയ സി83 5ജി ഇതിനെക്കാൾ അൽപ്പം ഉയർന്ന വിലയിൽ എത്തിയേക്കാം. മാർച്ച് 7ലെ ലോഞ്ചിന് ശേഷം ഫ്ലിപ്കാർട്ട്, റിയൽമി ഓൺലൈൻ സ്റ്റോർ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി റിയൽമി C83 5G വിൽപ്പനയ്ക്ക് എത്തും.


Click it and Unblock the Notifications








