റിയൽമി പറഞ്ഞാൽ പറഞ്ഞതാ! 10000 രൂപയിൽ താഴെ വിലയിൽ പുതിയ 5G ഫോണെത്തി; പേര് നാർസോ 80 ലൈറ്റ് 5G
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ റിയൽമിയുടെ അത്രയും സ്മാർട്ട്ഫോണുകൾ ഇറക്കുന്ന ബ്രാൻഡുകൾ വേറെയുണ്ടോ എന്ന് സംശയമാണ്. വിവിധ സീരീസുകളിലായി നിരവധി സ്മാർട്ട്ഫോണുകളാണ് മാസം തോറും എത്തിക്കൊണ്ടിരിക്കുന്നത്. ഏത് സെഗ്മെന്റ് എടുത്തുനോക്കിയാലും അവിടെയെല്ലാം റിയൽമിയുടെ പുതിയ ഏതെങ്കിലുമൊരു സ്മാർട്ട്ഫോൺ സീരീസും അതിന്റെ അനുബന്ധ മോഡലുകളും കാണാനാകും. പതിനായിരം രൂപയിൽ താഴെ വിലയിൽ ഒരു 5ജി ഫോൺ തേടുന്നവർ നിരവധിയുണ്ട്. അവർക്കായി റിയൽമി ഇന്ന് ഇന്ത്യയിൽ ഒരു പുതിയ ബജറ്റ് 5ജി ഫോൺ അവതരിപ്പിച്ചിരിക്കുന്നു. റിയൽമി നാർസോ 80 ലൈറ്റ് 5ജി (realme NARZO 80 Lite 5G) എന്നാണ് അതിന്റെ പേര്.
റിയൽമി നാർസോ 80 സീരീസിന്റെ ഭാഗമായാണ് ഈ ലൈറ്റ് മോഡൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. അടുത്തിടെ ഇതേ സീരീസിൽ നാർസോ 80x 5G അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഒരു ബജറ്റ് ഓപ്ഷൻ കൂടി റിയൽമി അവതരിപ്പിച്ചിരിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്സെറ്റ് കരുത്തിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത്.

ബജറ്റ് വിലയിൽ എത്തുന്നു എങ്കിലും ആ വിലയ്ക്ക് ഉള്ളിൽ നിന്നുകൊണ്ട് നൽകാവുന്ന മികച്ച ഫീച്ചറുകൾ ഇതിൽ ലഭ്യമാക്കിയിട്ടുണ്ട് എന്ന് റിയൽമി പറയുന്നുണ്ട്. 6GB വരെ റാമും 12GB വരെ വെർച്വൽ റാമും ഈ ബജറ്റ് 5ജി ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ 6000mAh ബാറ്ററി അടക്കമുള്ള മികച്ച ഫീച്ചറുകളും ഇതിലുണ്ട്.
റിയൽമി നാർസോ 80 ലൈറ്റ് 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz ഡൈനാമിക് റിഫ്രഷ് റേറ്റ് ഉള്ള 6.67-ഇഞ്ച് (1604 x 720 പിക്സലുകൾ) HD+ സ്ക്രീൻ, 240Hz ടച്ച് സാമ്പിൾ റേറ്റ്, 625 nits പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) കരുത്തിലാണ് ഇത് എത്തിയിരിക്കുന്നത്.

ആം മാലി-G57 MC2 GPU, 4GB / 6GB LPDDR4x റാം, 64GB / 128GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് 2TB വരെ വികസിപ്പിക്കാനുള്ള സൗകര്യം എന്നിവയും റിയൽമി നാർസോ 80 ലൈറ്റ് 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ UI 6.0ൽ ആണ് പ്രവർത്തനം.
f/1.8 അപ്പേർച്ചറുള്ള 32MP പിൻ ക്യാമറ, GALAXYCORE GC32E2 സെൻസർ, LED ഫ്ലാഷ് എന്നിവയാണ് റിയൽമി നാർസോ 80 ലൈറ്റ് 5ജിയുടെ റിയർ ക്യാമറ സജ്ജീകരണത്തിൽ ഉള്ളത്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.0 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ക്യാമറയും ഇതിൽ ഉണ്ട്.
സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, 1115 അൾട്രാ ലീനിയർ ബോട്ടം-പോർട്ടഡ് സ്പീക്കർ, IP64 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA (n1/3/5/8/28B/40/41/77/78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

15W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററിയും റിയൽമി നാർസോ 80 ലൈറ്റ് 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നു. 165.6×76.22×7.94mm വലിപ്പവും 197 ഗ്രാം ഭാരവും ഈ റിയൽമി ഫോണിനുണ്ട്. ക്രിസ്റ്റൽ പർപ്പിൾ, ഓണിക്സ് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ വാങ്ങാൻ ലഭ്യമാകുക.
റിയൽമി നാർസോ 80 ലൈറ്റ് 5ജിയുടെ 4GB + 128GB അടിസ്ഥാന വേരിയന്റിന് 10,499 രൂപയും 6GB + 128GB വേരിയന്റിന് 11,499 രൂപയുമാണ് യഥാർഥ വില. എന്നാൽ അടിസ്ഥാന മോഡൽ 500 രൂപ ഡിസ്കൗണ്ട് സഹിതം 9999 രൂപ വിലയിലും ഉയർന്ന മോഡൽ 700 രൂപ ഡിസ്കൗണ്ടിന് ശേഷം 10,799 രൂപ വിലയിലും വാങ്ങാനാകും. ജൂൺ 23 മുതൽ ആമസോൺ വഴിയാണ് വിൽപ്പന ആരംഭിക്കുക.


Click it and Unblock the Notifications








