സ്വിച്ചബിൾ ക്യാമറ ബമ്പുള്ള ആദ്യ സ്മാർട്ട്ഫോൺ! ഇന്ത്യയിലെത്തുന്ന GT8 പ്രോ ഡിസൈൻ വിശദീകരിച്ച് റിയൽമി
റിയൽമിയുടെ ജിടി സീരീസിലെ ഏറ്റവും കരുത്തൻ സ്മാർട്ട്ഫോണായി റിയൽമി ജിടി 8 പ്രോ (realme GT 8 Pro) ഇന്ത്യൻ ലോഞ്ചിന് തയാറെടുക്കുകയാണ്. ഇതിനകം ചൈനയിൽ ലോഞ്ച് ചെയ്യപ്പെട്ട ഈ സ്മാർട്ട്ഫോൺ ഉടൻ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് റിയൽമി ഔദ്യോഗികമായി സ്ഥിരീകരിച്ചുകഴിഞ്ഞു. അതുമാത്രമല്ല, ഇന്ത്യൻ ലോഞ്ചിന് മുന്നോടിയായി വരാൻ പോകുന്ന ജിടി 8 പ്രോയുടെ ഡിസൈൻ പ്രത്യേകതകൾ ഇപ്പോൾ കമ്പനി വിശദീകരിച്ചിട്ടുണ്ട്. സ്മാർട്ട്ഫോൺ ഇൻഡ്സ്ട്രിയിലെ സ്വിച്ചബിൾ ക്യാമറ ബമ്പ് ഉള്ള ആദ്യ സ്മാർട്ട്ഫോൺ ആണ് ഇത് എന്ന് റിയൽമി പറയുന്നു.
ഒരു പ്രീമിയം സ്മാർട്ട്ഫോൺ വ്യത്യസ്ത ലുക്കുകളിൽ കൊണ്ടുനടക്കാനുള്ള അവസരം ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു എന്നതാണ് റിയൽമി ജിടി 8 പ്രോയുടെ നീക്കം ചെയ്യാവുന്ന ക്യാമറ ബമ്പുകളുടെ പ്രത്യേകത. റൗണ്ട്, സ്ക്വയർ, റോബോട്ടിക് എന്നീ മൂന്ന് വ്യത്യസ്ത ഡിസൈനുകളിലാണ് ജിടി 8 പ്രോയുടെ സ്വിച്ചബിൾ ക്യാമറ ബമ്പുകൾ എത്തുന്നത്.

ക്യാമറ ബമ്പ് ഇഷ്ടമുള്ളപ്പോൾ മാറ്റാം
ഇതിൽ ഉപയോക്താവിന് ഇഷ്ടമുള്ള ക്യാമറ ബമ്പ് ഇഷ്ടമുള്ളപ്പോൾ സ്വയം മാറ്റി സ്ഥാപിക്കാം. അതിനായി നിലവിലുള്ള ക്യാമറ ബമ്പ് അഴിക്കുക, ലഭ്യമായ ഓപ്ഷനുകളിൽ ഇഷ്ടമുള്ള ഒന്ന് തിരഞ്ഞെടുക്കുക, തുടർന്ന് കൃത്യമായ ഒരു ലോക്ക്-ഇൻ ക്ലിക്കിലൂടെ അത് സുരക്ഷിതമായി സ്ഥാപിക്കുക അത്രമാത്രം. ഇതിലൂടെ ഓരോ തവണയും വ്യത്യസ്ത ലുക്കുകളിൽ ഫോൺ മറ്റുള്ളവർക്ക് മുന്നിൽ പ്രദർശിപ്പിക്കാനാകും.
സാധാരണ പ്രീമിയം മോഡലുകൾ ഒരേ ലുക്കിൽ തന്നെ കാണപ്പെടുമ്പോൾ അതിൽ നിന്ന് തങ്ങളുടെ പ്രീമിയം മോഡലിനെ വേറിട്ട് നിർത്താനാണ് റിയൽമി ഈ നീക്കം ചെയ്യാവുന്ന ക്യാമറ ബമ്പ് ഡിസൈൻ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ന് റൗണ്ട് റിയർ ക്യാമറയുള്ള ഫോൺ ആണെങ്കിൽ നാളെയത് സ്ക്വയർ ഷെയ്പ്പിലും മറ്റൊരുനാൾ റോബോട്ടിക് ലുക്കിലും കാണുന്നത് ഉപയോക്താക്കളിൽ കൗതുകവും ഒപ്പം സന്തോഷവും സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

സ്ട്രീംലൈൻഡ് കർവ് ട്രാൻസിഷനും സുരക്ഷിതമായ ഗ്രിപ്പ് നൽകാൻ ഉദ്ദേശിച്ചുള്ള ഒരു ഡ്യുവൽ 2.5D എഡ്ജ് ഡിസൈനും വരാൻ പോകുന്ന ഈ റിയൽമി ജിടി 8 പ്രോ സ്മാർട്ട്ഫോണിന്റെ പ്രധാന ഡിസൈൻ ഘടകങ്ങളിൽ ഉൾപ്പെടുന്നു. ദീർഘനേരം ഉപയോഗിക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഒരു മാറ്റ് മെറ്റൽ ഫ്രെയിമും വൃത്താകൃതിയിലുള്ള ഫ്ലാറ്റ് സ്ക്രീനും നൽകിയിരിക്കുന്നു.
പേപ്പർ പോലുള്ള ലെതർ ബാക്ക് പാനൽ (അർബൻ ബ്ലൂവിൽ ലഭ്യമാണ്) പുനരുപയോഗം ചെയ്ത പ്ലാസ്റ്റിക്കുകളും തുണിത്തരങ്ങളും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. സ്ലിം ഡിസൈൻ, ഈട് എന്നിവ നിലനിർത്തിക്കൊണ്ട് ഈ മെറ്റീരിയൽ ഒരു സവിശേഷമായ ഗ്രെയിൻ പാറ്റേണും സ്പർശനാത്മക 3D ടെക്സ്ചറും വാഗ്ദാനം ചെയ്യുന്നു. സ്പ്രേ-അപ്ലൈഡ് ജൈവ സിലിക്കൺ കോട്ടിംഗും ഇതിൽ ഉപയോഗിക്കുന്നു.
0.02mm-പ്രിസിഷൻ എൻഗ്രേവിങ് ഉള്ള ആദ്യത്തെ ഫോട്ടോണിക് നാനോ-കാർവിംഗ് ടെക്നോളജി ഈ ഫോണിന്റെ മറ്റൊരു സവിശേഷതയാണ്. റിയൽമി ജിടി8 പ്രോയുടെ ഇന്ത്യൻ ലോഞ്ച് സ്ഥിരീകരിച്ചെങ്കിലും ലോഞ്ച് തിയതി കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോൾ ഡിസൈൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിക്കാൻ ആരംഭിച്ചതിനാൽ അധികം വൈകാതെ തന്നെ ലോഞ്ച് തിയതിയും പ്രതീക്ഷിക്കാം.

സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റ്
സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റ് കരുത്തിൽ ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ ഫ്ലാഗ്ഷിപ്പ് ഫോൺ റിയൽമി ജിടി 8 പ്രോ ആയിരിക്കാം എന്ന് കരുതപ്പെടുന്നു. നവംബർ 13ന് ലോഞ്ച് ചെയ്യാൻ പോകുന്ന വൺപ്ലസ് 15 ആയിരിക്കും ഈ കരുത്തൻ ചിപ്സെറ്റുള്ള ഇന്ത്യയിലെ ആദ്യ സ്മാർട്ട്ഫോൺ. ചൈനീസ് മോഡലിൽ നിന്ന് കാര്യമായ മാറ്റങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കുന്ന ജിടി 8 പ്രോയിൽ പ്രതീക്ഷിക്കുന്നില്ല. കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തുമ്പോൾ അറിയാം.


Click it and Unblock the Notifications








