തുടരൻ ഹിറ്റുകൾ; മലയാള സിനിമ മാത്രമല്ല റിയൽമിയും മാസാണ്! നാർസോ 70x 5ജിയുടെ വില അങ്ങാടിപ്പാട്ട്!
മലയാള സിനിമ കേരളവും കടന്ന് രാജ്യത്തെയാകെ സിനിമാ പ്രേമികളുടെ ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്ന സമയമാണിത്. തുടർച്ചയായ ഹിറ്റ് സിനിമകൾ മലയാളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഈ സിനിമകളിലൂടെ മലയാള സിനിമാലോകം മറ്റ് ഭാഷകളിലെ സിനിമാപ്രേമികൾക്കിടയിലും അംഗീകരിക്കപ്പെടുന്നു. ഇക്കണ്ടതൊന്നും ഇവിടംകൊണ്ട് അവസാനിക്കുന്നില്ല എന്നമട്ടിൽ ഒരുകൂട്ടം സിനിമകൾ അടുത്തമാസം റീലീസിന് തയാറെടുക്കുകയും ചെയ്യുന്നു.
നിവിൻപോളി- ധ്യാൻ കൂട്ടുകെട്ടിന്റെ മലയാളി ഫ്രം ഇന്ത്യ, മമ്മൂട്ടിയുടെ ടർബോ ജോസ്, പൃഥ്വിരാജിന്റെ ഗുരുവായൂരമ്പല നടയിൽ, ടൊവിനോയുടെ നടികർ തുടങ്ങി പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളുടെ നിര വളരെ വലുതാണ്. ഇപ്പോൾ കാണുന്നത് വെറും സാമ്പിൾ മാത്രമാണ്, വെടിക്കെട്ട് വരാൻ പോകുന്നതേയുള്ളൂ എന്ന പ്രതീതിയാണ് നിലനിൽക്കുന്നത്.

എന്നാൽ, മലയാള സിനിമ മാത്രമല്ല, ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയും തുടരൻ ഹിറ്റുകളുടെ സന്തോഷ നാളുകളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. നിരവധി സ്മാർട്ട്ഫോണുകളാണ് ആളുകൾക്ക് താങ്ങാനാകുന്ന നിരക്കിൽ നൽകുന്ന തുകയ്ക്ക് തക്ക മൂല്യം തിരിച്ചുനൽകുന്ന വിധമുള്ള ഫീച്ചറുകളോടെ ദിവസവും പുറത്തിറങ്ങുന്നത്. ഇക്കൂട്ടത്തിലേക്ക് ഇപ്പോൾ മറ്റൊരു കിടിലൻ സ്മാർട്ട്ഫോൺ കൂടി എത്താൻ പോകുന്നു.
ഹാട്രിക് ഹിറ്റ് എന്ന മോഹവുമായി പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമിയാണ് പുതിയൊരു സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്നത്. കഴിഞ്ഞ മാസം റിയൽമി തങ്ങളുടെ സൂപ്പർഹിറ്റായ നാർസോ സീരീസിലെ പുതിയ കൂട്ടിച്ചേർക്കലായി റിയൽമി നാർസോ 70 പ്രോ 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.

അതിന് പിന്നാലെ കഴിഞ്ഞ ദിവസം റിയൽമി പി1 സീരീസ് ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയുണ്ടായി. ഈ രണ്ട് ലോഞ്ചുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതുകൂടാതെ ഈ മാസംതന്നെ പുതിയൊരു സ്മാർട്ട്ഫോൺകൂടി റിയൽമി ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്നു എന്ന വിവരവും ഇപ്പോൾ എത്തിയിരിക്കുന്നു. റിയൽമി നാർസോ 70എക്സ് 5ജിയാണ് (Realme Narzo 70x 5G) ആ സ്മാർട്ട്ഫോൺ.
റിയൽമി നാർസോ 70x 5G ഈ മാസം (ഏപ്രിൽ) 24 ന് ഉച്ചയ്ക്ക് 12:00 ന് (IST) ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിയൽമി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ലോഞ്ചിന് ശേഷം കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിനൊപ്പം ആമസോൺ വഴിയും ഈ ഫോൺ ലഭ്യമാകും എന്ന വിവരവും റിയൽമി ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്.
വരാൻ പോകുന്ന ഫോണിനെപ്പറ്റി അധിക വിവരമൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും വില സംബന്ധിച്ച ശക്തമായ സൂചന റിയൽമി ഇതോടൊപ്പം നൽകിയിട്ടുണ്ട്. കാരണം ടീസറിൽ 12,000 രൂപയിൽ താഴെ വിലയിൽ ഈ ഫോൺ ഇന്ത്യയിൽ ലഭ്യമാകും എന്ന് റിയൽമി വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഉപയോക്താക്കൾക്കുള്ള ഒരു അറിയിപ്പ് കൂടിയാണ്.

കാരണം, വിവിധ ബ്രാൻഡുകൾ ദിവസവും പുതിയ ഫോണുകൾ പുറത്തിറക്കുന്നു. അതിൽത്തന്നെ 15000 രൂപയിൽ താഴെയുള്ള സെഗ്മെന്റിലും ശക്തമായ മത്സരം നടക്കുന്നു. ഉപയോക്താവിന്റെ ബജറ്റ് 12000 രൂപയിൽ താഴെയാണ് എങ്കിൽ പുതിയ ഏതെങ്കിലും ബ്രാൻഡ് ആ വിലയ്ക്ക് ഒരു ഫോൺ അവതരിപ്പിച്ചാൽ ചാടിക്കേറി അത് വാങ്ങാതെ, തങ്ങളുടെയീ ഫോണിനായി കാത്തിരിക്കാൻ വില സൂചനയിലൂടെ റിയൽമി പറയാതെപറയുന്നു.
6.72 ഇഞ്ച് ഡിസ്‌പ്ലേയും മീഡിയടെക് ഡൈമൻസിറ്റി ചിപ്‌സെറ്റും ഈ ഫോണിലുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 45W SuperVOOC ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 120Hz റിഫ്രഷ് റേറ്റും 5,000mAh ബാറ്ററിയും IP54 ഡസ്റ്റ് ആൻഡ് വാട്ടർ സ്പ്ലാഷ് റെസിസ്റ്റൻസ് റേറ്റിങ്ങും ഈ റിയൽമി നാർസോ ഫോണിലുണ്ടെന്ന് ഇതിനകം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
നാർസോ 70x 5ജിയുടെ മറ്റ് ഫീച്ചറുകൾ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ടിപ്സ്റ്റർ അഭിഷേക് യാദവ് ലീക്ക് റിപ്പോർട്ടുകളിലൂടെ ചിലത് വെളിപ്പെടുത്തിയിട്ടുണ്ട്. മാലി-G57 MC2 GPU-മായി ജോടിയാക്കിയ മീഡിയടെക് ഡിമെൻസിറ്റി 6100+ ചിപ്സെറ്റാകും ഇതിലുണ്ടാകുക. 50MP മെയിൻ ക്യാമറയും 2MP സെക്കൻഡറി സെൻസറുമുള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും 8MP ഫ്രണ്ട് ക്യാമറയും അടങ്ങുന്നതാകും ഇതിലെ ക്യാമറ ഡിപ്പാർട്ട്മെന്റ്.


Click it and Unblock the Notifications








