7000mAh ടൈറ്റൻ ബാറ്ററിയുമായി റിയൽമി P4x 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു; 13499 രൂപയ്ക്ക് വാങ്ങാം
റിയൽമി 15000 രൂപ ബജറ്റിൽ പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ട് പുതിയ പി സീരീസ് സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഈ വർഷത്തിന്റെ തുടക്കത്തിൽ അവതരിപ്പിക്കപ്പെട്ട റിയൽമി P3x 5ജിയുടെ പിൻഗാമിയായി റിയൽമി P4x 5G (realme P4x 5G) എന്ന സ്മാർട്ട്ഫോൺ ആണ് അവതരിപ്പിച്ചിരിക്കുന്നത്. മുൻ മോഡലിനെ അപേക്ഷിച്ച് റിയൽമി P4x 5ജിക്ക് വില അൽപ്പം കൂടിയിട്ടുണ്ട്. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായുള്ള ഡിസ്കൗണ്ടുകൾ ലഭ്യമായതിനാൽ യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ ഇത് സ്വന്തമാക്കാനാകും.
7000mAh ടൈറ്റൻ ബാറ്ററിയാണ് റിയൽമി P4x 5G എന്ന ബജറ്റ് സ്മാർട്ട്ഫോണിന്റെ മുഖ്യ ആകർഷണങ്ങളിലൊന്ന്. മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 8GB റാമിന് പുറമേ 10GB വരെ ഡൈനാമിക് റാമും ഈ ഫോണിൽ ഉണ്ട്.

ബജറ്റ് 5ജി ഫോൺ ആണെങ്കിലും ഗെയിമിങ് പ്രേമികൾക്കും ഇഷ്ടപ്പെടും വിധത്തിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. BGMI-യിൽ 90 FPS വരെയും ഫ്രീ ഫയറിൽ 120 FPS വരെയും ഗെയിംപ്ലേ ഈ ഫോൺ പിന്തുണയ്ക്കുന്നു. കഠിനമായ ടാസ്കുകൾ വന്നാലും ചൂടാകാതെ തെർമൽ ഔട്ട്‌പുട്ട് കൈകാര്യം ചെയ്യുന്നതിന്, റിയൽമി P4x-ൽ 5300mm² VC ഫ്രോസ്റ്റ്‌കോർ കൂളിംഗ് സിസ്റ്റവും നൽകിയിരിക്കുന്നു.
ഇതിലെ വേപ്പർ ചേംബർ കൂളിംഗ് സിസ്റ്റം CPU താപനിലയിൽ 20℃ കുറവ് വരുത്താൻ സഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. തീവ്രമായ ഗെയിമിംഗ് സമയത്ത് മദർബോർഡിലേക്ക് നേരിട്ട് പവർ റൂട്ട് ചെയ്യുന്ന ബൈപാസ് ചാർജിംഗും ഈ ബജറ്റ് 5ജി ഫോൺ പിന്തുണയ്ക്കുന്നു. ഫോണിന്റെ ചൂട് 20°C കുറയ്ക്കാനും FPS സ്ഥിരത മെച്ചപ്പെടുത്താനും ദീർഘകാല ബാറ്ററി ആരോഗ്യം സംരക്ഷിക്കാനും ഈ ഫീച്ചർ സഹായിക്കുന്നു.
റിയൽമി P4x 5G ഫീച്ചറുകൾ
6.72-ഇഞ്ച് (1080 x 2400 പിക്സലുകൾ) ഫുൾ HD+ LCD സ്ക്രീൻ ആണ് ഇതിലുള്ളത്. ഇത് 20:9 ആസ്പെക്ട് റേഷ്യോ, 60/90/120/144 Hz വേരിയബിൾ റിഫ്രഷ് റേറ്റ്, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ സഹിതം എത്തുന്നു. 2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്.
മാലി-G615 MC2 GPU, 6GB / 8GB LPDDR4X റാം, 128GB/ 256GB UFS 3.1 സ്റ്റോറേജ്, മൈക്രോ എസ്ഡി വഴി 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0-ൽ ആണ് പ്രവർത്തനം. 2 OS അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും.
റിയൽമി P4x 5ജിയിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. അതിൽ OV50D40 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 2MP സെക്കൻഡറി ക്യാമറ (f/2.4 അപ്പേർച്ചർ, 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ്) എന്നിവ അടങ്ങുന്നു. സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയും (f/2.4 അപ്പേർച്ചർ), 1080p 30 fps വരെ വീഡിയോ റെക്കോർഡിംഗ് സഹിതം ഇതിലുണ്ട്.

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-C ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP64 റേറ്റിങ്സ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/NSA (ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, GPS/GLONASS/ Beidou, USB ടൈപ്പ്-C എന്നീ ഫീച്ചറുകളും ഇതിലുണ്ട്.
45W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററിയാണ് ഈ റിയൽമി ഫോണിനുള്ളത്. വെറും 6 മിനിറ്റ് ചാർജിംഗിലൂടെ 1 മണിക്കൂർ വരെ BGMI ഗെയിംപ്ലേ നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. വെറും 90 മിനിറ്റിനുള്ളിൽ 1% മുതൽ 100% ചാർജ് ചെയ്യാനാകും. എയ്‌റോസ്‌പേസ്-പ്രചോദിത ഡിസൈനാണ് ഈ ഫോണിന് നൽകിയിരിക്കുന്നത്. 165.85×75.98×8.39mm വലിപ്പവും 208 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.

വിലയും ലഭ്യതയും
റിയൽമി P4x 5ജിയുടെ 6GB+128GB അടിസ്ഥാന വേരിയന്റിന് 15999 രൂപയാണ് വില. ഇതിന്റെ 8GB+128GB വേരിയന്റിന് 17,499 രൂപയും 8GB+ 256GB വേരിയന്റിന് 19,499 രൂപയും വില നിശ്ചയിച്ചിരിക്കുന്നു. ലോഞ്ച് ഓഫറിന്റെ ഭാഗമായി ഓൺലൈൻ പർച്ചേസിന് 1000 രൂപ കൂപ്പൺ ഡിസ്കൗണ്ടും 1500 രൂപ ബാങ്ക് ഡിസ്കൗണ്ടും ഉണ്ട്.
ഓഫ്ലൈൻ പർച്ചേസിന് ലോഞ്ച് ഓഫറായി 2500 രൂപ ബാങ്ക് ഡിസ്കൗണ്ട് ആണ് ലഭ്യമാകുക. ഈ ലോഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ റിയൽമി P4x 5ജി വേരിയന്റുകൾ യഥാക്രമം 13499 രൂപ, 14999 രൂപ, 16999 രൂപ വിലകളിൽ വാങ്ങാനാകും. ഈ ഫോണിന്റെ ആദ്യ വിൽപ്പന ഡിസംബർ 10ന് ഉച്ചയ്ക്ക് 12 മുതൽ (12 മണിക്കൂർ നേരത്തേക്ക് മാത്രം) നിശ്ചയിച്ചിരിക്കുന്നു. റിയൽമി വെബ്സൈറ്റ്, ഫ്ലിപ്പ്കാർട്ട്, ഓഫ്ലൈൻ സ്റ്റോറുകൾ എന്നിവ വഴി വാങ്ങാം.


Click it and Unblock the Notifications








