പെരിസ്കോപ്പ് ക്യാമറയുമായി റിയൽമി 12 പ്രോ പ്ലസ്? പുതിയ ട്വീറ്റിന്റെ അർഥം ജനുവരി 3ന് അറിയാം
വമ്പൻ സ്മാർട്ട്ഫോണുകളുടെ ലോഞ്ചുകൾ നിശ്ചയിക്കപ്പെട്ടിരിക്കുന്ന മാസമാണ് 2024 ജനുവരി. ഏതാണ്ട് 14 സ്മാർട്ട്ഫോണുകളാണ് പുതിയ വർഷത്തിന്റെ ആദ്യ മാസത്തിൽ ലോഞ്ച് ചെയ്യപ്പെടുക. അതിൽ സാംസങ് എസ്24 സീരീസ് മുതൽ കുഞ്ഞൻ ബ്രാൻഡുകളുടെ 5ജി ഫോൺ വരെ ഉണ്ട്. ഇവയുടെ ലോഞ്ച് വിവരങ്ങൾ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു.
വിവിധ ലോഞ്ചുകളുടെ വിവരങ്ങൾ ഇങ്ങനെ പുറത്തുവന്നുകൊണ്ടിരിക്കേ സ്മാർട്ട്ഫോൺ പ്രേമികളിൽ ആകാംക്ഷ ഉയർത്തി ഒരു ട്വിറ്റർ (ഇപ്പോൾ എക്സ്) പോസ്റ്റുമായി റിയൽമിയും രംഗത്തെത്തിയിരിക്കുന്നു. ഒരു സർപ്രൈസ് കാത്തുവച്ചിട്ടുണ്ടെന്നും അതിനായി ജനുവരി 3ന് രാവിലെ 7.30 വരെ കാത്തിരിക്കാനും ആണ് റിയൽമി ഇന്ത്യ തങ്ങളുടെ ട്വിറ്റർ പോസ്റ്റിലൂടെ ആവശ്യപ്പട്ടിരിക്കുന്നത്.

ഈ മുന്നറിയിപ്പ് കൂടാതെ ''നോ പെരിസ്കോപ്പ്, നോ ഫ്ലാഗ്ഷിപ്പ്'' എന്നൊരു ടീസറും റിയൽമി പുറത്തുവിട്ടിട്ടുണ്ട്. പെരിസ്കോപ്പ് ക്യാമറ സഹിതം റിയൽമിയുടെ 12 പ്രോ സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്നു എന്നാണ് ഇതിനെ വിദഗ്ധർ വ്യാഖ്യാനിക്കുന്നത്. റിയൽമി ജിടി 5 പ്രോ ആയിരിക്കും റിയൽമിയുടെ ഇന്ത്യയിലെ അടുത്ത ലോഞ്ച് എന്നാണ് കരുതപ്പെട്ടിരുന്നത്.
ഇതിനോടകം റിയൽമി ജിടി 5 പ്രോ ചൈനയിൽ ലോഞ്ച് ആയിട്ടുണ്ട്. എന്നാൽ ഈ ഫോൺ ആഗോള തലത്തിൽ ഫെബ്രുവരിയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിന് മുന്നോടിയായിട്ടാകും അവതരിപ്പിക്കപ്പെടുക എന്ന് ചില റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. അപ്പോൾ ഏത് റിയൽമി ഫോണാണ് അടുത്തതായി ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുക എന്ന ചോദ്യം ഉയരുന്നു.
ഇതിന് മറുപടിയായിട്ടാണ് റിയൽമി 12 പ്രോ സീരീസ് ആയിരിക്കാം റിയൽമി ഒളിപ്പിച്ച് വച്ചിരിക്കുന്ന ആ സർപ്രൈസ് എന്ന് ചിലർ ചൂണ്ടിക്കാട്ടുന്നത്. അതിന് കാരണവുമുണ്ട്. RMX3842, RMX3840 എന്നീ മോഡൽ നമ്പറുകളുള്ള റിയൽമി 12 Pro, 12 Pro+ എന്നിവയ്ക്ക് ഡിസംബറിൽ BIS സർട്ടിഫിക്കേഷൻ ലഭിച്ചു, അതിനാൽ ഈ മാസം ആദ്യം തന്നെ ഫോണുകൾ എത്തിയേക്കാം.
നോ പെരിസ്കോപ്പ്, നോ ഫ്ലാഗ്ഷിപ്പ് എന്ന റിയൽമിയുടെ ടീസർ റിയൽമി 12 പ്രോ സീരീസിൽ വരാൻ പോകുന്ന പെരിസ്കോപ്പ് ലെൻസിനെയാണ് സൂചിപ്പിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. റിയൽമി 12 പ്രോ സീരീസ് ടെലിഫോട്ടോ ക്യാമറ തിരികെ കൊണ്ടുവരുമെന്ന് ടീസർ സൂചന നൽകുന്നു, അങ്ങനെയെങ്കിൽ ആദ്യമായി മിഡ് റേഞ്ച് റിയൽമി ഫോണിൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ അവതരിപ്പിക്കപ്പെടും.
2020-ൽ അവതരിപ്പിച്ച റിയൽമി 6 പ്രോയ്ക്ക് 12എംപി ടെലിഫോട്ടോ സെൻസർ ഉണ്ടായിരുന്നു, എന്നാൽ കമ്പനി അത് റിയൽമി 7 പ്രോയിൽ നീക്കംചെയ്തു, ഇപ്പോൾ ടെലിഫോട്ടോ ക്യാമറ തിരികെ വരുന്നതായി തോന്നുന്നു. ജനുവരി 3 ന് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതവരും. 5ജി കണക്ടിവിറ്റിയോടെയാണ് റിയൽമി 12 പ്രോ സീരീസ് എത്തുന്നത് എന്ന് സർട്ടിഫിക്കേഷൻ ലിസ്റ്റിങ് സൂചിപ്പിക്കുന്നു.

റിയൽമി 12 പ്രോ, 12 പ്രോ പ്ലസ് എന്നിങ്ങനെ രണ്ട് ഫോണുകളാണ് റിയൽമി 12 പ്രോ സീരീസിൽ ഉൾപ്പെടുന്നത്. അതിൽ റിയൽമി 12 പ്രോ പ്ലസിൽ സ്‌നാപ്ഡ്രാഗൺ 7s ജെൻ 2 ചിപ്സെറ്റ് അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്നും ടിപ്‌സ്റ്റർ അഭിഷേക് യാദവ് വെളിപ്പെടുത്തി. റിയൽമി 12 പ്രോയിൽ സ്‌നാപ്ഡ്രാഗൺ 7s ജെൻ 2 ആണെന്നാണ് വിവരം.
റിയൽമി 12 പ്രോ സീരീസ് രണ്ട് ക്യാമറ സെൻസറുകളും ദീർഘചതുരാകൃതിയിലുള്ള പെരിസ്കോപ്പ് ലെൻസും ഉൾക്കൊള്ളുന്ന ഒരു വൃത്താകൃതിയിലുള്ള ക്യാമറ ലേഔട്ട് പ്രദർശിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 12 പ്രോയിൽ 2x ഒപ്റ്റിക്കൽ സൂം വാഗ്ദാനം ചെയ്യുന്ന 32MP സോണി IMX709 ടെലിഫോട്ടോ സെൻസർ ഉണ്ടാകുമെന്ന് അഭ്യൂഹമുണ്ട്.
അതേസമയം, റിയൽമി 12 പ്രോ പ്ലസ് 3x ഒപ്റ്റിക്കൽ സൂം നൽകുന്ന 64MP ഓമ്‌നിവിഷൻ OV64B പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ് അവതരിപ്പിച്ചേക്കും. ജനുവരി 3ന റിയൽമി വെളിപ്പെടുത്തുന്ന ആ സർപ്രൈസ് എന്താണ് എന്ന് കൃത്യമായ വിവരങ്ങളൊന്നുമില്ല. റിയൽമി 12 പ്രോ സീരീസ് ജനുവരി ആദ്യമോ ഫെബ്രുവരിയിലോ എത്തുമെന്നാണ് ടിപ്സ്റ്റർ അഭിഷേക് യാദവ് നേരത്തെ പറഞ്ഞത്.


Click it and Unblock the Notifications








