റിയൽമിയുടെ 'മാജിക്' ഫോൺ മാർച്ച് 19ന് ലോഞ്ച് ചെയ്യും; ഷാഹിദ് കപൂർ ബ്രാൻഡ് അംബാസഡർ
ആരാധകരെ അദ്ഭുതപ്പെടുത്താൻ തയാറെടുത്തുകൊണ്ടുള്ള റിയൽമിയുടെ മാജിക് സ്മാർട്ട്ഫോൺ, റിയൽമി നാർസോ 70 പ്രോ മാർച്ച് 19 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഇതോടൊപ്പം ഈ സ്മാർട്ട്ഫോണിൻ്റെ പ്രൊഡക്‌ട് അംബാസഡറായി ബോളിവുഡ് താരം ഷാഹിദ് കപൂറിനെ നിയമിച്ചതായും കമ്പനി വ്യക്തമാക്കി.
റിയൽമിയുടെ നാർസോ സീരീസിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാകും റിയൽമി നാർസോ 70 പ്രോ. നേരത്തെ ഈ സ്മാർട്ട്ഫോൺ മാർച്ചിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് സ്ഥീരീകരിക്കപ്പെട്ടിരുന്നെങ്കിലും കൃത്യമായ തിയതി നിശ്ചയിച്ചിരുന്നില്ല. എന്നാലിപ്പോൾ ലോഞ്ചിന്റെ കാര്യത്തിൽ ഒരു തീരുമാനമായിക്കഴിഞ്ഞു. ഷാഹിദുമായുള്ള കരാറിലൂടെ യുവാക്കളുടെ ശ്രദ്ധനേടാനാണ് കമ്പനി ശ്രമിക്കുന്നത്.

ടെക്നോളജിയെ സ്നേഹിക്കുന്ന പുതുതലമുറയ്ക്ക് ഏറെ ഇഷ്ടപ്പെടുന്ന വിധത്തിലാണ് റിയൽമി ഈ 5ജി സ്മാർട്ട്ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വരാൻ പോകുന്ന ഈ റിയൽമി സ്മാർട്ട്ഫോണിൻ്റെ ഡ്യുവോ ടച്ച് ഗ്ലാസ് ഡിസൈനും എയർ ജെസ്ചർ പിന്തുണയും കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. നാർസോ സീരീസിലെ കമ്പനിയുടെ അടുത്ത ടോപ്പ് എൻഡ് സ്മാർട്ട്ഫോണാണ് നാർസോ 70 പ്രോ 5ജി.
ലോഞ്ച് നിശ്ചയിച്ചിരിക്കുന്ന ഈ സ്മാർട്ട്ഫോണിന്റെ ഫീച്ചറുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. എങ്കിലും ടീസർ ചിത്രങ്ങളും ഇതിനകം വന്ന ചില റിപ്പോർട്ടുകളും ഇന്ത്യയിൽ മാർച്ച് 19ന് അവതരിപ്പിക്കാൻ പോകുന്ന നാർസോ 70 പ്രോ 5ജിയുടെ ഫീച്ചറുകളെക്കുറിച്ച് ഏകദേശ ധാരണ പങ്കുവയ്ക്കുന്നുണ്ട്.
റിയൽമി നാർസോ 70 പ്രോ 5ജിയുടെ (realme narzo 70 Pro 5G) പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് FHD+ കർവ്ഡ് അമോലെഡ് സ്‌ക്രീൻ, 120Hz റിഫ്രഷ് റേറ്റ് എന്നിവയുമായിട്ടാകും ഈ ഫോൺ എത്തുക. സ്നാനപ്ഡ്രാഗൺ 7s ജെൻ 2 ചിപ്സെറ്റ് ആയിരിക്കും ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.
12GB വരെ റാം, ആൻഡ്രോയിഡ് 14, 67W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവയും റിയൽമി 70 പ്രോ 5ജിയിൽ പ്രതീക്ഷിക്കുന്നു. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ ഉണ്ടാകുക എന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. അതിലെ പ്രധാന ക്യാമറയായി OIS പിന്തുണയുള്ള 50MP സോണി IMX890 1/1.56″ സെൻസറാകും ഉണ്ടാകുകയെന്നും ഉറപ്പിക്കപ്പെട്ടിട്ടുണ്ട്.
മുൻഗാമിയായ നാർസോ 60 പ്രോയിലെ ഒഐഎസ് പിന്തുണയുള്ള 100MP Omnivision സെൻസറിനെ ഒഴിവാക്കിക്കൊണ്ടുള്ള ഈ മാറ്റം സ്വാഗതം ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തിടെ പുറത്തിറക്കിയ റിയൽമി 12 പ്രോ പ്ലസ് മോഡലിൽ OIS ഉള്ള IMX890 സെൻസറും മാട്രിക്സ് ക്യാമറ ക്രമീകരണമുള്ള ട്രിപ്പിൾ റിയർ ക്യാമറകളും ഉണ്ടായിരുന്നു.

അതിനാൽത്തന്നെ വരാൻ പോകുന്ന റിയൽമി നാർസോ 70 പ്രോ ഇതിനകം പുറത്തിറങ്ങിയ റിയൽമി 12 പ്രോ പ്ലസിന്റെ റീബ്രാൻഡഡ് പതിപ്പായിരിക്കാമെന്നും വിലയിരുത്തലുകൾ വരുന്നുണ്ട്. എങ്കിലും ഇതിന് പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ ഉണ്ടെന്ന് തോന്നുന്നില്ല, അതിനാൽ മറ്റ് സെൻസറുകൾക്ക് ചില മാറ്റങ്ങൾ ഉണ്ടായേക്കാം.
റിയൽമി നാർസോ 70 പ്രോ പച്ച നിറത്തിലാണ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഏതൊക്കെ നിറങ്ങളിൽ ഈ റിയൽമി സ്മാർട്ട്ഫോൺ ലഭ്യമാകുമെന്ന് ലോഞ്ചിന് ശേഷമേ കൃത്യമായി വ്യക്തമാകൂ. നാർസോ 70 പ്രോയുടെ വരവിനെ ശ്രദ്ധേയമാക്കുന്നത് അതിലെ എയർ ജെസ്ചർ ഫീച്ചറിന്റെ സാന്നിധ്യമാണ്. നാർസോ 70 പ്രോയിൽ ഈ ഫീച്ചർ ഉണ്ടാകുമെന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ചിരുന്നു.
സ്‌ക്രീനിൽ തൊടാതെ തന്നെ ചില ഫോൺ ഫംഗ്‌ഷനുകൾ നിയന്ത്രിക്കാൻ കഴിയും എന്നതാണ് എയർ ജെസ്ചർ ( Air Gesture ) ഫീച്ചറിന്റെ പ്രത്യേകത. പത്തിലധികം ആംഗ്യ ഓപ്‌ഷനുകൾ ഉപയോഗിച്ച്, ഇത് ആൻഡ്രോയിഡ് ഫോണുകളിൽ നാം ചെയ്യുന്ന സാധാരണ സ്ക്രീൻ ഇടപെടലുകളെ അനുകരിക്കുന്നു.

അതായത് സ്ഥിരമായി നാം സ്ക്രീനിൽ ചെയ്യുന്ന ചില കാര്യങ്ങൾ, ഉദാഹരണത്തിന് വീഡിയോ ലൈക്ക് ചെയ്യുക, സ്ക്രീൻ സ്ക്രാൾ ചെയ്യുക പോലുള്ളവ ഫോണിൽ നേരിട്ട് ടച്ച് ചെയ്യാതെ തന്നെ നിർവഹിക്കാൻ കഴിയും. കൈകൾ നനഞ്ഞിരിക്കുമ്പോഴോ ഭക്ഷണം കഴിക്കുമ്പോഴോ കൈകൾ അഴുക്കായിരിക്കുമ്പോഴോ ഫോണിൽ സ്പർശിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അത്തരം സന്ദർഭങ്ങളിൽ എയർ ജെസ്ചർ ഫീച്ചർ പ്രയോജനപ്പെടുത്താവുന്നതാണ്.
ശാരീരിക സമ്പർക്കമില്ലാതെ ഫോൺ നിയന്ത്രിക്കാൻ സാധിക്കുന്ന ഈ നൂതന സാങ്കേതികവിദ്യ വരാൻ പോകുന്ന റിയൽമി നാർസോ 70 പ്രോ 5ജിയുടെ പ്രധാന ഹൈലാറ്റായി ഇതിനകം മാറിക്കഴിഞ്ഞു. തേർഡ് പാർട്ടി ആപ്പുകൾക്കൊപ്പവും എയർ ജെസ്ചർ ഉപയോഗിക്കാമെന്ന് റിയൽമി സ്ഥിരീകരിച്ചിട്ടുണ്ട്. ആമസോൺ, റിയൽമിയുടെ ഔദ്യോഗിക ഓൺലൈൻ- ഓഫ്‌ലൈൻ സ്റ്റോറുകളിലൂടെ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.


Click it and Unblock the Notifications








