വരാനുള്ളത് വഴിയിൽ തങ്ങിയില്ല! 7999 രൂപ വിലയിൽ കിട്ടും; റിയൽമി P4 ലൈറ്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു
റിയൽമി തങ്ങളുടെ പി4 സീരീസിൽ ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. ഇതിനകം റിയൽമി പി4 5ജി, റിയൽമി പി4 പ്രോ 5ജി, റിയൽമി പി4എക്സ് 5ജി, റിയൽമി പി4 പവർ 5ജി എന്നിങ്ങനെ നാല് കരുത്തൻ 5ജി ഫോണുകൾ അവതരിപ്പിച്ചിട്ടുള്ള റിയൽമി ഇപ്പോൾ ഒരു ബജറ്റ് ഓപ്ഷൻ എന്ന നിലയിൽ റിയൽമി പി4 ലൈറ്റ് 5ജി (realme P4 Lite 4G) എന്ന മോഡലാണ് അവതരിപ്പിച്ചിരിക്കുന്നത്. കുറഞ്ഞ വിലയിലാണ് ലഭ്യമായിരിക്കുന്നത് എങ്കിലും ഇത് ഒരു 4ജി ഫോൺ ആണ് എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക.
യൂണിസോക് T7250 ഒക്ടാ കോർ പ്രോസസർ കരുത്തിലാണ് റിയൽമി പി4 ലൈറ്റ് 4ജി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ബജറ്റ് 5ജി ഫോണുകൾ വിപണിയിൽ പതിനായിരം രൂപ വിലയിൽ ലഭ്യമായിട്ടുള്ളപ്പോഴും ഒരു 4ജി ഫോൺ ബജറ്റ് ഓപ്ഷൻ എന്ന പേരിൽ 9999 രൂപ പ്രാരംഭ വിലയിൽ അവതരിപ്പിച്ച റിയൽമിയുടെ തന്ത്രം എന്താണ് എന്ന് വ്യക്തമല്ല. വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നതിനാലാകാം 5ജി ഫോണുകളുടെ നിരയിലേക്ക് ഈ 4ജി ഫോണും എത്തിയിരിക്കുന്നത്.

ഒമ്പത് നിറങ്ങളും അഞ്ച് ഇഷ്ടാനുസൃതമാക്കാവുന്ന ഗ്ലോയിംഗ് മോഡുകളും പിന്തുണയ്ക്കുന്ന ഒരു പൾസ് ലൈറ്റ് ഡിസൈൻ ഈ ഫോണിനുണ്ട്. കോളുകൾ, സന്ദേശങ്ങൾ, ചാർജിംഗ് സ്റ്റാറ്റസ് എന്നിവയോട് ഈ ലൈറ്റുകൾ ചലനാത്മകമായി പ്രതികരിക്കുന്നു. 5ജി ഇല്ല എന്നത് മാറ്റി നിർത്തിയാൽ താങ്ങാനാകുന്ന വിലയിൽ നൽകാൻ കഴിയുന്ന മാന്യമായ ഫീച്ചറുകൾ ഇതിലുണ്ട്.
6300mAh ബാറ്ററി ഈ ബജറ്റ് സ്മാർട്ട്ഫോണിലുണ്ട്. കൂടാതെ മികച്ച ഈടും ഉറപ്പാക്കിയിരിക്കുന്നു. ആർമർഷെൽ പ്രൊട്ടക്ഷൻ, 1.8 മീറ്റർ ഡ്രോപ്പ്, 33kg പ്രഷർ ടെസ്റ്റ് എന്നിവയുൾപ്പെടെ മിലിട്ടറി-ഗ്രേഡ് ഡ്രോപ്പ്, കംപ്രഷൻ ടെസ്റ്റുകൾ വിജയകരമായി വിജയിച്ച ഈ മോഡൽ ഏത് ദുർഘട സാഹചര്യത്തിലും മികച്ച ഈട് ഉറപ്പാക്കുന്നുവെന്ന് കമ്പനി പറയുന്നു.

പ്രധാന ഫീച്ചറുകൾ
6.67-ഇഞ്ച് (720×1600 പിക്സലുകൾ) HD+ IPS LCD സ്ക്രീൻ, 90Hz റിഫ്രഷ് റേറ്റ്, പരമാവധി 450nit (ടൈപ്പ്) / 563nit (HBM) എന്നിവ ഇതിലുണ്ട്. 1.8 GHz ഒക്ടാ-കോർ UNISOC T7250 12nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. Mali-G57 MP1 GPU ഇതോടൊപ്പം എത്തുന്നു.
4GB LPDDR4X റാം, 64GB / 128GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഈ 4ജി ഫോണിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ആണ് ഇതിലുള്ളത്.
ഓമ്‌നിവിഷൻ OV13B സെൻസറുള്ള 13MP മെയിൻ ക്യാമറ (f/2.2 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവയുള്ള റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി f/2.2 അപ്പേർച്ചറുള്ള 5MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. പൊടിയും വീഴ്ചയും പ്രതിരോധിക്കാൻ IP54 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD 810H) എന്നിവയും ഉണ്ട്.

ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C, 3.5mm ഓഡിയോ ജാക്ക്, അൾട്രാ-ലീനിയർ ബോട്ടം-പോർട്ടഡ് സ്പീക്കർ, 15W ഫാസ്റ്റ് ചാർജിംഗ്, 6W റിവേഴ്സ് വയർഡ് ചാർജിംഗ് എന്നിവയുള്ള 6300mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
വിലയും ലഭ്യതയും
റിയൽമി P4 ലൈറ്റ് 4ജിയുടെ 4GB+64GB അടിസ്ഥാന വേരിയന്റിന് 9999 രൂപയും 4GB+128 വേരിയന്റിന് 11999 രൂപയുമാണ് വില. എന്നാൽ 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും 1000 രൂപ കൂപ്പൺ ഡിസ്കൗണ്ടും ലഭ്യമായതിനാൽ ഇത് 7999 രൂപ വിലയിൽ വാങ്ങാനാകും. ഫെബ്രുവരി 24 മുതൽ ആണ് വിൽപ്പന ആരംഭിക്കുക.
ഒബ്‌സിഡിയൻ ബ്ലാക്ക്, സീ ബ്ലൂ, ബീച്ച് ഗോൾഡ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് റിയൽമി പി4 ലൈറ്റ് 4ജി എത്തിയിട്ടുള്ളത്. ഫ്ലിപ്പ്കാർട്ട്, റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഓഫ്ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോൺ വാങ്ങാനാകും. റിയൽമിയുടെ ബജറ്റ് 5ജി ഫോണുകൾ തേടുന്നവർക്ക് സി73 പോലുള്ള മറ്റ് മോഡലുകൾ ലഭ്യമാണ്.


Click it and Unblock the Notifications








