എടാ മോനേ...! വർഷങ്ങൾക്ക് ശേഷമല്ല, ആഴ്ചകൾക്കുള്ളിൽ ഡിസ്കൗണ്ട് ആവേശവുമായി റിയൽമി നാർസോ 70 പ്രോ 5G
റിയൽമി നാർസോ 70 പ്രോ 5Gയുടെ വരവ് തന്നെ ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകർക്ക് ആവേശമായിരുന്നു. കാരണം വില വച്ച് നോക്കിയാൽ അത്രയ്ക്ക് അടിപൊളിയായിരുന്നു ഈ സ്മാർട്ട്ഫോൺ. ഇപ്പോൾ ഫഹദിന്റെ 'ആവേശം' വിനീത് ശ്രീനിവാസന്റെ 'വർഷങ്ങൾക്ക് ശേഷം' എന്നീ സിനിമകൾ തിയറ്ററുകളിൽ ആവേശത്തിന്റെ പുത്തൻ തരംഗം സൃഷ്ടിക്കുന്നു.
ഈ രണ്ട് പടങ്ങളും ആദ്യ ദിനം തന്നെ ആളുകൾ ഏറ്റെടുത്തതോടെ ഇനിയുള്ള ദിവസങ്ങളിൽ തിയറ്ററുകൾ പൂരപ്പറമ്പാകും എന്നകാര്യം ഉറപ്പായിട്ടുണ്ട്. ഇത്തവണത്തെ വിഷു ആവേശവും വർഷങ്ങൾക്കുശേഷവും ചേർന്ന് തൂക്കിയതുപോലെ ഇനിയുള്ള ദിവസങ്ങളിൽ സ്മാർട്ട്ഫോൺ വിപണി തൂക്കാൻ കച്ചകെട്ടി ഒരുങ്ങിയിറങ്ങിയിരിക്കുകയാണ് റിയൽമി നാർസോ 70 പ്രോ 5G.

സാധാരണ ചില സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങിയാൽ മാസങ്ങൾക്ക് ശേഷവും വർഷങ്ങൾക്ക് ശേഷവുമൊക്കെയാണ് വില അൽപ്പം കുറയുക. എന്നാൽ റിയൽമി നാർസോ 70 പ്രോ 5ജി പുറത്തിറങ്ങിയിട്ട് ആഴ്ചകൾ മാത്രമേ ആയിട്ടുള്ളൂ. അതിനകം തന്നെ ആരും കൊതിക്കുന്ന ഡിസ്കൗണ്ടാണ് റിയൽമിയിപ്പോൾ ഈ ഫോണിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഡിസ്കൗണ്ടിനെക്കുറിച്ച് അറിയും മുമ്പ് ഈ സ്മാർട്ട്ഫോണിനെപ്പറ്റി ചിലത് അറിയേണ്ടതുണ്ട്. നിരവധി സാധാരണ സ്മാർട്ട്ഫോണുകളിൽ ഒന്ന് എന്ന നിലയിൽ റിയൽമി നാർസോ 70 പ്രോ 5Gയെ വിലകുറച്ച് കാണാനാകില്ല. ഇന്ത്യയിൽ 20000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളിൽ ഏറ്റവും മികച്ച ക്യാമറയുള്ള ഫോൺ എന്ന് ആമസോൺ അംഗീകാരം ലഭിച്ച സ്മാർട്ട്ഫോൺ ആണിത്.

കൂടാതെ അഡ്വാൻസ് ബുക്കിങ് സമയത്ത് മിനിറ്റിൽ 300 യൂണിറ്റുകൾ വിറ്റ സ്മാർട്ട്ഫോൺ എന്ന നേട്ടവും റിയൽമി നാർസോ 70 പ്രോ 5ജിയുടെ പേരിലുണ്ട്. വില താരതമ്യേന കുറവാണെങ്കിലും എയർ ജെസ്റ്റേഴസ് ഫീച്ചർ, പ്രീമിയം ഗ്ലാസ് ഡിസൈൻ, സെഗ്‌മെൻ്റിലെ ഏറ്റവും ഉയർന്ന ഡിസ്‌പ്ലേ ബ്രൈറ്റ്നസ് തുടങ്ങി ഇതിന്റെ ഫീച്ചറുകളുടെ പട്ടിക വലുതാണ്.
അതായത് ഡിസ്കൗണ്ട് ലഭ്യമായത് ഇത് വെറും മോശം ഫോൺ ആയതിനാലാണ് എന്ന് തെറ്റിദ്ധരിക്കേണ്ട എന്നർഥം. ലോഞ്ച് ചെയ്യുന്ന സമയത്ത് റിയൽമി നാർസോ 70 പ്രോ 5ജിയുടെ 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 19,999 രൂപയായിരുന്നു വില. 8ജിബി+ 256ജിബി വേരിയൻ്റിന്റെ വില 21,999 രൂപയും.
ലോഞ്ച് ഓഫറുകളുടെ ഭാഗമായി അടിസ്ഥാന മോഡലിന് 1000 രൂപയും 256GB വേരിയൻ്റിന് 2,000 രൂപയും ഡിസ്കൗണ്ട് ലഭ്യമായിരുന്നു. പിന്നീട് ഈ ലോഞ്ച് ഓഫറുകൾ പിൻവലിക്കപ്പെട്ടു. എന്നാലിപ്പോൾ ലോഞ്ച് ഓഫറിനെക്കാൾ വലിയ ഡിസ്കൗണ്ടാണ് ഈ റിയൽമി നാർസോ 70 പ്രോ 5Gക്ക് ലഭ്യമായിരിക്കുന്നത്.

റിയൽമിയുടെ പുതിയ പ്രഖ്യാപന പ്രകാരം നാർസോ 70 പ്രോ 5Gയുടെ അടിസ്ഥാന മോഡലിന് 2000 രൂപയും 256GB വേരിയൻ്റിന് 3,000 രൂപയും ഡിസ്കൗണ്ട് ലഭിക്കും. അതിനാൽ 8GB+ 128GB വേരിയന്റ് 17,999 രൂപയ്ക്കും 8GB+ 256GB വേരിയന്റ് 18,999 രൂപയ്ക്കും വാങ്ങാൻ സാധിക്കും. ഫീച്ചറുകളും യഥാർഥ വിലയും വച്ച് നോക്കിയാൽ ഈ ഡീൽ ലാഭകരമാണ്.
റിയൽമി നാർസോ 70 പ്രോയുടെ പ്രധാന ഫീച്ചറുകൾ: 6.67-ഇഞ്ച് FHD+ OLED ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 120Hz റിഫ്രഷ് റേറ്റ്, മാലി-ജി68 ജിപിയുവുമായി ജോടിയാക്കിയ മീഡിയടെക് ഡിമെൻസിറ്റി 7050 5G ചിപ്‌സെറ്റ്, 8 ജിബി വരെ വെർച്വൽ റാം, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, 67W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5000mAh ബാറ്ററി എന്നിവ ഇതിലുണ്ട്.
ഒപ്പം ആമസോൺ മികച്ചതെന്ന് അംഗീകരിച്ച ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായാണ് റിയൽമി നാർസോ 70 പ്രോ എത്തുന്നത്. 50MP Sony IMX890 പ്രൈമറി സെൻസർ, 8MP അൾട്രാ വൈഡ് ക്യാമറ, 2MP മാക്രോ സെൻസർ എന്നിവ അടങ്ങുന്നതാണ് ഇതിലെ റിയർ ക്യാമറ യൂണിറ്റ്. സെൽഫികൾക്കായി 16MP ഫ്രണ്ട് ക്യാമറയും ഉണ്ട്.


Click it and Unblock the Notifications








