കാറിൽ ഒളിഞ്ഞിരിക്കുന്ന 'പ്രമുഖൻ'! ചിത്രം പുറത്തുവിട്ട് ആ 'രഹസ്യം' വെളിപ്പെടുത്തി റിയൽമി
മലയാളികളിൽ വലിയൊരു വിഭാഗം ഇപ്പോൾ 'പ്രമുഖ'രുടെ 'രഹസ്യങ്ങൾക്ക്' പിന്നാലെയാണ്. ഇതൊക്കെ വിട്ട് സ്മാർട്ട്ഫോണുകളുടെ കാര്യത്തിലേക്ക് വന്നാൽ അവിടെയും ഒരു പ്രമുഖനെ സംബന്ധിച്ചുള്ള രഹസ്യം തന്നെയാണ് ഇപ്പോൾ ചർച്ചാവിഷയം. പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമി ഇന്ന് ഒരു ചിത്രം പുറത്തുവിട്ടു. ഒറ്റനോട്ടത്തിൽ ഇത് ഒരു സൂപ്പർ കാറിന്റെ ചിത്രമാണെങ്കിലും സൂക്ഷിച്ച് നോക്കിയാൽ അത് ഒരു സൂപ്പർ സ്മാർട്ട്ഫോണിന്റെ ചിത്രം സഹിതമാണ് എത്തുന്നത് എന്ന് മനസിലാകും. റിയൽമി നാർസോ 70 ടർബോ 5G (Realme NARZO 70 Turbo 5G) ആണ് കാറിന്റെ ചിത്രത്തിനുള്ളിൽ ഒളിഞ്ഞിരുന്ന ആ പ്രമുഖൻ.
ഈ വർഷത്തിന്റെ തുടക്കത്തിൽ റിയൽമി നാർസോ 70 ലോഞ്ച് ചെയ്തിരുന്നു. ഇപ്പോൾ നാർസോ 70 ടർബോ 5ജിയുമായി വീണ്ടും കളത്തിലേക്ക് എത്താൻ റിയൽമി തയാറെടുത്തിരിക്കുന്നു. മഞ്ഞ നിറത്തിലുള്ള സൂപ്പർ കാറിന്റെ ചിത്രത്തിനുള്ളിൽ മഞ്ഞ നിറത്തിലുള്ള റിയർ പാനലുമായി പതുങ്ങിയിരിക്കുന്ന നാർസോ 70 ടർബോ 5ജിയുടെ ചിത്രം വെളിപ്പെടുത്തിക്കൊണ്ട്, ഈ ഫോൺ ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന രഹസ്യം കമ്പനി വെളിപ്പെടുത്തിയിരിക്കുന്നു.

മോട്ടോർസ്‌പോർട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് നാർസോ 70 ടർബോ 5ജി രൂപകൽപ്പന ചെയ്യുന്നതെന്നും ഇതിൽ പുതിയ ടർബോ ടെക്‌നോളജി ഉണ്ടാകുമെന്നും കമ്പനി വിശദീകരിക്കുന്നു. ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന ടീസറിൽ മഞ്ഞയും കറുപ്പും നിറങ്ങളുള്ള ഒരു ഡ്യുവൽ-ടോൺ ഡിസൈൻ ആണ് റിയൽമി നാർസോ 70 ടർബോ 5G കാണപ്പെടുന്നത്.
ഗെയിമിങ് മികവ് ലക്ഷ്യമിട്ടാണ് റിയൽമി നാർസോ 70 ടർബോ 5G രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നും അത്യാധുനിക ഡിസൈനിന്റെയും 5G പെർഫോമൻസിന്റെയും മികച്ച രീതിയിലുള്ള സംയോജനം ഈ ഫോണിലേക്ക് കൊണ്ടുവന്നിട്ടുണ്ട് എന്നും റിയൽമി പറയുന്നു. ഏറെ ജനപ്രീതി നേടിയ നാർസോ 70 പ്രോ 5ജി അടക്കമുള്ള നാർസോ 70 സീരീസ് ഫോണുകളുടെ കൂട്ടത്തിലേക്ക് അധികം വൈകാതെ ഈ ഫോണും അവതരിപ്പിക്കപ്പെടും.

7.6 എംഎം വലിപ്പം മാത്രമുള്ള സ്ലീക്ക് ഡിസൈനാണ് ഈ റിയൽമി നാർസോ 70 ടർബോ 5ജി ഫോണിൻ്റെ പ്രത്യേകതകളിലൊന്ന്. റിയൽമി പങ്കുവച്ചിരിക്കുന്ന ടീസറിലെ നാർസോ 70 ടർബോ 5ജിയുടെ റിയർ പാനലിന്റെ നടുവിൽ ചതുരാകൃതിയിൽ ട്രിപ്പിൾ റിയർ ക്യാമറ ഡിസൈൻ കാണാം. 3.5 എംഎം ഓഡിയോ ജാക്കും സ്പീക്കർ വെൻ്റുകളും മുകളിലാണ് നൽകിയിരിക്കുന്നത് എന്നും കാണാം.
ഗെയിമിങ് മികവ് ലക്ഷ്യമിടുന്നതിനാൽ തന്നെ മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്യുന്നൊരു സ്മാർട്ട്ഫോണായിരിക്കും ഇത് എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇപ്പോൾ കണ്ട മഞ്ഞ നിറത്തിന് പുറമേ, പർപ്പിൾ, പച്ച നിറങ്ങളിലും ഈ ഫോൺ ലഭ്യമാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. റിയൽമി നാർസോ 70 സീരീസിലെ നാലാമത്തെ സ്മാർട്ട്ഫോൺ ആയിട്ടായിരിക്കും ഈ ഫോൺ ഇന്ത്യയിൽ എത്തുക.
നാർസോ 70 5G, നാർസോ 7 70x 5G, നാർസോ 770 പ്രോ 5G എന്നിവയാണ് ഇതിനകം ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടിട്ടുള്ള റിയൽമി നാർസോ 70 5ജി സീരീസ് ഫോണുകൾ. ഇതിൽ പ്രോ വേരിയന്റിനെക്കാൾ മുകളിൽ നിൽക്കുന്ന സ്മാർട്ട്ഫോൺ ആയിരിക്കും നാർസോ 70 ടർബോ എന്നാണ് റിപ്പോർട്ട്.

6GB + 128GB, 8GB + 128GB, 8GB + 256GB, 12GB + 256GB എന്നിങ്ങനെ നാല് റാം+ സ്റ്റോറേജ് ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാകുമെന്നാണ് 91മൊബൈൽസ് പറയുന്നത്. f/1.9 അപ്പേർച്ചർ, EIS എന്നിവയുള്ള 12.6MP (50MP പിക്സൽ-ബിന്നിംഗ്) റിയർ ക്യാമറ ഇതിൽ ഉണ്ടാകുമെന്നും 91മൊബൈൽസ് പറയുന്നു. ഈ ഫോണിന്റെ ലോഞ്ച് തിയതിയും കൂടുതൽ ഫീച്ചറുകളും ലോഞ്ചിനോടനുബന്ധിച്ച് വരുംദിവസങ്ങളിൽ പുറത്തുവരും.


Click it and Unblock the Notifications








