ഇത് ആറാമത്തെ ഫോൺ ആണ്! റിയൽമി P4 ലൈറ്റ് 5G മാർച്ച് 19ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും
റിയൽമി തങ്ങളുടെ പി4 സീരീസിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്നു. പി4 സീരീസിലെ ഏറ്റവും വില കുറഞ്ഞ 5ജി ഫോൺ എന്ന നിലയിൽ റിയൽമി പി4 ലൈറ്റ് 5ജി (Realme P4 Lite 5G) എന്ന ഫോൺ ആണ് വരാൻ പോകുന്നത്. റിയൽമി പി4 ലൈറ്റ് 5ജി മാർച്ച് 19 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നു. റിയൽമി പി4 സീരീസിൽ എത്തുന്ന ആറാമത്തെ സ്മാർട്ട്ഫോണാണ് പി4 ലൈറ്റ് 5ജി.
റിയൽമി പി4, റിയൽമി പി4 പ്രോ, റിയൽമി പി4എക്സ്, റിയൽമി പി4 പവർ, റിയൽമി പി4 ലൈറ്റ് 4ജി എന്നിങ്ങനെ അഞ്ച് ഫോണുകൾ ഇതിനകം റിയൽമി പി4 സീരീസിൽ ഇന്ത്യയിൽ എത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവുമൊടുവിൽ അവതരിപ്പിക്കപ്പെട്ടത് പി4 ലൈറ്റ് 4ജി ആണ്, ഈ 4ജി ഫോൺ അവതരിപ്പിച്ചപ്പോൾ തന്നെ ഒരു ലൈറ്റ് 5ജിയും ഉടൻ എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു.

പ്രതീക്ഷകൾ ശരിവച്ചുകൊണ്ട് റിയൽമി പി4 ലൈറ്റ് 5ജിയുടെ ലോഞ്ച് തിയതി ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. 4ജി വേരിയന്റിനേക്കാൾ അല്പം വലുതായ 7,000എംഎഎച്ച് ബാറ്ററി പുതിയ പി4 ലൈറ്റ് 5ജിയിൽ ഉണ്ട് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്ലിപ്കാർട്ട് എക്സ്ക്ലൂസീവ് ആയിട്ടാണ് ഈ ഫോൺ എത്തുക എന്നാണ് സൂചന.
റിയൽമി പി4 ലൈറ്റ് 5ജിക്കായി ഒരു ഡെഡിക്കേറ്റഡ് മൈക്രോസൈറ്റ് ഇതിനകം തന്നെ ഫ്ലിപ്പ്കാർട്ടിൽ സജീവമായിക്കഴിഞ്ഞു. ലോഞ്ച് തിയതി സ്ഥിരീകരിച്ചുകൊണ്ട് പുറത്തിറക്കിയ ടീസറിൽ പി4 ലൈറ്റ് 5ജിയുടെ ചിത്രം ഉള്ളതിനാൽ ഇതിന്റെ ഡിസൈൻ സംബന്ധിച്ച ചില ധാരണകൾ ലഭ്യമായിട്ടുണ്ട്. 4ജി വേരിയന്റിൽ നിന്ന് വളരെ വ്യത്യസ്തമാണ് പി4 ലൈറ്റ് 5ജി എന്ന് ചിത്രം സൂചിപ്പിക്കുന്നു.

ബാറ്ററിയും ഫോണിന്റെ രൂപകൽപ്പനയും ഒഴികെ റിയൽമി പി4 ലൈറ്റ് 5ജി മോഡലിനെക്കുറിച്ച് റിയൽമി കൂടുതൽ ഡീറ്റെയിൽസ് വെളിപ്പെടുത്തിയിട്ടില്ല. ലോഞ്ചിന് ഇനിയും ദിവസങ്ങൾ ബാക്കിയുള്ളതിനാൽ വരുംദിവസങ്ങളിൽ ഫീച്ചറുകൾ ഒന്നൊന്നായി വെളിപ്പെടുത്താനാണ് സാധ്യത, അതിലൂടെ ഈ ഫോൺ സംബന്ധിച്ചുള്ള ചർച്ചകൾ സജീവമായി നിലനിർത്താൻ സാധിക്കും.
ടീസർ ചിത്രം നൽകുന്ന സൂചനപ്രകാരം, റിയൽമി പി4 ലൈറ്റ് 4ജിയിലെ ചതുരാകൃതിയിലുള്ള ഡിസൈനിന് വിപരീതമായി ലംബമായി അടുക്കിയിരിക്കുന്ന ക്യാമറ മൊഡ്യൂളാണ് പി4 ലൈറ്റ് 5ജി മോഡലിൽ ഉള്ളത്. ഡ്യുവൽ-ടോൺ ഡിസൈനും 5ജി മോഡലിന് ഉണ്ട്, അത് ഫോണിന് വളരെ ആകർഷകത്വം നൽകുന്നു.
റിയൽമി പി4 ലൈറ്റ് 4ജി, ലൈറ്റ് 5ജി എന്നീ മോഡലുകൾക്കിടയിലെ പ്രധാന വ്യത്യാസം 5ജിക്ക് പുറമേ ബാറ്ററി ശേഷി, ഡിസൈൻ മാറ്റം എന്നിവയായിരിക്കും എന്ന് കരുതപ്പെടുന്നു. റിയൽമി പി4 ലൈറ്റ് 4ജി 9,999 രൂപ വിലയിലാണ് എത്തിയത്, 5ജി മോഡലിന് കുറഞ്ഞത് 12000 രൂപയ്ക്ക് മുകളിൽ വില പ്രതീക്ഷിക്കാം.

റിയൽമി പി4 ലൈറ്റ് 4ജിയിൽ 90Hz റിഫ്രഷ് റേറ്റുള്ള 6.74 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേ, 13MP മെയിൻ ക്യാമറയും 5MP സെൽഫി ക്യാമറ എന്നിവ ഉണ്ടായിരുന്നു, അതേ ഫീച്ചറുകൾ ലൈറ്റ് 5ജി വേരിയന്റിലും പ്രതീക്ഷിക്കാം. സ്ഥിരീകരിക്കണമെങ്കിൽ വരുംദിവസങ്ങളിൽ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തേണ്ടതുണ്ട്. ഒരു പുതിയ 5ജി ഫോൺ ബജറ്റ് വിലയിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് റിയൽമി പി4 ലൈറ്റ് 5ജി പരിഗണിക്കാവുന്നതാണ്, അതിനായി മാർച്ച് 19 വരെ കാത്തിരിക്കണം.


Click it and Unblock the Notifications











