ഇതാ പുതിയ 'പവറേഷ് കുമാർ പി. പി'! 120Hz കർവ്ഡ് ഡിസ്‌പ്ലേ, 80W അൾട്രാ ചാർജ് സഹിതം റിയൽമി P2 Pro 5G വരുന്നു
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമി തങ്ങളുടെ പി സീരീസിൽ പുത്തൻ സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ തയാറെടുത്തിരിക്കുന്നു. റിയൽമി പി1 പ്രോയുടെ പിൻഗാമിയായി പുതിയ റിയൽമി പി2 പ്രോ (Realme P2 Pro) 5ജി സെപ്റ്റംബർ 13 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിയൽമി സ്ഥിരീകരിച്ചു. 80W ഫാസ്റ്റ് ചാർജിങ് പിന്തുണ, 120Hz കർവ്ഡ് AMOLED ഡിസ്‌പ്ലേ എന്നീ ഫീച്ചറുകൾ ഈ സ്മാർട്ട്ഫോണിൽ ഉണ്ടാകുമെന്നും റിയൽമി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വർഷത്തിന്റെ തുടക്കം മുതലുള്ള സ്മാർട്ട്ഫോൺ ലോഞ്ചുകൾ പരിഗണിച്ചാൽ ഏറ്റവുമധികം സ്മാർട്ട്ഫോൺ മോഡലുകൾ ലോഞ്ച് ചെയ്ത ബ്രാൻഡ് എന്ന സ്ഥാനം റിയൽമിക്കായിരിക്കും. അത്രയധികം ഫോണുകളാണ് റിയൽമി പുറത്തിറക്കിയത്.
ഈ വർഷം ഏപ്രിലിലാണ് റിയൽമി പി1 സീരീസ് അവതരിപ്പിച്ചത്. അതിൽ റിയൽമി പി1, റിയൽമി പി1 പ്രോ എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അടുത്ത ഘട്ടമായി പി2 പ്രോ എന്ന ഒറ്റ മോഡൽ വരുന്ന കാര്യം മാത്രമേ കമ്പനി വെളിപ്പെടുത്തിയിട്ടുള്ളൂ. റിയൽമി പി1 പോലെ റിയൽമി പി2 മോഡലും പി2 പ്രോയ്ക്ക് ഒപ്പമോ പിന്നാലെയോ എത്തുമോയെന്ന് ഇപ്പോൾ വ്യക്തമല്ല.

റിയൽമി സെപ്റ്റംബർ 9ന് നാർസോ സീരീസിൽ പുതിയ റിയൽമി നാർസോ 70 ടർബോ 5ജി ലോഞ്ച് ചെയ്യുന്നുണ്ട്. ഇതുമായി ബന്ധിപ്പിച്ച് തന്നെയാണ് റിയൽമി പി2 പ്രോ 5ജിയും എത്തുന്നത് എന്ന് 91മൊബൈൽസ് റിപ്പോർട്ട് ചെയ്യുന്നു. റിയൽമി നാർസോ 70 ടർബോ 5ജിയുടെ വില കുറഞ്ഞ മോഡലാകാം പി2 പ്രോ 5ജി എന്നും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്.
അതായത് റിയൽമി പി2 പ്രോ 5ജി 25000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ ആകും പുറത്തിറങ്ങുക. ഇതിനകം ലോഞ്ച് ചെയ്യപ്പെട്ട പി1 സീരീസ് ഫോണുകളുടെ വില 22000 രൂപയിൽ താഴെയായിരുന്നു. പി1 പ്രോയെക്കാൾ നവീകരിക്കപ്പെട്ട ഫീച്ചറുകൾ പുതിയ റിയൽമി പി2 പ്രോ അവതരിപ്പിക്കും. അതിനാൽ വിലയും മുൻ മോഡലിനെക്കാൾ അൽപ്പം ഉയരുമെന്നാണ് വിലയിരുത്തൽ.

80W അൾട്രാ ചാർജ് ഫീച്ചറുള്ള സെഗ്മെന്റിലെ ആദ്യ ഫോൺ എന്നാണ് റിയൽമി പി2 പ്രോയുടെ ലോഞ്ച് സ്ഥിരീകരിച്ചുകൊണ്ട് റിയൽമി വെളിപ്പെടുത്തിയത്. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റിയൽമി പി2 പ്രോ 5ജിയിൽ ഉള്ളത് എന്ന് ടീസർ വ്യക്തമാക്കുന്നു. കൂടാതെ ക്യാമറ ഡെക്കോയ്‌ക്കായി ഗോൾഡൻ റിംഗ്, പ്രധാന ക്യാമറയ്‌ക്ക് OIS പിന്തുണ എന്നിവയും ഉള്ളതായി കാണാം.
ടീസറിൽ ഗോൾഡൻ നിറമുള്ള ഫ്രെയിമിനൊപ്പം പച്ച നിറമുള്ള റിയർ പാനലുമായാണ് റിയൽമി പി2 പ്രോ 5ജി കാണപ്പെട്ടത്. 'പവർ ഓഫ് ടർബോ ടെക്‌നോളജി' പി2 പ്രോ 5ജിയിൽ ഉണ്ടാകുമെന്ന് കമ്പനി പറയുന്നുണ്ട്. റിയൽമി പി2 പ്രോയും നാർസോ 70 ടർബോ 5ജിയും തമ്മിലുള്ള ബന്ധം ഇതാകാം.

റിയൽമി പി1 പ്രോ 5ജി ഏറെ ജനശ്രദ്ധ നേടിയ മോഡലാണ്. പി1 പ്രോ മോഡലിനെക്കാൾ ശക്തമായ ഫീച്ചറുകൾ തന്നെ പി2 പ്രോ 5ജിയിൽ പ്രതീക്ഷിക്കാം. വരാൻ പോകുന്ന റിയൽമി പി2 പ്രോ 5ജി ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലോഞ്ചിനോട് അനുബന്ധിച്ച് വരും ദിവസങ്ങളിൽ കമ്പനി പുറത്തുവിടും. റിയൽമി പി2 പ്രോയുടെ ഡിസ്പ്ലേ ബ്രൈറ്റ്നസ്, ചിപ്സെറ്റ് എന്നിവ സെപ്റ്റംബർ 10ന് വെളിപ്പെടുത്തുമെന്ന് മൈക്രോസൈറ്റ് പറയുന്നു.


Click it and Unblock the Notifications