വില അറിഞ്ഞിട്ട് വാങ്ങണോയെന്ന് തീരുമാനിക്കാം! റിയൽമി P4 ലൈറ്റ് ഫെബ്രുവരി 20ന് ലോഞ്ച് ചെയ്യും
റിയൽമി ഇന്ത്യയിൽ തങ്ങളുടെ പി4 സീരീസിൽ പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ തയാറെടുത്തിരിക്കുന്നു. റിയൽമി പി4 ലൈറ്റ് (realme P4 Lite) എന്ന് പേരിട്ടിരിക്കുന്ന ഈ സ്മാർട്ട്ഫോൺ ഫെബ്രുവരി 20ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് കമ്പനി ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിച്ചുകഴിഞ്ഞു. ലൈറ്റ് എന്ന് പേരിൽ ഉള്ളതിനാൽ വില കുറഞ്ഞ മോഡലായിരിക്കും ഇത് എങ്കിലും 5ജി സ്മാർട്ട്ഫോൺ ആരാധകർ അതുകണ്ട് ഇപ്പോൾ അധികം പ്രതീക്ഷ വയ്ക്കേണ്ട എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാരണം ഇപ്പോൾ വരാൻ പോകുന്നത് ഒരു 4ജി മോഡൽ ആണ് എന്നതുതന്നെ.
ഭാവിയിൽ റിയൽമി പി4 ലൈറ്റ 5ജി എത്തിയേക്കാം, എന്നാൽ ഇപ്പോൾ ലോഞ്ച് പ്രഖ്യാപിച്ചിരിക്കുന്നത് 4ജി മോഡൽ ആണ് എന്നാണ് റിപ്പോർട്ട്. ഇനി എന്ത് വിലയിൽ ഇത് എത്തുമെന്നാണ് അറിയാനുള്ളത്. 4ജി ഫോണുകൾക്ക് പൊതുവിൽ ഡിമാൻഡ് കുറവാണ്. അതിനാൽ വില എത്രയാകും എന്നത് അനുസരിച്ചായിരിക്കും ഈ മോഡൽ ഇന്ത്യൻ വിപണിയിൽ ശ്രദ്ധിക്കപ്പെടുക.

യുവ ഉപഭോക്താക്കളെ ലക്ഷ്യമിട്ട്, ബാറ്ററി ലൈഫിലും സ്ലിം ഫോം ഫാക്ടറിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് റിയൽമി പി4 ലൈറ്റ് എത്തുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. അടുത്തിടെ പി4 സീരീസിൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട റിയൽമി പി4 പവർ 5ജി എന്ന മോഡൽ 10001mAh ബാറ്ററി അവതരിപ്പിച്ചുകൊണ്ട് വൻ ശ്രദ്ധ നേടിയിരുന്നു.
ആ പതിനായിരത്തൊന്ന് എംഎഎച്ച് ബാറ്ററി ശേഷിയുടെ അത്രയും വരുന്നില്ല എങ്കിലും റിയൽമി പി4 ലൈറ്റ് മോഡലും ബാറ്ററി ശേഷിയുടെ കാര്യത്തിൽ മോശം വരില്ല. 6300mAh ബാറ്ററിയാണ് ഈ വരാൻ പോകുന്ന റിയൽമി ലൈറ്റ് മോഡലിൽ ഉള്ളത് എന്ന് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ഇത് അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും വലിയ ബാറ്ററി ശേഷിയാണ് എന്ന് റിയൽമി അവകാശപ്പെടുന്നു.

മറ്റൊരു ശ്രദ്ധേയമായ കാര്യം ഇതിന്റെ സ്ലിം ബോഡിയാണ്. വലിയ ബാറ്ററി ശേഷി ഉണ്ടായിരുന്നിട്ടും, 7.94mm കനം മാത്രമുള്ള ഒരു സ്ലിം പ്രൊഫൈൽ ഈ ഫോൺ നിലനിർത്തുന്നു. ഇതിന്റെ ബോക്സിൽ ഫോണിനൊപ്പം ഒരു ചാർജറും ഉണ്ടാകുമെന്ന് റിയൽമി സ്ഥിരീകരിച്ചു. അതേസമയം ഇതിന്റെ വില സംബന്ധിച്ച സൂചനകൾ ലഭ്യമായിട്ടില്ല.
യൂണിസോക് T7250 ഒക്ടാ-കോർ ചിപ്‌സെറ്റാണ് റിയൽമി പി4 ലൈറ്റ് മോഡലിന് കരുത്ത് പകരുന്നത്. സ്‌ക്രീനിന് 90 Hz റിഫ്രഷ് റേറ്റ് ഉണ്ടാകുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്, എന്നാൽ വലിപ്പം വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ റിയൽമി C71-ൽ കണ്ടതുപോലെ 6.67″ HD+ LCD സ്‌ക്രീൻ ഇതിൽ പ്രതീക്ഷിക്കാമെന്ന് ഓൺലൈൻ റിപ്പോർട്ടുകൾ പറയുന്നു.
ഈടിന്റെ കാര്യമെടുത്താൽ, പൊടി, വെള്ളം, വീഴ്ച എന്നിവയെ പ്രതിരോധിക്കാൻ IP54 റേറ്റിങ് സഹിതമാണ് റിയൽമി പി4 ലൈറ്റ് മോഡൽ എത്തുന്നത്. കൂടാതെ മിലിട്ടറി ഗ്രേഡ് ഈടും ഇതിനുണ്ടാകും. യൂസർ എക്സ്പീരിയൻസ് മികച്ചതാക്കാൻ നിരവധി എഐ ഫീച്ചറുകളുടെ പിന്തുണയും ഈ ബജറ്റ് സ്മാർട്ട്ഫോൺ അവതരിപ്പിക്കും.

സർക്കിൾ ടു സെർച്ച്, AI ഫോട്ടോ എൻഹാൻസ്മെന്റ്, നോയ്‌സ് റിഡക്ഷൻ കോൾ 2.0 തുടങ്ങിയ ഫീച്ചറുകൾ ഇതിൽ ഉണ്ടാകും എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ ഡീറ്റെയിൽസ് ലോഞ്ചിന് മുന്നോടിയായി വരുംദിവസങ്ങളിൽ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു. റിയൽമി പി4 ലൈറ്റ് മോഡലിന്റെ വിലയും ലഭ്യതയും സംബന്ധിച്ച ഡീറ്റെയിൽസ് ലോഞ്ച് ദിവസം വെളിപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു.


Click it and Unblock the Notifications








