വിരൽ കാട്ടിയാൽ പലതും ചെയ്യും! റിയൽമി ജിടി 5 പ്രോ എത്തി; വൺപ്ലസ് 12 നും ഐക്യൂ 12 നും കനത്ത വെല്ലുവിളി
ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റുമായി എത്തിയ വൺപ്ലസ് 12, ഐക്യൂ 12 ഉൾപ്പെടെയുള്ള സ്മാർട്ട്ഫോണുകൾക്ക് വെല്ലുവിളി ഉയർത്തി റിയൽമി ജിടി 5 പ്രോ (Realme GT5 Pro) ചൈനയിൽ ലോഞ്ച് ചെയ്തു. ഇനി ശക്തന്മാരുടെ പോരാട്ടത്തിന് റിയൽമിയുടെ ഈ പ്രീമിയം സ്മാർട്ട്ഫോണുമുണ്ടാകും.
കഴിഞ്ഞ വർഷത്തെ റിയൽമി ജിടി 2 പ്രോയ്ക്ക് ശേഷം റിയൽമി പ്രോ ഫ്ലാഗ്ഷിപ്പ് ഫോണുകളൊന്നും അവതരിപ്പിച്ചിട്ടില്ല. ഇപ്പോൾ റിയൽമി ജിടി 5 പ്രോയിലൂടെ ആ കഥ കമ്പനി മാറ്റിയെഴുതിയിരിക്കുന്നു. സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റ് ആണ് ഈ പ്രീമിയം സ്മാർട്ട്ഫോണിന്റെയും പ്രധാന ആകർഷണം.

പ്രമുഖ ബ്രാൻഡുകളെല്ലാം സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റിൽ ഒരു പ്രീമിയം സ്മാർട്ട്ഫോൺ ഇറക്കാൻ മത്സരിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്. ഷവോമിയും ഐക്യൂവും വൺപ്ലസുമെല്ലാം ആ മത്സരത്തിൽ ഇതിനകം ചേർന്നുകഴിഞ്ഞു. ഇപ്പോൾ റിയൽമിയും ഈ നിരയിലേക്ക് എത്തിയിരിക്കുന്നു. അതേസമയം എപ്പോഴാണ് ഈ ഫോൺ റിയൽമി ഇന്ത്യയിൽ അവതരിപ്പിക്കുക എന്ന് വ്യക്തമായിട്ടില്ല.
എതിരാളികളെ നേരിടാൻ കരുത്തൻ ഫീച്ചറുകൾ ഒട്ടും കുറയ്ക്കാതെയാണ് ഈ പ്രീമിയം പ്രോ മോഡലിന്റെയും വരവ്. ഇതിലെ ഫീച്ചറുകൾക്ക് വൺപ്ലസ് 12 ന്റെ ഫീച്ചറുകളുമായി ചില സാമ്യങ്ങൾ കാണാം. എന്നാൽ ചില ഫീച്ചറുകൾ വ്യത്യസ്തവുമാണ്. 100W വയർഡ് ചാർജിംഗുള്ള 5,400mAh ബാറ്ററി, 50W വയർലെസ് ചാർജിംഗ് തുടങ്ങി നിരവധി ഫീച്ചറുകളുമായാണ് റിയൽമി ജിടി 5 പ്രോയെത്തുന്നത്.

റിയൽമി ജിടി5 പ്രോയുടെ പ്രധാന പ്രത്യേകതകൾ: 144Hz റിഫ്രഷ് റേറ്റ് സഹിതം, 6.78 ഇഞ്ച് 1.5K BOE X1 AMOLED ഡിസ്പ്ലേയാണ് ഇതിലുള്ളത്. പരമാവധി 4,500 നിറ്റ്സ് ബ്രൈറ്റ്നസ് ഈ OLED സ്‌ക്രീനിനുണ്ട്. മാനുവൽ അഡ്ജസ്റ്റ്‌മെന്റുകൾ വഴി സ്‌ക്രീനിന് 1,000 നിറ്റ് ബ്രൈറ്റ്നസും 1,600 നിറ്റ് ഗ്ലോബർ മാക്സിമം ബ്രൈറ്റ്നസിലും എത്താൻ കഴിയുമെന്ന് റിയൽമി പറയുന്നു.
16GB വരെ LPDDR5X റാമും 1TB വരെ UFS 4.0 സ്റ്റോറേജും ജിടി5 പ്രോയിലുണ്ട്. GPU+CPU ഡ്യുവൽ ഷെഡ്യൂളിംഗ് ആദ്യമായി പ്രവർത്തനക്ഷമമാക്കുന്ന ഗീക്ക് പെർഫോമൻസ് പാനൽ 2.0 ആണ് മറ്റൊരു ഫീച്ചർ. ആൻഡ്രോയിഡ് 14- അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. മൂന്ന് പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ പാച്ചുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.
വൺപ്ലസ് 12 ന്റേതിന് സമാനമായ ക്യാമറ സജ്ജീകരണങ്ങളാണ് ഈ ഫോണിലും കാണാൻ കഴിയുക. 50MP LYT-808 പ്രധാന ക്യാമറയും ഒരു മിഡിൽ 8MP അൾട്രാവൈഡ് ലെൻസും (IMX355) നൽകിയിരിക്കുന്നു. ഇതോടൊപ്പം IMX890 സെൻസർ ഉപയോഗിച്ച് 50MP 3x പെരിസ്കോപ്പ് ക്യാമറയും റിയൽമി ജിടി 5 പ്രോ വാഗ്ദാനം ചെയ്യുന്നു.

സൂമിങ് ശേഷി വർധിപ്പിച്ചുകൊണ്ടാണ് ജിടി 5 പ്രോയുടെ വരവ് എന്ന് ഈ ഫീച്ചറുകൾ വ്യക്തമാക്കുന്നു. സെൽഫീക്കും വീഡിയോകോളുകൾക്കുമായി 32 എംപി ഫ്രണ്ട് ക്യാമറയും ഈ റിയൽമി പ്രീമിയം സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നു. പാം അൺലോക്ക് ഫീച്ചറാണ് ജിടി 5 പ്രോയുടെ മറ്റൊരു സവിശേഷത.
ജിടി 5 പ്രോയുടെ ഡിസ്‌പ്ലേ ഓഫായിരിക്കുമ്പോൾ, സ്‌ക്രീൻ ഓണാക്കാനും വേഗത്തിൽ അൺലോക്കുചെയ്യാനും നിങ്ങളുടെ കൈപ്പത്തി നിവർത്തി സ്‌ക്രീനിനടുത്ത് കൊണ്ടുവന്നാൽ മതിയെന്ന് റിയൽമി പറയുന്നു. കൈ ആംഗ്യങ്ങൾ തിരിച്ചറിയുന്നതിന് ഇതിൽ ഒരു പ്രതേക സെൻസർ നൽകിയിട്ടുണ്ട് എന്നാണ് റിയൽമി വെളിപ്പെടുത്തുന്നത്. കൈകൊണ്ട് വായുവിൽ ആംഗ്യങ്ങൾ കാണിച്ച് നിയന്ത്രിക്കാൻ സാധിക്കുന്ന ഫീച്ചർ ആരെയും ആകർഷിക്കും.
ഇതിനായി എഐ ജെസ്റ്റർ കൺട്രോൾ സിസ്റ്റം റിയൽമി അവതരിപ്പിക്കുന്നു. 12 ആംഗ്യങ്ങളിലൂടെ ജിടി 5 പ്രോ പ്രവർത്തിപ്പിക്കാം എന്നാണ് റിയൽമി പറയുന്നത്. ലാറ്ററൽ സ്വൈപ്പ്, ഓൺ- സ്‌ക്രീൻ കഴ്‌സർ നീക്കാൻ ചൂണ്ടുവിരൽ, ഹോമിലേക്ക് എത്താൻ കൈ ഫ്ലിപ്പുചെയ്യൽ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

100W ഫ്ലാഷ് ചാർജിംഗിനൊപ്പം 5400 mAh ബാറ്ററിയും 50W വയർലെസ് ഫ്ലാഷ് ചാർജിംഗും ജിടി 5 പ്രോയിലുണ്ട്. ഇത് വയർഡിൽ 12 മിനിറ്റിനുള്ളിൽ 50% ചാർജ് വാഗ്ദാനം ചെയ്യുന്നു, 1600 ചാർജിംഗ് സൈക്കിളുകൾക്ക് ശേഷവും 80% ബാറ്ററി ഹെൽത്ത് റിയൽമി ഉറപ്പ് നൽകുന്നു.
ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി പോർട്ട്, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, 5G SA/NSA, ഡ്യുവൽ 4G VoLTE, വൈഫൈ 7 802.11 be, ബ്ലൂടൂത്ത് 5.4, GPS (L1+L5 ഡ്യുവൽ ബാൻഡ്), ഡ്യുവൽ സിം (നാനോ + നാനോ) തുടങ്ങി നിരവധി ഫീച്ചറുകളും ഉണ്ട്.
റിയൽമി ജിടി5 പ്രോയുടെ 12GB+256GB വേരിയന്റിന് 3399 യുവാൻ (ഏകദേശം 39,860 രൂപ) ആണ് വില. അതേപോലെ, 16GB+256GB വേരിയന്റിന് 3699 യുവാനും (ഏകദേശം 43,380 രൂപ), 16GB+512GB വേരിയന്റിന് 3999 യുവാനും (ഏകദേശം 46,910 രൂപ), 16GB+1TB വേരിയന്റിന് 4299 യുവാൻ (ഏകദേശം 50,430 രൂപ) വില നിശ്ചയിച്ചിരിക്കുന്നു.


Click it and Unblock the Notifications








