വമ്പൻ ബാറ്ററിക്കാരൻ, പോക്കറ്റ് ഫ്രണ്ട്ലി ഡിസൈൻ, ഫ്ലിപ്പ്കാർട്ട് സ്പെഷൽ; റിയൽമി P4 പവർ 5G വരുന്നു
റിയൽമി തങ്ങളുടെ പവർ സീരീസിൽ പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ തയാറെടുക്കുന്നു. റിയൽമി P4 സീരീസിന്റെ ഭാഗമായി റിയൽമി പി4 പവർ 5ജി (realme P4 Power 5G) എന്ന സ്മാർട്ട്ഫോൺ ആണ് ഇന്ത്യയിലേക്ക് എത്താൻ പോകുന്നത്. വമ്പൻ ബാറ്ററിക്കാരൻ, പോക്കറ്റ് ഫ്രണ്ട്ലി ഡിസൈൻ, ഫ്ലിപ്പ്കാർട്ട് സ്പെഷൽ എന്നിങ്ങനെ പല പ്രത്യേകതകളോടെയാണ് ഈ റിയൽമി ഫോൺ വരുന്നത്. ബാറ്ററി ശേഷി തന്നെയാകും ഈ ഫോണിന്റെ മുഖ്യ ആകർഷണം എന്നാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. റിയൽമി പി4 പവർ 5ജിയുടെ ഇന്ത്യൻ ലോഞ്ച് സൂചിപ്പിച്ചുകൊണ്ട് ഇപ്പോൾ ടീസറുകൾ പുറത്തുവരാൻ തുടങ്ങിയിരിക്കുന്നു.
ചാർജിങ് ശേഷി, ഫോം ഫാക്ടർ, ഡിവൈസ് ദീർഘായുസ്സ് എന്നിവയെക്കുറിച്ചുള്ള പ്രധാന ഫീച്ചറുകൾ ഔദ്യോഗിക ടീസറുകളിലൂടെ ഇപ്പോൾ റിയൽമി വെളിപ്പെടുത്തിയിരിക്കുന്നു. ഒറ്റ ചാർജിൽ 1.5 ദിവസത്തെ ബാറ്ററി ശേഷി റിയൽമി പി4 പവർ 5ജിയിൽ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ ഫോണിന്റെ എതിരാളികൾക്ക് ഇത്രയും നേരത്തെ ഉപയോഗത്തിന് രണ്ട് തവണ ചാർജ് ചെയ്യേണ്ടിവരുമെന്ന് റിയൽമി പറയുന്നു.

റിയൽമി പങ്കുവച്ചിരിക്കുന്ന മാർക്കറ്റിംഗ് മെറ്റീരിയലുകൾ "mAAAAAhsive" ബാറ്ററിയെ ഊന്നിപ്പറയുന്നു, ഉയർന്ന ശേഷിയുള്ള ബാറ്ററി സെൽ ഈ ഫോണിൽ ഉണ്ടാകുമെന്ന് ടീസറുകൾ സൂചിപ്പിക്കുന്നുണ്ട്. 27W റിവേഴ്‌സ് ചാർജിങ് പിന്തുണ സഹിതമാണ് ഈ ഫോൺ എത്തുക. മിക്ക സ്മാർട്ട്‌ഫോണുകളിലും കാണപ്പെടുന്ന സ്റ്റാൻഡേർഡ് 5W അല്ലെങ്കിൽ 10W റിവേഴ്‌സ് ചാർജിംഗിനേക്കാൾ വളരെ ഉയർന്ന വാട്ടേജ് ആണിത്.
27W റിവേഴ്‌സ് ചാർജിങ് പിന്തുണ ഉള്ളതിനാൽ മറ്റ് ആക്‌സസറികളോ ഡിവൈസുകളോ ചാർജ് ചെയ്യാനുള്ള ഒരു പവർ ബാങ്ക് എന്ന നിലയിൽ പ്രവർത്തിക്കാനും റിയൽമി പി4 5ജിക്ക് സാധിക്കും. ഗെയിമിംഗ് പോലുള്ള ടാസ്കുകളിൽ ഏർപ്പെട്ടിരിക്കുമ്പോൾ ഔട്ട്‌ലെറ്റിൽ നിന്ന് നേരിട്ട് പവർ ചെയ്യാൻ അനുവദിക്കുന്ന ബൈപാസ് ചാർജിങ് ടെക്നോളജി പിന്തുണയും ഈ ഫോണിലുണ്ട്.

വമ്പൻ ബാറ്ററിക്കാരൻ ആണ് എന്നതുപോലെ തന്നെ ഒരു പോക്കറ്റ് ഫ്രണ്ട്ലി ഡിസൈനുള്ള സ്മാർട്ട്ഫോണും ആണ് റിയൽമി പി4 പവർ 5ജി എന്നാണ് റിപ്പോർട്ട്. 218 ഗ്രാം ആണ് ഇതിന്റെ ഭാരം. ഇത് സ്റ്റാൻഡേർഡ് സ്മാർട്ട്‌ഫോണുകളേക്കാൾ ഭാരമേറിയതാണെങ്കിലും, വലിയ ബാറ്ററി കണക്കിലെടുക്കുമ്പോൾ ഇത് കുറവാണ് എന്ന് വിലയിരുത്തപ്പെടുന്നു.
ഒരു ഫ്ലിപ്പ്കാർട്ട് സ്പെഷൽ സ്മാർട്ട്ഫോൺ ആയിരിക്കും റിയൽമി പി4 പവർ 5ജി എന്നതാണ് മറ്റൊരു പ്രത്യേകത. അതായത് ഇത് ഫ്ലിപ്പ്കാർട്ടിൽ മാത്രമായി ലഭ്യമാകും. ജനുവരി അവസാനത്തോടെ ഈ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, കൃത്യമായ ലോഞ്ച് തീയതി ഉടൻ വരുംദിവസങ്ങളിൽ അറിയാൻ കഴിയും.
റിയൽമി പി4 പവർ 5ജി സ്ഥിരമായി "മാക്സ് റിഫ്രഷ് റേറ്റ്" നിലനിർത്തുമെന്നും, മറ്റ് ഡിവൈസുകളിൽ വൈദ്യുതി ലാഭിക്കാൻ പലപ്പോഴും ഉപയോഗിക്കുന്ന 60Hz ലേക്ക് ഡൈനാമിക് ഡ്രോപ്പുകൾ ഒഴിവാക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സ്ഥിരതയുള്ള ഫ്രെയിം റേറ്റ്സും തെർമൽ മാനേജ്‌മെന്റും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു, ഇത് "10%" ബാറ്ററി ലൈഫിൽ പോലും കൂളായി തുടരുമെന്ന് റിയൽമി പറയുന്നു.

പെൻസിൽ തിൻ ബോഡിയാണ് റിയൽമി പി4 പവർ 5ജിക്ക് ഉള്ളത് എന്ന് റിയൽമി പറയുന്നു. ലോഞ്ചിന് മുന്നോടിയായി റിയൽമി വെബ്സൈറ്റിൽ ഈ മോഡലിന്റെ പ്രത്യേക പേജും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിൽ ചില ഫീച്ചറുകളൊക്കെ കമ്പനി വെളിപ്പെടുത്തുന്നുണ്ട്. 7000mAh ന് മുകളിലായിരിക്കും ഇതിന്റെ ബാറ്ററി ശേഷിയെന്ന് ഈ പേജ് പറയുന്നു. കൂടാതെ 3 ഒഎസ് അപ്ഡേറ്റുകളും നാല് വർഷ സുരക്ഷാ അപ്ഡേറ്റുകളും ഇതിന് ലഭിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications








