വരുന്നത് സാക്ഷാൽ റിയൽമി GT 8 പ്രോയ്ക്ക് ഒപ്പം! ലാവ അഗ്നി 4: വില മിഡ്റേഞ്ച് എങ്കിലും ഡിസൈൻ പ്രീമിയം
ഈ വരുന്ന നവംബർ 20ന് ഇന്ത്യയിൽ രണ്ട് സ്മാർട്ട്ഫോണുകളാണ് ലോഞ്ച് ചെയ്യുന്നത്. ഒന്ന് റിയൽമിയുടെ ഇതുവരെയുള്ളതിൽ ഏറ്റവും കരുത്തൻ സ്മാർട്ട്ഫോൺ എന്ന വിശേഷണത്തോടെ നിരവധി പുത്തൻ ഫീച്ചറുകളുമായി റിയൽമി ജിടി 8 പ്രോ. ഇതോടൊപ്പം തന്നെ അതേ ദിവസം ഒരു ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡും തങ്ങളുടെ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യുന്നുണ്ട്, ലാവയുടെ അഗ്നി 4 (Lava Agni 4) ആണ് ആ മോഡൽ. ഈ റിയൽമി സ്മാർട്ട്ഫോണും ലാവ സ്മാർട്ട്ഫോണും രണ്ട് സെഗ്മെന്റുകളിൽ എത്തുന്ന മോഡലുകളാണ്. അതിൽ ജിടി 8 പ്രോ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ആണ്. ലാവയുടേത് മിഡ്റേഞ്ച് ഫോണും.
സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റ് കരുത്തിൽ എത്തുന്ന ജിടി 8 പ്രോയാകും നവംബർ 20ലെ ശ്രദ്ധാകേന്ദ്രമെന്ന് പൊതുവിൽ കരുതപ്പെടുന്നു, പക്ഷേ ഏകപക്ഷീയമായ ഒരു ആധിപത്യം റിയൽമിക്ക് ലഭിച്ചേക്കില്ല എന്നാണ് തോന്നുന്നത്. കാരണം രണ്ട് മോഡലുകളും തമ്മിൽ വലിയ വ്യത്യാസമുണ്ടെങ്കിലും സ്വന്തം സെഗ്മെന്റിൽ മികച്ച ഫീച്ചറുകളോടെ സാധാരണക്കാരെ ആകർഷിക്കാൻ ലാവ അഗ്നി 4ന് കഴിഞ്ഞേക്കും.

ലോഞ്ചിന് മുന്നോടിയായി ലാവ അഗ്നി 4ന്റെ ഫീച്ചറുകൾ ചിലത് കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടുണ്ട്. അതിൽ ഡിസൈൻ അടക്കമുള്ളവ ഉൾപ്പെടുന്നു. 25000 രൂപയിൽ താഴെ വിലയിലുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിലാണ് ലാവ അഗ്നി 4 എത്തുകയെന്ന് പ്രതീക്ഷിക്കപ്പെടുന്നു, എന്നാൽ സാധാരണയായി 50,000 രൂപയ്ക്ക് മുകളിൽ വിലയുള്ള ഫ്ലാഗ്‌ഷിപ്പിൽ കാണപ്പെടുന്ന ഡിസൈനുമായിട്ടാണ് ഈ ലാവ ഫോൺ എത്തുന്നത്.
കഴിഞ്ഞ വർഷത്തെ ലാവ അഗ്നി മോഡലിന്റെ റിയർ പാനലിൽ ഒരു മിനി സ്ക്രീൻ ഉണ്ടായിരുന്നു. എന്നാലിത്തവണ പിന്നിലെ സ്ക്രീൻ ഒഴിവാക്കിയാണ് അഗ്നി 4 എത്തുന്നത്, പകരം ഇന്റഗ്രേറ്റഡ് എൽഇഡി സ്ട്രൈപ്പുള്ള ഒരു പിൽ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് അഗ്നി 4ന്റെ റിയർ പാനലിന്റെ മുഖ്യ ആകർഷണം.

മെറ്റൽ യൂണിബോഡി ഫ്രെയിമും മാറ്റ് എജി ഗ്ലാസ് ബാക്കും ലാവ അഗ്നി 4ൽ ഉണ്ടാകും. ലാവ അഗ്നി 4 ന്റെ ഡിസ്‌പ്ലേയുടെ അൾട്രാ-സ്ലിം 1.7mm 'ഇക്വിലാറ്ററൽ' ബെസലുകളെ പൂരകമാക്കുമെന്ന് പറയപ്പെടുന്നു. 10-ബിറ്റ് കളർ ഡെപ്ത്, 1.5K+ റെസല്യൂഷൻ, 120Hz റിഫ്രഷ് റേറ്റ്, 2,400 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ് എന്നിവ സഹിതം 6.67 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് ഇതിലുണ്ടാകുക.
ഫാന്റം ബ്ലാക്ക്, ലൂണാർ മിസ്റ്റ് വൈറ്റ് കളർ ഓപ്ഷനുകളിലാണ് ലാവ അഗ്നി 4 എത്തുക. മികച്ച ഡിസൈനിന് പുറമേ മികച്ച ഈടും ഈ ലാവ ഫോൺ വാഗ്ദാനം ചെയ്യും. ആകസ്മികമായ വീഴ്ചകളിൽ നിന്ന് ഓൾ-ആംഗിൾ പ്രൊട്ടക്ഷൻ വാഗ്ദാനം ചെയ്യുന്ന സൂപ്പർ ആന്റി-ഡ്രോപ്പ് ഡയമണ്ട് ഫ്രെയിം സ്ട്രക്ചർ ഈ ഫോണിനുണ്ട്. കൂടാതെ പൊടി, സ്പ്ലാഷ് പ്രതിരോധം എന്നിവയ്ക്കായി IP64 സർട്ടിഫിക്കേഷൻ, കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയും ഇതിലുണ്ട്.
മീഡിയടെക് ഡൈമെൻസിറ്റി 8350 ചിപ്സെറ്റ് കരുത്തിലാണ് ലാവ അഗ്നി 4 എത്തുക. 4300mm² VC ലിക്വിഡ് കൂളിംഗ് സിസ്റ്റം ആൻഡ് ഗെയിം ബൂസ്റ്റർ മോഡ്, 8GB LPDDR5X റാം, 256GB UFS 4.0 സ്റ്റോറേജ് എന്നിവ അഗ്നി 4-ൽ ഉണ്ടാകുമെന്ന് ലാവ സ്ഥിരീകരിച്ചിട്ടുണ്ട്.

ക്യാമറകളുടെ കാര്യമെടുത്താൽ, ഡ്യുവൽ റിയർ സജ്ജീകരണമാണ് ഇതിൽ ഉള്ളത്. അതിൽ 50MP മെയിൻ ക്യാമറയും 8MP അൾട്രാ-വൈഡ് ക്യാമറയും എത്തും. സെൽഫിക്കും മറ്റുമായി പഞ്ച്-ഹോൾ കട്ടൗട്ടിൽ 50MP ഫ്രണ്ട് ക്യാമറ, ഷോർട്ട് പ്രസ്സ്, ഡബിൾ പ്രസ്സ്, ലോംഗ് പ്രസ്സ് എന്നിവയുൾപ്പെടെ 100-ലധികം ഷോർട്ട്കട്ട് കോമ്പിനേഷനുകളുള്ള ആക്ഷൻ കീ എന്നിവയും അഗ്നി 4-ൽ ഉണ്ടാകും.
അഗ്നി 4-ന്റെ ബാറ്ററി ശേഷി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ലീക്ക് റിപ്പോർട്ടുകൾ പറയുന്നത് 7,000mAh ബാറ്ററി ഈ ഫോണിൽ ഉണ്ടായേക്കും എന്നാണ്. കൂടുതൽ ഫീച്ചറുകൾ ലോഞ്ചിനോട് അടുപ്പിച്ച് വരുംദിവസങ്ങളിൽ വ്യക്തമാകും. ലോഞ്ചിന് ശേഷം ആമസോൺ വഴിയും ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും എന്ന വിവരവും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.


Click it and Unblock the Notifications








