വായിൽ ഡിസ്കൗണ്ടുമായി ജനിച്ച അതിശക്തൻ! റിയൽമി GT 6 ലോഞ്ച് ചെയ്തു
റിയൽമി ജിടി 6T എന്ന നല്ലൊരു സ്മാർട്ട്ഫോൺ കഴിഞ്ഞ മാസം അവസാനത്തോടെ റിയൽമി ഇന്ത്യയിൽ അവതരിപ്പിച്ചു. ഇപ്പോൾ ഏതാണ്ട് ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം, റിയൽമി ജിടി 6 (Realme GT 6) എന്ന മറ്റൊരു ജിടി സീരീസ് ഫോൺ കൂടി റിയൽമി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നു. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്സെറ്റ്, 120W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജറുള്ള 5,500mAh ബാറ്ററി തുടങ്ങി മികച്ച ഫീച്ചറുകളുമായിട്ടാണ് റിയൽമി ജിടി 6 ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ മാസം ചൈനയിൽ അവതരിപ്പിച്ച റിയൽമി ജിടി നിയോ 6 ൻ്റെ റീബ്രാൻഡ് മോഡലാണ് റിയൽമി ജിടി 6. റിയൽമി GT നിയോ 6ൽ നിന്ന് റിയൽമി GT 6നെ വ്യത്യസ്തമാക്കുന്നത് ഇതിലെ എഐ ഫീച്ചറുകളുടെ സാന്നിധ്യമാണ്. ഒരുപാട് പുതിയ എഐ ഫീച്ചറുകളുമായിട്ടാണ് റിയൽമി GT 6 എത്തിയിരിക്കുന്നത്.

ഫ്ലാഗ്ഷിപ്പ് കില്ലർ എന്നാണ് ജിടി 6നെ റിയൽമി വിശേഷിപ്പിക്കുന്നത്. കാരണം പ്രീമിയം ഗ്രേഡ് ഫീച്ചറുകൾ തന്നെ റിയൽമി ജിടി 6 വാഗ്ദാനം ചെയ്യുന്നു. കമ്പനിയുടെ സ്വന്തം എഐ ഫീച്ചറുകൾ അവതരിപ്പിക്കുന്ന ആദ്യത്തെ സ്മാർട്ട്ഫോൺ എന്നത് റിയൽമി ജിടി 6ന്റെ പ്രാധാന്യം വർധിപ്പിച്ചിട്ടുണ്ട്.
AI സ്മാർട്ട് ലൂപ്പ്, AI നൈറ്റ് വിഷൻ, AI സ്മാർട്ട് റിമൂവൽ, AI സ്മാർട്ട് സെർച്ച് തുടങ്ങി എഐയുമായി ബന്ധപ്പെട്ട നിരവധി ഫീച്ചറുകൾ ഇതിലുണ്ട്. ടെക്‌സ്‌റ്റും സംഗ്രഹവും സൃഷ്‌ടിക്കാൻ AI സ്‌മാർട്ട് ലൂപ്പ് ഉപയോഗിക്കാം. AI നൈറ്റ് വിഷൻ നൈറ്റ് ഫോട്ടോഗ്രാഫി മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു, AI സ്മാർട്ട് റിമൂവൽ ചിത്രങ്ങളിൽ നിന്ന് അനാവശ്യ വസ്തുക്കൾ നീക്കംചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കും.
റിയൽമി GT 6ന്റെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് 1.5K റെസല്യൂഷൻ (2780x 1264 പിക്സലുകൾ) AMOLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 360Hz DCI-ടച്ച് P3 കളർ ഗാമറ്റ്, 6000 nits പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്‌സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.
8GB+ 256GB, 12GB+ 256GB, 16GB+ 512GB എന്നിങ്ങനെ മൂന്ന് വ്യത്യസ്ത റാം+ ഇന്റേണൽ സ്റ്റോറേജ് കൂട്ടുകെട്ടുകളിൽ റിയൽമി ജിടി 6 ലഭ്യമാകും. ആൻഡ്രോയിഡ് 14-ൽ റിയൽമി യുഐ 5.0 ഒഎസിൽ ആണ് ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനം. നാല് വർഷത്തെ ആൻഡ്രോയിഡ് അപ്ഡേറ്റും 4 വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും റിയൽമി ഈ സ്മാർട്ട്ഫോണിന് വാഗ്ദാനം ചെയ്യുന്നുണ്ട്.
ക്യാമറ ഡിപ്പാർട്ട് മെന്റിലേക്ക് വന്നാൽ, ഒഐഎസ് പിന്തുണയും Sony LYT 808 സെൻസറുമുള്ള 50MP മെയിൻ ക്യാമറയും 8MP അൾട്രാ വൈഡ് ക്യാമറയും 50MP 2x ടെലിഫോട്ടോ ക്യാമറയും അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. ഫ്രണ്ടിൽ സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 32MP സെൻസറും നൽകിയിട്ടുണ്ട്. എടുക്കുന്ന ചിത്രങ്ങൾ ഏറ്റവും മികച്ചതാക്കാൻ ഒട്ടനവധി എഐ ഫീച്ചറുകളും ഇതോടൊപ്പം എത്തുന്നു.

ദീർഘനേരമുള്ള ഉപയോഗത്തിന് പിന്തുണ നൽകാൻ ലക്ഷ്യമിട്ട് 5500mAh ഡ്യുവൽ-സെൽ ബാറ്ററിയാണ് റിയൽമി ജിടി 6ൽ നൽകിയിരിക്കുന്നത്. ഇതിന് പിന്തുണയുമായി 120W SUPERVOOC ചാർജറും എത്തുന്നു. ഡ്യുവൽ VC കൂളിംഗ് സിസ്റ്റം അടക്കമുള്ള ഫീച്ചറുകൾ ഈ സ്മാർട്ട്ഫോണിനെ കൂടുതൽ ശക്തനാക്കി മാറ്റുന്നു. പൊടി, ജലം എന്നിവയെ പ്രതിരോധിക്കുന്നതിനായി IP65 റേറ്റിങ്ങും ഇതിലുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G, ഡ്യുവൽ 4G LTE, Wi-Fi 6 എന്നിവ ഉൾപ്പെടുന്നു.
ആഗോള തലത്തിൽ റിയൽമി ജിടി 6ന്റെ 8GB+ 256GB അടിസ്ഥാന മോഡലിന് 549 യൂറോയും(ഏകദേശം 49248 രൂപ), 12GB+ 256GB വേരിയന്റിന് 599 യൂറോയും (ഏകദേശം 53732 രൂപ), 16GB+ 512GB വേരിയന്റിന് 699 യൂറോയും (ഏകദേശം 62,698 രൂപ) ആണ് വില. ഇന്ത്യയിൽ 8GB + 256GB മോഡലിന് 40,999 രൂപയും 12GB + 256GB മോഡലിന് 42,999 രൂപയും, ടോപ്പ് എൻഡ് 16GB + 512GB മോഡലിന് 44,999 രൂപയും ആണ് വില.

ഇന്ന് ഉച്ചയ്ക്ക് 2.30 മുതൽ ജൂൺ 24 വരെ റിയൽമി ജിടി 6 പ്രീ ബുക്ക് ചെയ്യാം. തുടർന്ന് realme.com, ഫ്ലിപ്പ്കാർട്ട്, പാർട്നർ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോൺ വാങ്ങാം. ആകർഷകമായ ലോഞ്ച് ഓഫറുകളുമായിട്ടാണ് റിയൽമി ജിടി 6 എത്തിയിരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. 25 മുതലാണ് റിയൽമി ജിടി 6ന്റെ ഓപ്പൺ സെയിൽ ആരംഭിക്കുക.
റിയൽമി ജിടി 6ന്റെ 8GB+ 256GB, 16GB+ 512GB വേരിയന്റുകൾക്ക് 4000 രൂപയുടെയും 12GB+ 256GB വേരിയന്റിന് 3000 രൂപയുടെയും ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. റിയൽമിയുടെ ഔദ്യോഗിക സ്റ്റോറിലും ഫ്ലിപ്പ്കാർട്ടിലുമാണ് ഈ ഡിസ്കൗണ്ട് ലഭിക്കുക. ഇത് കൂടാതെ 12 മാസം വരെ നോ കോസ്റ്റ് ഇഎംഐ ഓഫറും എക്സ്ചേഞ്ച് ഓഫറുകളും ഉണ്ട്.


Click it and Unblock the Notifications








