വരുന്നുണ്ട്, പുതിയ പവർ 'സ്റ്റാർ'! റിയൽമി പി സീരീസിലേക്ക് പുതിയ ഫോണിന്റെ വരവ് സ്ഥിരീകരിച്ച് കമ്പനി
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ സജീവ സാന്നിധ്യമായ റിയൽമി തങ്ങളുടെ P സീരീസിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി അവതരിപ്പിക്കാൻ തയാറെടുത്തിരിക്കുന്നു. ഇതിന്റെ സൂചന നൽകിക്കൊണ്ട് റിയൽമി തങ്ങളുടെ വെബ്സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും പുതിയ സീരീസിനായി മൈക്രോ സൈറ്റുകൾ ആരംഭിച്ചുകഴിഞ്ഞു. നിലവിലുള്ള പി3 സീരീസീന് പിൻഗാമിയായി പി4 സീരീസിൽ പുതിയ ഫോണുകൾ എത്താൻ പോകുന്നു എന്നാണ് ഇതിലൂടെ റിയൽമി പറയാതെ പറഞ്ഞിരിക്കുന്നത്. എന്നാൽ അവതരിപ്പിക്കാൻ പോകുന്ന മോഡൽ ഏതാണ് എന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഇത് റിയൽമി പി4 പ്രോ 5ജി (realme P4 Pro 5G) ആണെന്നാണ് ചില ഓൺലൈൻ റിപ്പോർട്ടുകൾ വന്നിരിക്കുന്നത്.
RMX5116 എന്ന മോഡൽ നമ്പറുള്ള ഒരു പുതിയ റിയൽമി ഫോൺ ഗീക്ക്ബെഞ്ച് ലിസ്റ്റിംഗുകളിൽ പ്രത്യക്ഷപ്പെട്ടു, സ്നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്സെറ്റും 12ജിബി റാം ഈ ഫോണിലുണ്ട് എന്ന് ലിസ്റ്റിങ് പറയുന്നു. ഈ ഫോൺ റിയൽമി പി3 പ്രോയുടെ പിൻഗാമിയായി എത്താൻ പോകുന്ന റിയൽമി പി4 പ്രോ 5G ആണെന്ന് പറയപ്പെടുന്നു.

റിയൽമി പി4 സീരീസിൽ ആദ്യം അവതരിപ്പിക്കപ്പെടുന്ന മോഡൽ റിയൽമി പി4 പ്രോ 5ജി ആണ് എന്നാണ് ലീക്ക് റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. വരാൻ പോകുന്ന ഈ ഫോണിന്റെ ഫീച്ചറുകൾ സംബന്ധിച്ച പല വെളിപ്പെടുത്തലുകളും വരാൻ തുടങ്ങിയിട്ടുണ്ട്. അതിൽ, ഏറ്റവും പ്രധാനപ്പെട്ടതായി തോന്നുന്നത് റെഡ്ഡിറ്റിലെ @realeaks ന്റെ വെളിപ്പെടുത്തൽ ആണ്.
റിയൽലീക്ക്സിന്റെ വെളിപ്പെടുത്തലിൽ പറയുന്നത് റിയൽമി പി4 പ്രോയുടെ ഡിസൈൻ അടുത്തിടെ ഇറങ്ങിയ റിയൽമി 15 ന് സമാനമാണ് എന്നാണ്. ഇത് സ്നാപ്ഡ്രാഗൺ 7 ജെൻ 4 SoC കരുത്തോടെ എത്തുന്നു. കൂടാതെ ഒരു ഹൈപ്പർ വിഷൻ ചിപ്പും ഇതിലുണ്ട് എന്നാണ് ലീക്ക് റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്.
6.8 ഇഞ്ച് 1.5K 144Hz AMOLED 4D കർവ്ഡ് സ്‌ക്രീൻ, 7000mm² VC കൂളിംഗ് സിസ്റ്റം, 12GB വരെ റാം എന്നീ ഫീച്ചറുകളും റിയൽമി പി4 പ്രോ 5ജിയിൽ പ്രതീക്ഷിക്കുന്നു. കൂടാതെ ഇത് 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ടൈറ്റാൻ ബാറ്ററി സഹിതം എത്തുമെന്നും ലീക്ക് റിപ്പോർട്ടുകൾ പറയുന്നു.
ക്യാമറയുടെ കാര്യമെടുത്താൽ, സോണി IMX896 സെൻസറുള്ള 50MP മെയിൻ ക്യാമറ, OIS എന്നിവ ഈ പ്രോ മോഡലിൽ ഇടം പിടിച്ചേക്കാം. എന്നാൽ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി 2MP സെക്കൻഡറി ക്യാമറയാകും ഇതോടൊപ്പം ഉണ്ടാകുക. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറയും പ്രതീക്ഷിക്കുന്നു.
റിയൽമി പി4 പ്രോയുടെ വില സംബന്ധിച്ച ചില സൂചനകളും ലഭ്യമാണ്. ഇതിന്റെ 8GB + 128GB മോഡലിന് ഏകദേശം 25,000 രൂപ വില പ്രതീക്ഷിക്കുന്നതായി ഫോൺഅരീന റിപ്പോർട്ട് ചെയ്യുന്നു. നിലവിലുള്ള പി3 സീരീസിൽ നാല് സ്മാർട്ട്ഫോണുകളാണ് ഉള്ളത്. അതിൽ ഏറ്റവും വില കൂടിയ മോഡൽ റിയൽമി പി3 അൾട്ര 5ജിയാണ്.
റിയൽമി P3 സീരീസിലെ റിയൽമി P3X 5ജി 12999 രൂപ വിലയിലും റിയൽമി പി3 5ജി 16999 രൂപ വിലയിലും പി3 പ്രോ 5ജി 20999 രൂപ വിലയിലും പി3 അൾട്ര 5ജി 22999 രൂപ വിലയിലുമാണ് റിയൽമിയുടെ ഇന്ത്യയിലെ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. വരാൻ പോകുന്ന പുതിയ റിയൽമി 4 സീരീസ് ഫോൺ ലോഞ്ചിന് ശേഷം ഫ്ലിപ്പ്കാർട്ട് വഴിയും ഔദ്യോഗിക വെബ്സൈറ്റ് വഴിയും സ്വന്തമാക്കാനാകും.


Click it and Unblock the Notifications








