തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
പറഞ്ഞ വാക്ക് പാലിച്ചുകൊണ്ട് റിയൽമി രണ്ട് ഉശിരൻ 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. റിയൽമി നാർസോ സീരീസ് ശക്തിപ്പെടുത്തിക്കൊണ്ട് നാർസോ 70 സീരീസാണ് അവതരിപ്പിച്ചത്. ഇതിൽ റിയൽമി നാർസോ 70 5ജി (NARZO 70 5G), നാർസോ 70x5ജി (Narzo 70x 5G) എന്നിവയാണുള്ളത്.
ബജറ്റ് വിലയിൽ ലഭ്യമാകുന്ന മികച്ച 5ജി ഫോണുകൾ എന്ന് ഈ രണ്ട് നാർസോ ഫോണുകളെയും വിശേഷിപ്പിക്കാം. ഈ രണ്ട് മോഡലുകളും വിലയുടെ കാര്യത്തിൽ ഉപയോക്താക്കളുടെ പോക്കറ്റ് കീറില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. റിയൽമി നാർസോ 70x 5ജിയുടെ അടിസ്ഥാന വേരിയന്റ് 11,999 രൂപ പ്രാരംഭ വിലയിലാണെത്തുന്നത്.

അതേപോലെ റിയൽമി നാർസോ 70 5ജിയുടെ അടിസ്ഥാന വേരിയന്റ് 15,999 രൂപ വിലയിൽ എത്തുന്നു. കൈയിലുള്ള കാശിന്റെ അടിസ്ഥാനത്തിൽ ഇതിൽ ഒരു മോഡൽ തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉപയോക്താവിന്റെ പക്കലുണ്ട്. രണ്ട് ഫോണുകൾക്കും 120Hz സ്‌ക്രീൻ ഉണ്ട്, എന്നാൽ മറ്റ് പല ഫീച്ചറുകളും വ്യത്യസ്തമാണ്. ഈ ഫോണുകളുടെ പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം.
റിയൽമി നാർസോ 70x 5Gയുടെ പ്രധാന ഫീച്ചറുകൾ: 6.72 ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ HD+ സ്ക്രീൻ, 120Hz വരെ ഡൈനാമിക് റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 950 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.

മാലി-G57 MC2 ജിപിയു ഉള്ള ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6100+ 6nm പ്രൊസസർ ആണ് റിയൽമി നാർസോ 70x 5ജിയുടെ കരുത്ത്. 4GB / 6GB LPDDR4x റാം, 128GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള ഓപ്ഷൻ എന്നിവ ഇതിൽ ഉണ്ട്.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റിയൽമി നാർസോ 70x 5ജിയിലുള്ളത്. അതിൽ f/2.4 അപ്പേർച്ചർ ഉള്ള 50MP മെയിൻ ക്യാമറ, f/1.8 അപ്പേർച്ചറുള്ള 2MP ബ്ലാക്ക് & വൈറ്റ് ക്യാമറ, LED ഫ്ലാഷ് എന്നിവ അടങ്ങുന്നു. ഫ്രണ്ടിൽ f/2.0 അപ്പേർച്ചറുള്ള 8MP ക്യാമറയാണ് നൽകിയിരിക്കുന്നത്. 45W SuperVOOC ഫാസ്റ്റ് ചാർജിംഗിനൊപ്പം 5000mAh ബാറ്ററിയും ഇതിലുണ്ട്.
റിയൽമി നാർസോ 70 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ HD+ AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 2000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, അക്വാ സ്മാർട്ട് ടച്ച് ഫീച്ചർ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ടുള്ള നാർസോ 70 5ജിയിലെ പ്രധാന ഫീച്ചറുകൾ.

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7050 6nm പ്രൊസസർ ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. മാലി-G68 MC4 ജിപിയുവും ഇതിലുണ്ട്. 6GB / 8GB LPDDR4X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് ശേഷി വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും നാർസോ 70 5ജിയിലുണ്ട്.
റിയൽമി നാർസോ 70 5ജിയിലും ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസർ, LED ഫ്ലാഷ് എന്നിവയടങ്ങുന്നതാണ് ഇതിലെ റിയർ ക്യാമറ യൂണിറ്റ്. ഫ്രണ്ടിൽ f/2.45 അപ്പേർച്ചറുള്ള 16MP ക്യാമറയും നൽകിയിട്ടുണ്ട്. 45W SuperVOOC ഫാസ്റ്റ് ചാർജിംഗിനൊപ്പം 5000mAh ബാറ്ററിയാണ് ഇതിലുള്ളത്.
മറ്റ് ഫീച്ചറുകളുടെ കാര്യത്തിൽ ഈ രണ്ട് ഫോണുകളും ഏതാണ്ട് ഒരുപോലെയാണ്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 5.0ൽ ആണ് ഇരുഫോണുകളും പ്രവർത്തിക്കുക. 3.5എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം, 5G SA / NSA, ഡ്യുവൽ 4G VoLTE എന്നിവയും ഉണ്ട്.

റിയൽമി നാർസോ 70x 5ജിയിൽ സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ ആണുള്ളത്. അതേസമയം റിയൽമി നാർസോ 70 5ജിയിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ ആണ് നൽകിയിരിക്കുന്നത്. കൂടാതെ നാർസോ 70 5ജിയിൽ പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാൻ IP54 റേറ്റിങ്ങും ഉണ്ട്.
റിയൽമി നാർസോ 70 സീരീസിന്റെ ഇന്ത്യയിലെ വില: മിസ്റ്റ്റി ഫോറസ്റ്റ് ഗ്രീൻ, സ്നോ മൗണ്ടെയ്ൻ ബ്ലൂ നിറങ്ങളിൽ ഈ രണ്ട് സ്മാർട്ട്ഫോണുകളും ലഭ്യമാകും. റിയൽമി നാർസോ 70x 5G യുടെ 4GB+ 128GB വേരിയൻ്റിന് 11,999 രൂപയാണ് പ്രാരംഭ വില. ഇതിന്റെ 6GB + 128GB വേരിയൻ്റിന് 13,499 രൂപ നൽകണം.
റിയൽമി നാർസോ 70 5ജിയുടെ 6ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 15,999 രൂപയാണ് വില. ഇതിന്റെ 8ജിബി+ 128ജിബി വേരിയൻ്റ് 16,999 രൂപയ്ക്ക് കിട്ടും. ഈ രണ്ട് മോഡലുകൾക്കും ലോഞ്ച് ഓഫറായി 1000 രൂപ ഡിസ്കൗണ്ട് ഉണ്ട്. റിയൽമി നാർസോ 70x 5Gയുടെ 6GB വേരിയൻ്റിനുമാത്രം 1500 രൂപ ഡിസ്കൗണ്ട് കിട്ടും.

അതായത് റിയൽമി നാർസോ 70x 5ജിയുടെ അടിസ്ഥാന വേരിയന്റ് ലോഞ്ച് ഓഫർ സഹിതം 10999 രൂപയ്ക്കും 6ജിബി വേരിയന്റ് 11999 രൂപയ്ക്കും വാങ്ങാം. നാർസോ 70 5ജിയുടെ വേരിയന്റുകൾ 1000 രൂപ ഡിസ്കൗണ്ടിൽ യഥാക്രമം 14,999 രൂപ, 15,999 രൂപ വിലകളിലും ലഭിക്കും.
ആമസോൺ, റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവ വഴിയാണ് ഇന്ത്യയിൽ റിയൽമി നാർസോ 70 സീരീസ് ഫോണുകൾ വിൽപ്പനയ്ക്ക് എത്തുന്നത്. ഇവയുടെ ഏർലി ബിഡ് സെയിൽ ഏപ്രിൽ 24-ന് വൈകുന്നേരം 6 മുതൽ 8 വരെ ഷെഡ്യൂൾ ചെയ്തിരിക്കുന്നു. ആദ്യ വിൽപ്പന ഏപ്രിൽ 25ന് നടക്കും.


Click it and Unblock the Notifications








