7000mAh ബാറ്ററിയും 100W ഫാസ്റ്റ് ചാർജിങ്ങും; റിയൽമി GT7 ടോപ് ലെവൽ സംഭവം
റിയൽമി തങ്ങളുടെ ജിടി സീരീസിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി അവതരിപ്പിക്കാൻ തയാറെടുത്തിരിക്കുന്നു. കഴിഞ്ഞ വർഷത്തെ ജിടി 6ന്റെ പിൻഗാമിയായി ഏറ്റവും പുതിയ റിയൽമി ജിടി 7 (realme GT7) ആണ് ഉടൻ അവതരിപ്പിക്കാൻ പോകുന്നത്. ഏപ്രിലിൽ തന്നെ ഈ ഫോണിന്റെ ലോഞ്ച് ഉണ്ടാകും എന്നാണ് റിപ്പോർട്ട്. എന്നാൽ ലോഞ്ചിന് മുൻപ് തന്നെ ഇതിലെ പല പ്രധാന ഫീച്ചറുകളും കമ്പനി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് ചിലത് ലീക്ക് റിപ്പോർട്ടുകളായി പുറത്തുവന്നിട്ടുമുണ്ട്. ഇതിന്റെ ചിപ്സെറ്റ് അടക്കമുള്ള വിവരങ്ങൾ കമ്പനി സ്ഥിരീകരിച്ചിരുന്നു.
റിയൽമി ജിടി7 സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന ഏറ്റവും പുതിയ അപ്ഡേറ്റ് ബാറ്ററിയും ഫാസ്റ്റ് ചാർജിങ്ങും സംബന്ധിച്ചുള്ളതാണ്. അടുത്തിടെയായി കൂടുതൽ ബാറ്ററി ശേഷിയുള്ള ഫോണുകൾ ഇറക്കാൻ കമ്പനികൾ ശ്രമിക്കുന്നുണ്ട്. അത്തരമൊരു നീക്കത്തിന്റെ ഭാഗമായി 7000mAh ബാറ്ററിയുമായിട്ടാണ് റിയൽമി ജിടി 7 എത്തുന്നത്. ഇക്കാര്യം റിയൽമി ചൈന വൈസ് പ്രസിഡന്റ് തന്നെ സ്ഥിരീകരിച്ചതായി വിവിധ റിപ്പോർട്ടുകൾ ഉണ്ട്.

7000mAh ബാറ്ററിയോടൊപ്പം 100 വാട്ട്സ് ഫാസ്റ്റ് ചാർജിംഗും റിയൽമി ജിടി7ൽ നൽകുമെന്നാണ് റിയൽമി വൈസ് പ്രസിഡന്റ് വെളിപ്പെടുത്തിയിരിക്കുന്നത്. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത് ആകർഷകമാണ്. അതേസമയം റിയൽമിയുടെ എതിരാളികൾക്ക് ഇത് കടുത്ത വെല്ലുവിളി ഉയർത്തുന്നു. റിയൽമി ജിടി സീരീസ് ഫോണുകൾ എപ്പോഴും കരുത്തിന്റെ പര്യായമായിട്ടാണ് കമ്പനി അവതരിപ്പിക്കാറുള്ളത്.
ഏറ്റവും പ്രീമിയം മോഡൽ എന്ന് പറയാനാകില്ലെങ്കിലും ടോപ് ലെവൽ ഫീച്ചറുകൾ തന്നെ ഈ റിയൽമി ജിടി 7ൽ സജ്ജീകരിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 9400+ ചിപ്സെറ്റ് കരുത്തിലാണ് റിയൽമി ജിടി 7 എത്തുക എന്ന് നേരത്തെ കമ്പനി സ്ഥിരീകരിച്ചിരുന്നു.
മീഡിയടെക് ഡൈമെൻസിറ്റി 9400+ SoC കരുത്തിൽ എത്തുന്ന ആദ്യ ബാച്ച് ഫോണുകളിൽ ഒന്നാണ് റിയൽമി GT 7 എന്നാണ് റിയൽമി അറിയിച്ചത്. OPPO X8s സീരീസ്, vivo X200s എന്നിവ ഡൈമെൻസിറ്റി 9400+ ചിപ്പ് കരുത്തിലാണ് എത്തുന്നത് എന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. അതിന് ശേഷമാണ് റിയൽമി ജിടി 7 സ്മാർട്ട്ഫോണിലും ഈ ചിപ്സെറ്റ് തന്നെയാണ് എന്ന് റിയൽമി സ്ഥിരീകരിച്ചത്.
ടോപ്പ് ലെവൽ ചിപ്പുകൾ ടോപ്പ് ലെവൽ ട്യൂണിംഗുമായി ജോടിയാക്കണം. 3nm ന്റെ ശക്തമായ പെർഫോമൻസ് ഉപയോഗ സാഹചര്യവുമായി കൃത്യമായി പൊരുത്തപ്പെടുന്നതിന്, ഇത്തവണ GT പെർഫോമൻസ് എഞ്ചിൻ 2.0 അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ പെർഫോമൻസ് കില്ലർ റിയൽമി ജിടി7ൽ ഉപയോഗിച്ചിട്ടുണ്ടെന്ന് റിയൽമി പറഞ്ഞു.
AI ടൂളുകളും ഡീപ്‌സീക്കും തരംഗമുയർത്തുന്ന ഈ സാഹചര്യത്തിൽ, 3nm ഡൈമെൻസിറ്റി 9400+ ചിപ്പ് കരുത്തിൽ എത്തുന്ന റിയൽമി GT7 ഉപയോക്താക്കൾക്ക് മികച്ച എഐ എക്സ്പീരിയൻസ് വാഗ്ദാനം ചെയ്യുമെന്ന് റിയൽമി വൈസ് പ്രസിഡന്റ് ചേസ് സു പറഞ്ഞു. മികച്ച കൂളിംഗ് സൊല്യൂഷനുകൾ, പ്രമുഖ എൻഡുറൻസ് കോമ്പിനേഷനുകൾ, അൾട്രാ-ഹൈ ഫ്രെയിം റേറ്റ് സ്റ്റെബിലൈസേഷൻ, മറ്റ് സമഗ്രമായ കൂട്ടിച്ചേർക്കലുകൾ എന്നിവയും ഇതിലുണ്ടാകുമെന്ന് ചേസ് പറഞ്ഞു.

സ്ഥിരീകരിച്ച ഫീച്ചറുകൾ കൂടാതെ ചില ലീക്ക് റിപ്പോർട്ടുകളും റിയൽമി ജിടി7 മോഡലിനെ സംബന്ധിച്ച വിവരങ്ങൾ നൽകുന്നുണ്ട്. അൾട്രാ-നാരോ ബെസലുകൾ, പ്ലാസ്റ്റിക് മിഡിൽ ഫ്രെയിം, അൾട്രാസോണിക് ഫിംഗർപ്രിന്റ് സ്കാനർ, IP69 വാട്ടർപ്രൂഫ് റേറ്റിംഗുകൾ, 8.3mm-ൽ താഴെ കനം, 205g-ൽ താഴെ ഭാരം, 144Hz BOE സ്ക്രീൻ എന്നിവ ഇതിലുണ്ടാകുമെന്ന് ടിപ്സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ വെളിപ്പെടുത്തിയിരുന്നു.
ഈ കരുത്തൻ ഫോണിന്റെ ലോഞ്ച് തിയതി ഇതുവരെ റിയൽമി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഏത് സമയവും അത് പ്രതീക്ഷിക്കാം. ഏപ്രിലിൽ തന്നെ റിയൽമി ജിടി7 ലോഞ്ച് ചൈനയിൽ നടക്കും എന്നത് ഉറപ്പായിട്ടുണ്ട്. റിയൽമി ജിടി7 സീരീസിൽ ജിടി7 പ്രോ ഇതിനകം തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടുണ്ട്. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് സഹിതം ഇന്ത്യയിൽ എത്തിയ ആദ്യ സ്മാർട്ട്ഫോൺ ആണ് റിയൽമി ജിടി7 പ്രോ.


Click it and Unblock the Notifications








