മാന്ത്രികൻ മഹാ, മാന്ത്രികൻ... ഇത് 'റിയൽ മറ്റത്ത് നാർസോ ടച്ചനാർ'! റിയൽമി നാർസോ 70 പ്രോ എത്തി
സ്മാർട്ട്ഫോൺ പ്രേമികളിൽ ആവേശം ഉണർത്തുന്ന എയർ ജെസ്റ്റേഴ്സ് അടക്കമുള്ള കിടിലൻ ഫീച്ചറുകളുമായി റിയൽമി നാർസോ 70 പ്രോ 5ജി (Realme Narzo 70 Pro 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. മീഡിയടെക് ഡൈമെൻസിറ്റി 7050 5 ജി ചിപ്‌സെറ്റുമായി 20000 രൂപയിൽ താഴെ വിലയിലാണ് വരവ്.
റിയൽമിയുടെ ഏറ്റവും പുതിയ മിഡ്‌റേഞ്ച് സ്മാർട്ട്‌ഫോണായ റിയൽമി നാർസോ 70 പ്രോ 5 ജി എയർ ജെസ്റ്റേഴസ് ഫീച്ചർ കൂടാതെ, പ്രീമിയം ഗ്ലാസ് ഡിസൈൻ, സെഗ്‌മെൻ്റിലെ ഏറ്റവും ഉയർന്ന ഡിസ്‌പ്ലേ ബ്രൈറ്റ്നസ് തുടങ്ങിയ ഫീച്ചറുകളും ഹൈലൈറ്റ് ചെയ്തുകൊണ്ടാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്.

സ്‌ക്രീനിൽ തൊടാതെ തന്നെ ചില ഫോൺ ഫംഗ്‌ഷനുകൾ നിയന്ത്രിക്കാൻ കഴിയും എന്നതാണ് എയർ ജെസ്ചർ (Air Gesture) ഫീച്ചറിന്റെ പ്രത്യേകത. മിഡ് റേഞ്ച് സ്മാർട്ട്ഫോണുകളിൽ ഇത്തരമൊരു ഫീച്ചർ അവതരിപ്പിക്കുന്ന മറ്റ് ഫോണുകൾ അധികമില്ല. മുമ്പത്തെ സ്‌ക്രീനിലേക്ക് മടങ്ങുക, സ്‌ക്രീൻഷോട്ടുകൾ എടുക്കുക തുടങ്ങി പത്തിലധികം കാര്യങ്ങൾ ആംഗ്യ ഓപ്‌ഷനുകൾ ഉപയോഗിച്ച്, ഈ സ്മാർട്ട്ഫോണിൽ പ്രവർത്തിപ്പിക്കാൻ സാധിക്കും.
വീഡിയോ ലൈക്ക് ചെയ്യുക, സ്ക്രീൻ സ്ക്രോൾ ചെയ്യുക തുടങ്ങിയവ ഫോണിൽ നേരിട്ട് ടച്ച് ചെയ്യാതെ തന്നെ നിർവഹിക്കാൻ കഴിയും എന്നതാണ് നാർസോ 70 പ്രോ 5ജിയിലെ എയർ ജെസ്ചർ ഫീച്ചറിന്റെ പ്രത്യേകത. കൈകൾ നനഞ്ഞിരിക്കുമ്പോഴോ ഭക്ഷണം കഴിക്കുമ്പോഴോ കൈകൾ അഴുക്കായിരിക്കുമ്പോഴോ ഫോണിൽ സ്പർശിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അത്തരം അവസരങ്ങളിൽ ഈ ഫീച്ചർ ഏറെ ഉപകാരപ്പെടും.

റിയൽമി നാർസോ 70 പ്രോയുടെ പ്രധാന ഫീച്ചറുകൾ: 6.67-ഇഞ്ച് FHD+ OLED ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 120Hz റിഫ്രഷ് റേറ്റ്, 2200Hz വരെ ടച്ച് സാംപ്ലിംഗ് റേറ്റ്, 2000 നിറ്റ്സിൻ്റെ പരമാവധി ബ്രൈറ്റ്നസ്. സൺലൈറ്റ് മോഡ്, റെയിൻ വാട്ടർ ടച്ച് എന്നീ ഫീച്ചറുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.
മാലി-ജി68 ജിപിയുവുമായി ജോടിയാക്കിയ മീഡിയടെക് ഡിമെൻസിറ്റി 7050 5G ചിപ്‌സെറ്റാണ് സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. 8 ജിബി റാം, 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജ്, 8 ജിബി വരെ വെർച്വൽ റാം എന്നിവ ഈ സ്മാർട്ട്ഫോണിന് മികച്ച പെർഫോൻസ് നൽകാൻ പിന്തുണ നൽകുന്നു.
ക്യാമറയുടെ കാര്യത്തിലേക്ക് വന്നാൽ, ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായാണ് റിയൽമി നാർസോ 70 പ്രോ എത്തുന്നത്. 50MP Sony IMX890 പ്രൈമറി സെൻസർ, 8MP അൾട്രാ വൈഡ് ക്യാമറ, 2MP മാക്രോ സെൻസർ എന്നിവ അടങ്ങുന്നതാണ് ഇതിലെ റിയർ ക്യാമറ യൂണിറ്റ്. സെൽഫികൾക്കായി 16MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 5.0 ആണ് റിയൽമി നാർസോ 70 പ്രോ 5ജിയുടെ പ്രവർത്തനം. മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും രണ്ട് വർഷത്തെ OS അപ്‌ഡേറ്റുകളും ഈ ഫോണിന് റിയൽമി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് എന്നിവയും ഇതിലുണ്ട്.
67W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5000mAh ബാറ്ററിയാണ് റിയൽമി നാർസോ 70 പ്രോ 5ജിയിൽ ഉള്ളത്. നിരവധി മികച്ച ഫീച്ചറുകൾ ഉണ്ടെങ്കിലും എയർ ജെസ്റ്റർ ഫീച്ചർ ആണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന ആകർഷണം. ഒരു മാന്ത്രികനെപ്പോലെ കൈകൊണ്ട് വായുവിൽ ആഗ്യം കാട്ടി ഫോൺ പ്രവർത്തിപ്പിക്കാമെന്നത് ഏറെ കൗതുകകരമാണ്.
അതിനാൽത്തന്നെ മഹാ മാന്ത്രികൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കടമറ്റത്ത് കത്തനാരെപ്പോലെ, സ്മാർട്ട്ഫോണിൽ മാന്ത്രികവിദ്യ കൊണ്ടുവരുന്ന ഈ റിയൽമി നാർസോ 70 പ്രോയെ 'റിയൽ മറ്റത്ത് നാർസോ ടച്ചനാർ' എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. 20000 രൂപയിൽ താഴെ വിലയിലുള്ള ഫോണുകളിൽ മികച്ച മത്സരം കാഴ്ചവയ്ക്കാൻ റിയൽമി നാർസോ 70 പ്രോ 5ജിക്ക് സാധിക്കും.

റിയൽമി നാർസോ 70 പ്രോ 5ജിയുടെ 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 19,999 രൂപയാണ് വില. 8ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള രണ്ടാമത്തെ വേരിയൻ്റിന്റെ വില 21,999 രൂപയാണ്. അടിസ്ഥാന വേരിയൻ്റിന് 1,000 രൂപയും 256GB വേരിയൻ്റിന് 2,000 രൂപയും ഡിസ്കൗണ്ട് ലഭ്യമാണ്.
2024 മാർച്ച് 22 ന് ഉച്ചയ്ക്ക് 12 മണി മുതൽ റിയൽമിയുടെ വെബ്‌സൈറ്റിലും ആമസോണിലും റിയൽമി നാർസോ 70 പ്രോ ഔദ്യോഗികമായി വിൽപ്പനയ്ക്ക് എത്തും. പ്രീ ബുക്കിങ് മാർച്ച് 19 മുതൽ തന്നെ ആരംഭിക്കും. ഗ്ലാസ് ഗ്രീൻ, ഗ്ലാസ് ഗോൾഡ് എന്നീ നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോൺ ലഭ്യമാകുക.


Click it and Unblock the Notifications








