മെലിഞ്ഞ് സുന്ദരിയായി സ്വർണപ്പട്ടുമണിഞ്ഞവൾ എഴുന്നെള്ളുന്നു; റിയൽമി നാർസോ എൻ53 ഈ ദിവസം ഇന്ത്യയിലെത്തും | Realme
റിയൽമി നാർസോ എൻ53 (Realme Narzo N53) മെയ് 18 -ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. തങ്ങൾ അവതരിപ്പിച്ചിട്ടുള്ളവയിൽ വച്ച് ഏറ്റവും സ്ലിമ്മായ ഡിവൈസ് എന്നാണ് നാർസോ എൻ53 സ്മാർട്ട്ഫോണിനെ കമ്പനി വിശേഷിപ്പിക്കുന്നത്. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി ഫോണിന്റെ ഡിസൈൻ ഫീച്ചറുകളും മറ്റും റിയൽമി പുറത്ത് വിട്ടിരുന്നു.
നാർസോ എൻ സീരീസിൽ രണ്ട് മാസത്തിനുള്ളിൽ പുറത്തിറങ്ങുന്ന രണ്ടാമത്തെ സ്മാർട്ട്ഫോണാണ് എൻ53 എന്നൊരു പ്രത്യേകതയുമുണ്ട്. കഴിഞ്ഞ മാസം നാർസോ എൻ55 സ്മാർട്ട്ഫോണും (Realme Narzo N55) കമ്പനി ലോഞ്ച് ചെയ്തിരുന്നു. ബേസ് വേരിയന്റിന് 10,999 നിരക്കിലാണ് നാർസോ എൻ55 റിയൽമി വിപണിയിൽ എത്തിച്ചത്. ക്യാമറ സജ്ജീകരണത്തിൽ കൂടുതൽ ശ്രദ്ധ നൽകി തയ്യാറാക്കിയ ഫോൺ നൽകുന്ന കാശിനുള്ള പെർഫോമൻസ് ഓഫർ ചെയ്യുന്നുണ്ട്. എൻ55 അവതരിപ്പിച്ച് അധികം വൈകാതെ തന്നെയാണ് റിയൽമി എൻ53യും ലോഞ്ചിന് എത്തുന്നതെന്നതും സവിശേഷതയാണ്.

നമ്പർ സീരീസിലെ ക്രമം പരിഗണിക്കുകയാണെങ്കിൽ റിയൽമി നാർസോ എൻ53യ്ക്ക് നാർസോ എൻ55 സ്മാർട്ട്ഫോണിനെക്കാളും വില കുറവായിരിക്കാൻ സാധ്യത കൽപ്പിക്കുന്നുണ്ട്. എന്തായാലും ലോഞ്ച് ദിനങ്ങൾ അടുത്തതോടെ ആമസോണിൽ റിയൽമി നാർസോ എൻ53 സ്മാർട്ട്ഫോണിന്റെ ഒരു മൈക്രോ സൈറ്റ് ലഭ്യമാക്കിയിട്ടുണ്ട്. കമ്പനി വെബ്സൈറ്റിലും ഫോണിനെക്കുറിച്ചുള്ള പരിമിതമായ വിവരങ്ങൾ നൽകിയിരിക്കുന്നു. ഈ രണ്ട് സോഴ്സുകൾ അനുസരിച്ച് റിയൽമി നാർസോ എൻ53 സ്മാർട്ട്ഫോണിനെക്കുറിച്ച് കൺഫേം ചെയ്യാവുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
മൈക്രോ സൈറ്റിലെ ഔദ്യോഗിക ചിത്രം അനുസരിച്ച് നാർസോ എൻ53 സ്മാർട്ട്ഫോൺ യുണിക്കായ ഗോൾഡ് ഫിനിഷിൽ (Gold Finish) ലഭ്യമാകും. എൻ55 ഈ കളറിൽ ലഭ്യമല്ലായിരുന്നുവെന്ന് ഓർക്കണം. കാലിഫോർണിയ സൺഷൈൻ എന്നാണ് ഡിസൈനിന് കമ്പനി നൽകിയിരിക്കുന്ന പേര്. ഗോൾഡ് ഫിലമെന്റ് കോട്ടിങ്ങാണ് ഡിവൈസിന്റെ സ്വർണനിറത്തിന് കാരണം. 7.49 mm തിക്ക്നസും റിയൽമിയുടെ ഏറ്റവും സ്ലിം ആയ ഫോണിനുണ്ട്.

റിയൽമി നാർസോ എൻ53 സ്മാർട്ട്ഫോണിന്റെ റിയർ ക്യാമറ മൊഡ്യൂളിൽ മൂന്ന് കട്ടൗട്ടുകളുണ്ട്. അതിനാൽ തന്നെ കാഴ്ചയിൽ ഡിവൈസ് ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഫീച്ചർ ചെയ്യുന്നതായി തോന്നും. എന്നാൽ രണ്ട് ക്യാമറ സെൻസറുകൾ മാത്രമാണ് ഡിവൈസിൽ നൽകിയിരിക്കുന്നത്. അതായത് റിയൽമി നാർസോ എൻ53 ഡ്യുവൽ റിയർ ക്യാമറ (Dual Rear Camera Setup) സജ്ജീകരണവുമായി വരുന്നു. മൂന്നാമത്തെ കട്ട്ഔട്ടിൽ എൽഇഡി ഫ്ലാഷും കൊടുത്തിരിക്കുന്നു.
റിയൽമി നാർസോ എൻ53 സ്മാർട്ട്ഫോണിലെ വോളിയം റോക്കറുകളും പവർ ബട്ടണും ഡിവൈസിന്റെ വലത് വശത്താണ് കൊടുത്തിരിക്കുന്നത്. പവർ ബട്ടണിൽ തന്നെ ഫിംഗർപ്രിന്റ് സ്കാനറും നൽകിയിരിക്കാനാണ് സാധ്യത. ഡിസ്പ്ലെയിൽ വാട്ടർഡ്രോപ്പ് നോച്ചിനുള്ളിൽ സെൽഫി ക്യാമറയും റിയൽമി നാർസോ എൻ53 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. ആമസോണിലെ മൈക്രോ സൈറ്റിൽ എൻ53യുടെ ചാർജിങ് ഫീച്ചറുകളെക്കുറിച്ചും കമ്പനി വാചാലമാകുന്നുണ്ട്.
സെഗ്മെന്റ് ബെസ്റ്റ് ചാർജിങ് എന്നൊരു അവകാശവാദത്തോടെയാണ് റിയൽമി നാർസോ എൻ53 സ്മാർട്ട്ഫോൺ കമ്പനി അവതരിപ്പിക്കുന്നത്. 5000 mAh ബാറ്ററി റിയൽമി നാർസോ എൻ53 സ്മാർട്ട്ഫോണിന് പവർ നൽകുന്നു. 33W സൂപ്പർവൂക്ക് ചാർജിങ് സപ്പോർട്ടും ഫോണിൽ കൊടുത്തിട്ടുണ്ട്. ഫോൺ 50 ശതമാനം ചാർജ് ചെയ്യാൻ 34 മിനുറ്റ് മാത്രം മതിയെന്നും മൈക്രോസൈറ്റിൽ കമ്പനി അവകാശപ്പെടുന്നുണ്ട്. ഇതിനൊപ്പം ഓവർ ടെമ്പറേച്ചർ പ്രൊട്ടക്ഷനും ഡിവൈസ് ഫീച്ചർ ചെയ്യുന്നു.
റിയൽമി നാർസോ എൻ53 സ്മാർട്ട്ഫോണിന്റെ ലോഞ്ചുമായി ബന്ധപ്പെട്ട് ഡിസ്കൌണ്ടുകളും എക്സ്ചേഞ്ച് ഓഫറുകളുമൊക്കെ ബ്രാൻഡ് അവതരിപ്പിക്കുന്നുണ്ട്. മെയ് 18 -ാം തീയതി ഉച്ചയ്ക്ക് 12 മണിക്കാണ് റിയൽമി നാർസോ എൻ53 സ്മാർട്ട്ഫോൺ ലോഞ്ച് ആകുന്നത്. ലോഞ്ചിന് മുന്നോടിയായി സ്മാർട്ട്ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും കമ്പനി പുറത്ത് വിടും. വിലയടക്കമുള്ള വിശദാംശങ്ങൾക്കായി ലോഞ്ച് ദിവസം വരെ കാത്തിരിക്കേണ്ടിയും വരാം.


Click it and Unblock the Notifications








