ഡിസംബർ 16ന് ഇന്ത്യയിൽ വരും! 7000mAh ടൈറ്റൻ ബാറ്ററിയുമായി റിയൽമി നാർസോ 90, നാർസോ 90x മോഡലുകൾ
റിയൽമി തങ്ങളുടെ ഏറെ പ്രശസ്തമായ നാർസോ സീരീസിൽ പുതിയ രണ്ട് സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കാൻ പോകുന്നു. നാർസോ 80 സീരീസിന്റെ പിൻഗാമിയായി റിയൽമി നാർസോ 90 സീരീസ് ഡിസംബർ 16ന് ലോഞ്ച് ചെയ്യും എന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നു. റിയൽമി നാർസോ 90 (realme Narzo 90), നാർസോ 90x (realme Narzo 90x) എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഈ സീരീസിൽ എത്തുന്നത് എന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 7000mAh ടൈറ്റൻ ബാറ്ററിയും 60W ഫാസ്റ്റ് ചാർജ് പിന്തുണയും ഈ പുതിയ നാർസോ സീരീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതും റിയൽമി സ്ഥിരീകരിച്ചിട്ടുണ്ട്.
റിയൽമി നാർസോ 90 വിദ്യാർത്ഥികളെയും എൻട്രി ലെവൽ പ്രൊഫഷണലുകളെയും ലക്ഷ്യം വച്ചുള്ളതാണ്. റിയൽമി നാർസോ 90x ബജറ്റ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് എത്തുന്ന ഒരു മോഡൽ ആയിരിക്കും. ഇവയുടെ വില സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. പൊതുവെ റിയൽമി നാർസോ സീരീസ് 20000 രൂപയിൽ താഴെ വിലയിലാണ് എത്താറുള്ളത്.

റിയൽമി നാർസോ 90
7,000mAh ബാറ്ററിയും 60W ഫാസ്റ്റ് ചാർജിംഗും ഈ മോഡലിൽ ഉണ്ട് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ 4,000 nits പീക്ക് ബ്രൈറ്റ്‌നസ് ഡിസ്‌പ്ലേയും, ഡ്യുവൽ 50MP ക്യാമറകളും ഇതിൽ ഉണ്ട്. ആറ് വർഷത്തെ ബാറ്ററി ലൈഫ് ഗ്യാരണ്ടിയും സ്മാർട്ട്‌ഫോണിന് ഉണ്ടെന്ന് പറയപ്പെടുന്നു. പൊടി, ജല സംരക്ഷണത്തിനായി IP66, IP68, IP69 റേറ്റിംഗുകളും സ്മാർട്ട്‌ഫോണിൽ ഉണ്ടായിരിക്കും.
ലളിതവും ഭാരം കുറഞ്ഞതുമായ ഡിസൈൻ നിലനിർത്തിക്കൊണ്ട് ദിവസം മുഴുവൻ സ്ഥിരതയുള്ള പ്രകടനം വാഗ്ദാനം ചെയ്യുന്നതിനാണ് നാർസോ 90 രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് റിയൽമി പറയുന്നു. AI എഡിറ്റ് ജെനി, AI എഡിറ്റർ എന്നീ ഫീച്ചറുകളോടെയാണ് റിയൽമി നാർസോ 90 എത്തുകയെന്നും കമ്പനി വിശീകരിക്കുന്നു.

റിയൽമി നാർസോ 90x
ഈ റിയൽമി നാർസോ മോഡലിലും 60W ഫാസ്റ്റ് ചാർജിംഗുള്ള 7,000mAh ബാറ്ററിയുണ്ട്. പഠനം, ഗെയിമിംഗ്, വിനോദം എന്നിവയ്ക്കായി ദീർഘനേരം ഉപയോഗിക്കേണ്ട കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം വച്ചുള്ളതാണ് ഈ മോഡൽ. 1,200 nits പീക്ക് ബ്രൈറ്റ്‌നസ് സഹിതം 144Hz റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേയും ഇതിലുണ്ടാകും.
50MP സോണി AI ക്യാമറയും മീഡിയ പ്ലേബാക്കിനായി 400 ശതമാനം അൾട്രാ- വോളിയം സ്പീക്കറുകളും ഫോണിൽ ഉൾപ്പെടുന്നു. സുഗമമായ ഡിസ്‌പ്ലേ പെർഫോമൻസ്, മെച്ചപ്പെട്ട മൾട്ടിമീഡിയ എക്സ്പീരിയൻസ്, വിപുലീകൃത ബാറ്ററി ലൈഫ് എന്നിവയിൽ റിയൽമി നാർസോ 90x ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന് കമ്പനി വിശദീകരിക്കുന്നു.
പൂർണ്ണ ചാർജിൽ 19 മണിക്കൂർ വരെ വീഡിയോ, 23.6 മണിക്കൂർ ഗെയിമിംഗ്, 89.7 മണിക്കൂർ മ്യൂസിക്, 104.2 മണിക്കൂർ കോളുകൾ എന്നിവയെ ഇതിലെ ബാറ്ററി പിന്തുണയ്ക്കുമെന്ന് റിയൽമി പറയുന്നു. 6 മിനിറ്റ് ചാർജ് ചെയ്താൽ 5.5 മണിക്കൂർ കോളുകൾ, 2.1 മണിക്കൂർ ഓൺലൈൻ വീഡിയോ ഗെയിമിംഗ്, 12.3 മണിക്കൂർ സംഗീതം അല്ലെങ്കിൽ 2.5 മണിക്കൂർ ചാറ്റ് എന്നിവ സാധ്യമാകും.

2025 ഡിസംബർ 16ന് ലോഞ്ച് ചെയ്തതിന് ശേഷം, റിയൽമി നാർസോ 90, നാർസോ 90x മോഡലുകൾ റിയൽമിയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റ്, ആമസോൺ എന്നിവ വഴി വാങ്ങാൻ ലഭ്യമാകും. ഈ ഫോണുകളുടെ കൂടുതൽ ഫീച്ചറുകൾ ലോഞ്ചിനോട് അനുബന്ധമായി വരുംദിവസങ്ങളിൽ ലഭ്യമാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.


Click it and Unblock the Notifications








