F1 റേസിങ് പ്രേമികളേ ഇതിലേ... ഇതിലേ...! റിയൽമി GT8 പ്രോ ആസ്റ്റൺ മാർട്ടിൻ F1 ലിമിറ്റഡ് എഡിഷൻ വരുന്നു
റിയൽമി അടുത്തിടെ ചൈനയിൽ ലോഞ്ച് ചെയ്ത ജിടി 8 സീരീസിലെ പ്രോ മോഡലുമായി ബന്ധപ്പെട്ട് റിയൽമി GT8 പ്രോ ആസ്റ്റൺ മാർട്ടിൻ F1 ലിമിറ്റഡ് എഡിഷൻ (realme GT8 Pro Aston Martin F1 Limited Edition) അവതരിപ്പിക്കാൻ തയാറെടുത്തിരിക്കുന്നു. നവംബർ 10ന് ഈ സ്പെഷൽ എഡിഷൻ ഫോൺ ചൈനയിൽ ലോഞ്ച് ചെയ്യും എന്ന് കമ്പനി അറിയിച്ചു. ഓട്ടോമോട്ടീവ്-പ്രചോദിത സ്മാർട്ട്‌ഫോൺ എഡിഷനുകൾ ഉപഭോക്താക്കൾക്കിടയിൽ ജനപ്രീതി നേടിക്കൊണ്ടിരിക്കുന്ന സമയത്താണ് റിയൽമിയുടെ ഈ പ്രഖ്യാപനം എത്തിയിരിക്കുന്നു. നേരത്തെ ആസ്റ്റൺ മാർട്ടിൻ ഫോർമുല വൺ ടീമുമായി സഹകരിച്ച് GT 7 ഡ്രീം എഡിഷൻ റിയൽമി അവതരിപ്പിച്ചിരുന്നു.
ഡിസൈൻ കാര്യത്തിൽ, റിയൽമി GT 8 പ്രോ കാർ നിർമ്മാതാവിന്റെ F1 ടീം ഉപയോഗിക്കുന്ന ലിവറിക്ക് സമാനമായ ഒരു പുതിയ ആസ്റ്റൺ മാർട്ടിൻ ഗ്രീൻ ഷേഡിൽ എത്തും. ഒരു എയറോഡൈനാമിക് ഫ്ലോ-ലൈൻസ് ഡിസൈൻ ഈ ലിമിറ്റഡ് എഡിഷന് ഉണ്ട്, ഇത് ഗ്രിപ്പിനെ കൂടുതൽ സുഖകരമാക്കുന്നു, വേഗതയെ സൂചിപ്പിക്കുന്ന സിൽവർ വിംഗ്സ് എംബ്ലവും ഈ ഫോണിൽ നൽകും.

റിയൽമി GT 8 പ്രോയുടെ ബാക്ക്‌പ്ലേറ്റിന്റെ മധ്യഭാഗത്താണ് ആസ്റ്റൺ മാർട്ടിൻ അരാംകോ F1 ടീം ലോഗോ സ്ഥാപിക്കുന്നത്. റിയൽമി ജിടി 8 പ്രോയുടെ പ്രത്യേകതകളിലൊന്ന് കസ്റ്റമൈസ് ചെയ്യാവുന്ന മെക്കാനിക്കൽ അസംബ്ലി ഡിസൈൻ ആയിരുന്നു. ആ പ്രത്യേകത ഈ ലിമിറ്റഡ് എഡിഷൻ മോഡലിലും തുടരും. കാർബൺ ഫൈബർ ടെക്സ്ചർ ചെയ്ത ചതുരാകൃതിയിലുള്ള ഡെക്കോ ശൈലി ഇതിലുണ്ടായിരിക്കുമെന്ന് റിയൽമി വ്യക്തമാക്കുന്നു.
കൂടാതെ റിയൽമി GT 8 പ്രോയുടെ അടിസ്ഥാന ക്യാമറ മൊഡ്യൂളിന് പുതിയ ലൈം, ഗ്രീൻ നിറങ്ങൾ ലഭിക്കും. സിൽവർ വിംഗ് കേസും റേസ് കാർ-പ്രചോദിത സിം എജക്റ്റർ പിൻ ഉൾപ്പെടുന്ന ഒരു എക്സ്ക്ലൂസീവ് കളക്ടറുടെ ബോക്സിൽ ഈ ലിമിറ്റഡ് എഡിഷൻ ഫോൺ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഡിസൈനിൽ മാത്രമല്ല, വരാൻ പോകുന്ന സ്പെഷൽ എഡിഷന്റെ യൂസർ ഇന്റർഫേസിലും (UI) റിയൽമി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ F1-തീം ആനിമേഷനുകൾ, വാൾപേപ്പറുകൾ, ഒരു പ്രത്യേക ക്യാമറ വാട്ടർമാർക്ക് എന്നിവ സ്പെഷൽ എഡിഷനിൽ റിയൽമി ചേർത്തിട്ടുണ്ട്. ആസ്റ്റൺ മാർട്ടിനും റിയൽമിയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെടുന്ന ഈ ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമോ എന്ന് ഇപ്പോൾ വ്യക്തമല്ല.
ഈ മാസം തന്നെ ഇന്ത്യയിൽ റിയൽമി GT8 പ്രോ ലോഞ്ച് ചെയ്യാൻ തയാറെടുക്കുന്നതിന്റെ ചില സൂചനകൾ ഇതിനകം ലഭ്യമായിട്ടുണ്ട്. കഴിഞ്ഞ തവണ ആഗോളതലത്തിൽ ലോഞ്ച് ചെയ്ത അതേ ദിവസം തന്നെ GT7 ലിമിറ്റഡ് എഡിഷൻ ഇന്ത്യയിലും ലോഞ്ച് ചെയ്തതിനാൽ പുതിയ ലിമിറ്റഡ് എഡിഷൻ മോഡലും ഇന്ത്യയിൽ പ്രതീക്ഷിക്കാമെന്ന് ചില ഓൺലൈൻ റിപ്പോർട്ടുകൾ പറയുന്നു.
ലുക്കിൽ മാറ്റം വരുമെങ്കിലും ഇതിനകം ലോഞ്ച് ചെയ്യപ്പെട്ട റിയൽമി ജിടി 8 പ്രോയുടെ അതേ ഹാർഡ്വെയർ ഫീച്ചറുകൾ തന്നെയാണ് റിയൽമി GT8 പ്രോ ആസ്റ്റൺ മാർട്ടിൻ F1 ലിമിറ്റഡ് എഡിഷനിലും ഉണ്ടാകുക. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റാണ് ഈ മോഡലിന്റെ കരുത്ത്. ഗെയിമിംഗിനായി പ്രത്യേക R1 ചിപ്പും ഇതിലുണ്ട്.

144Hz റിഫ്രഷ് റേറ്റുള്ള 6.79 ഇഞ്ച് OLED ഡിസ്‌പ്ലേ, 50MP മെയിൻ സെൻസർ, 50MP അൾട്രാവൈഡ്, 200MP പെരിസ്കോപ്പ് ടെലിഫോട്ടോ എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം, 120W വയർഡ്, 50W വയർലെസ് ഫാസ്റ്റ് ചാർജിങ് പിന്തുണ സഹിതം 7,000mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകളും ഈ പ്രോ മോഡലിൽ ഉണ്ട്.


Click it and Unblock the Notifications








