ഒന്നല്ല, രണ്ട് മിടുക്കന്മാർ! 24ജിബി വരെ റാം, 1ടിബി വരെ സ്റ്റോറേജ്, റിയൽമി നാർസോ 60 സീരീസ് ഇന്ത്യയിൽ എത്തി
സ്മാർട്ട്ഫോൺ പ്രേമികളിൽ ആവേശമുയർത്തി റിയൽമിയുടെ നാർസോ 60 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. രണ്ട് സ്മാർട്ട്ഫോൺ മോഡലുകളാണ് നാർസോ 60 സീരീസിൽ റിയൽമി അവതരിപ്പിച്ചിരിക്കുന്നത്. റിയൽമി നാർസോ 60 5ജി, റിയൽമി നാർസോ 60 പ്രോ 5 ജി എന്നിവയാണ് അവ.
രണ്ട് മോഡലുകളും മീഡിയടെക് ഡിമെൻസിറ്റി ചിപ്സെറ്റുകളും സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് പിന്തണയുള്ള 5,000എംഎഎച്ച് ബാറ്ററി കരുത്തുമായാണ് എത്തുന്നത്. ആകർഷകമായ നിറത്തിലും ഡിസൈനിലും എത്തിയിരിക്കുന്ന നാർസോ 60 സീരീസ് കാഴ്ചയിലും പ്രവൃത്തിയിലും നിരാശപ്പെടുത്തില്ല എന്നാണ് കമ്പനി അവകാശപ്പെടുന്നത്. രണ്ട് ഹാൻഡ്‌സെറ്റുകളുടെയും പ്രീ-ഓർഡറുകൾ ഇതിനോടകം ആരംഭിച്ചു.

റിയൽമി നാർസോ 60 5ജിയുടെ സവിശേഷതകൾ: 6.43-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (2,400 x 1,080 പിക്സലുകൾ) സൂപ്പർഅമോലെഡ് കർവ്ഡ് ഡിസ്‌പ്ലേ ആണ് നാർസോ 60 5ജിയിലുള്ളത്. 90Hz റിഫ്രഷ് റേറ്റ്, 1,000Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ് എന്നിവയുമുണ്ട്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 4.0-ൽ ആണ് പ്രവർത്തനം.
മീഡിയടെക് ഡിമെൻസിറ്റി 6020 ചിപ്സെറ്റ് കരുത്തും 16 ജിബി വരെ റാമും 256 ജിബി ഇൻബിൽറ്റ് സ്റ്റോറേജും റിയൽമി നാർസോ 60 5ജി വാഗ്ദാനം ചെയ്യുന്നു. 8 ജിബി ഫിസിക്കൽ റാമിനൊപ്പം 8ജിബി വെർച്വൽ റാമും കൂടിച്ചേർത്താണ് മികച്ച പ്രവർത്തനത്തിന് റിയൽമി കളമൊരുക്കിയിരിക്കുന്നത്.
64 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറ സെൻസറാണ് റിയൽമി നാർസോ 60 5ജിയുടെ ക്യാമറ വിഭാഗത്തെ നയിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളിംഗിനും 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ സെൻസറും നൽകിയിരിക്കുന്നു. 33W SuperVOOC ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000എംഎഎച്ചിന്റേതാണ് നാർസോ 60 5ജിയിലെ ബാറ്ററി.
ഹാൻഡ്‌സെറ്റിന്റെ കോസ്മിക് ബ്ലാക്ക് ഓപ്ഷന് 182 ഗ്രാം ഭാരവും 159.8mm x 72.9mm x 7.93mm വലുപ്പവും ഉണ്ട്. അതേസമയം 7.98 എംഎം കനം ഉള്ള മാർസ് ഓറഞ്ച് ഓപ്ഷന് ഒരു ഗ്രാം കൂടുതൽ ഭാരമുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറും നാർസോ 60യിൽ നൽകിയിരിക്കുന്നു.
റിയൽമി നാർസോ 60 പ്രോയുടെ സവിശേഷതകൾ: 120Hz റിഫ്രഷ് റേറ്റുള്ള, 6.7-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (2,400 x 1,080 പിക്സലുകൾ) സൂപ്പർഅമോലെഡ് കർവ്ഡ് ഡിസ്‌പ്ലേ ആണ് നാർസോ 60 പ്രോ വാഗ്ദാനം ചെയ്യുന്നത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 4.0-ൽ ആണ് പ്രവർത്തനം.
24ജിബി വരെ റാമും 1ടിബി വരെ റാമുമായി ജോടിയാക്കിയ മീഡിയടെക് ഡിമെൻസിറ്റി 7050 5G ചിപ്സെറ്റ് ആണ് നാർസോ 60 പ്രോയ്ക്ക് കരുത്ത് പകരുന്നത്. 24 ജിബി റാമിൽ 12GB ഫിസിക്കൽ റാമും മറ്റൊരു 12GB വെർച്വൽ റാമുമാണ്. 1ടിബി സ്റ്റോറേജ് നൽകി എന്നതും ഏറെ ശ്രദ്ധേയമായ നീക്കമാണ്.
ഒഐഎസ് പിന്തുണയുള്ള 100എംപി സെൻസറാണ് നാർസോ 60 പ്രോയുടെ റിയർ ക്യാമറ വിഭാഗത്തെ നയിക്കുന്നത്. 2-മെഗാപിക്സൽ സെൻസറും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഒരു ഓട്ടോ സൂം ഫീച്ചറും നാർസോ 60 പ്രോയിലുണ്ട്. 16 എംപിയുടേതാണ് ഫ്രണ്ട് ക്യാമറ. 67W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഇതിലുള്ളത്.
കോസ്മിക് നൈറ്റ്, മാർഷ്യൻ സൺറൈസ് എന്നിങ്ങനെ രണ്ട് കളർ വേരിയന്റുകളിൽ നാർസോ 60 പ്രോ ലഭിക്കും. വെഗൻ ലെതർ ഫിനിഷിംഗ് കാരണം നാർസോ 60 പ്രോയുടെ മാർഷ്യൻ സൺറൈസ് വേരിയന്റിന് 191 ഗ്രാം ഭാരമുണ്ട്. കോസ്മിക് നൈറ്റ് ഓപ്ഷന് 185 ഗ്രാം ഭാരമേയുള്ളൂ.

വിലയും ലഭ്യതയും: ആമസോൺ ഇന്ത്യയിൽ നാർസോ 60 സീരീസ് ഫോണുകൾ പ്രീ-ഓർഡറിനായി ലഭ്യമാണ്. ആമസോൺ പ്രൈം ഡേ 2023 സെയിലിനോട് അനുബന്ധിച്ച് ജൂലൈ 15 ന് 12AM ന് ഫോണുകൾ ഓഫറുകളോടെ സ്വന്തമാക്കാം. 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഉള്ള നാർസോ 60 ന് 17,999 രൂപയാണ് വില.
8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള നാർസോ 60 വേരിയന്റിന്റെ വില 19,999 രൂപയാണ്. 23,999 രൂപയ്ക്കാണ് 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള നാർസോ 60 പ്രോ പുറത്തിറക്കിയിരിക്കുന്നത്. ഇതിന്റെ 12 ജിബി, 1 ടിബി സ്റ്റോറേജ് വേരിയന്റിന് 29,999 രൂപ വില നിശ്ചയിച്ചിരിക്കുന്നു.
ആമസോൺ പ്രൈം ഡേ സെയിലിനോട് അനുബന്ധിച്ചുള്ള ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ റിയൽമി നാർസോ 60 സീരീസിലെ ഫോണുകൾ നിലവിലുള്ളതിനെക്കാൾ കുറഞ്ഞ വിലയിൽ വാങ്ങാം. പ്രീ ഓഡർ ചെയ്യുന്നവർക്ക് 1000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. ഐസിഐസിഐ ബാങ്ക്, എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പ്രൈം ഡേ സെയിലിൽ 1500 രൂപവരെ ഡിസ്കൗണ്ടും ലഭിക്കും.


Click it and Unblock the Notifications








