65W ഫാസ്റ്റ് ചാർജിംഗും, 4500 എംഎഎച്ച് ബാറ്ററിയുള്ള റിയൽമി ജിടി നിയോ ഫ്ലാഷ് ഉടൻ അവതരിപ്പിക്കും
യഥാർത്ഥ റിയൽമി ജിടിയുടെ വിലകുറഞ്ഞ എഡിഷനായി റിയൽമി ജിടി നിയോ 5 ജി സ്മാർട്ട്‌ഫോൺ മാർച്ചിൽ ചൈനയിൽ അവതരിപ്പിച്ചു. റിയൽമി ജിടി നിയോ ഫ്ലാഷ് എന്ന് വിളിക്കപ്പെടുന്ന റിയൽമി ജിടി നിയോയുടെ പുതിയ എഡിഷനും ബ്രാൻഡ് ഒരുക്കുന്നു. ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ വഴിയാണ് ഈ പുതിയ ചോർച്ച ലഭിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ഈ സ്മാർട്ട്‌ഫോണിൻറെ ചാർജിംഗ് വേഗത, ബാറ്ററി എന്നിവയുടെ ഏതാനും വിശദാംശങ്ങൾ ഈ ലീക്കിൽ നിന്നും ലഭിച്ചു.

റിയൽമി ജിടി നിയോ ഫ്ലാഷ് സ്മാർട്ഫോണിൽ നിന്നും എന്തെല്ലാം പ്രതീക്ഷിക്കാം?
ചോർച്ച അനുസരിച്ച്, റിയൽമി ജിടി നിയോ ഫ്ലാഷ് 4,500 എംഎഎച്ച് ഡ്യുവൽ സെൽ ബാറ്ററിയും സ്റ്റാൻഡേർഡ് മോഡലിന് 4,500 എംഎഎച്ച് സിംഗിൾ സെൽ ബാറ്ററിയുമായി വരുന്നു. കൂടാതെ, വരാനിരിക്കുന്ന സ്മാർട്ട്‌ഫോൺ റിയൽമി ജിടി നിയോയിൽ 50W ചാർജിംഗിന് പകരം 65W ഫാസ്റ്റ് ചാർജിംഗ് നൽകുമെന്ന് പറയപ്പെടുന്നു. കൂടുതൽ സവിശേഷതകൾ ഇപ്പോഴും പൂർണമായി വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ഈ സ്മാർട്ട്ഫോണിൻറെ മറ്റ് സവിശേഷതകൾ യഥാർത്ഥ റിയൽമി ജിടി നിയോയ്ക്ക് ലഭിച്ചിരിക്കുന്നതിന് തുല്യമായിരിക്കുമെന്ന് പറയുന്നു.

ഇത് ശരിയാണെങ്കിൽ, 6.43 ഇഞ്ച് എഫ്എച്ച്ഡി + അമോലെഡ് ഡിസ്പ്ലേയും 120 ഹെർട്സ് റിഫ്രഷ് റേറ്റുമായി റിയൽമി ജിടി നിയോ ഫ്ലാഷ് സ്മാർട്ഫോൺ അവതരിപ്പിക്കും. 12 ജിബി വരെ എൽപിഡിഡിആർ 5 റാമും 256 ജിബി ഓൺബോർഡ് സ്റ്റോറേജുമായി ജോടിയാക്കുന്ന ഇതിന് മികച്ച കരുത്ത് നൽകുന്നത് മീഡിയടെക് ഡൈമെൻസിറ്റി 1200 SoC പ്രോസസറായിരിക്കും. 64 എംപി പ്രൈമറി സെൻസർ, 8 എംപി വൈഡ് ആംഗിൾ ലെൻസ്, 2 എംപി ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ മൊഡ്യൂളുമായി റിയൽമി ജിടി നിയോ ഫ്ലാഷ് വിപണിയിൽ വരുന്നു. ഈ ഹാൻഡ്‌സെറ്റിന് 16 എംപി സെൻസർ ഒരു പഞ്ച്-ഹോൾ കട്ടഔട്ടിൽ ലഭിക്കും.

ആൻഡ്രോയിഡ് 11 അധിഷ്‌ഠിത റിയൽമി യുഐ 2.0 കസ്റ്റമൈസ്ഡ് സ്‌കിൻ പ്ലാറ്റ്ഫോമിൽ ഇത് പ്രവർത്തിക്കും. കൂടാതെ, 5 ജി, 4 ജി എൽടിഇ, ബ്ലൂടൂത്ത് 5.1, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റിയെ സപ്പോർറ്റ് ചെയ്യും. കൂടാതെ, ജിടി മോഡ്, വിസി കൂളിംഗ് ടെക്നോളജി എന്നിവയും റിയൽമി ജിടി നിയോ ഫ്ലാഷ് സ്മാർട്ഫോണിലുണ്ടാകും.

റിയൽമി ജിടി നിയോ ഫ്ലാഷ് സ്മാർട്ഫോണിന് ലഭിച്ചേക്കാവുന്ന വില
റിയൽമി ജിടി നിയോ ഫ്ലാഷ് എപ്പോൾ ലഭ്യമാകുമെന്ന് ബ്രാൻഡ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 65W ഫാസ്റ്റ് ചാർജിംഗുള്ള 4,500 എംഎഎച്ച് ഡ്യുവൽ സെൽ ബാറ്ററിയുമായി റിയൽമി ജിടി നിയോ ഫ്ലാഷ് യഥാർത്ഥ റിയൽമി ജിടി നിയോയുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരുപക്ഷെ ഉയർന്ന വില നൽകിയേക്കും. ബേസിക് 6 ജിബി റാമിനും 128 ജിബി സ്റ്റോറേജ് വേരിയന്റിനും റിയൽമി ജിടി നിയോ സിഎൻവൈ 1,799 (ഏകദേശം 20,000 രൂപ) മുതൽ വില ആരംഭിക്കുന്നു. ഏതെങ്കിലും ഔദ്യോഗിക വിവരങ്ങൾ പുറത്തുവരുന്നതുവരെ ഇത് പൂർണമായി വിശ്വസിക്കുവാൻ സാധ്യമല്ല. നിലവിൽ, വരാനിരിക്കുന്ന റിയൽമി ജിടി നിയോ ഫ്ലാഷ് ഇന്ത്യയിൽ എത്തുമോ ഇല്ലയോ എന്ന കാര്യം തീർച്ചയായി പറയാൻ കഴിയില്ല. ജിടി നിയോ സ്മാർട്ട്‌ഫോൺ റിയൽമി എക്‌സ് 7 മാക്‌സായി ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി പറയുന്നതിനാൽ ഈ വേരിയന്റ് ചൈനീസ് വിപണിയിൽ മാത്രമായിരിക്കും വരിക. റിയൽമി ടിവിക്കൊപ്പം മെയ് 4 ന് ഈ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യുവാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും കോവിഡ് കാരണം മാറ്റി വെക്കുകയായിരുന്നു.


Click it and Unblock the Notifications








