പവർബാങ്കിന് ആപ്പ് വച്ചല്ലോ! 10,000mAh ബാറ്ററിയുള്ള കൺസെപ്റ്റ് സ്മാർട്ട്‌ഫോണുമായി റിയൽമി
സ്മാർട്ട്ഫോൺ വിപണിയിൽ അടുത്തകാലത്തായി ബാറ്ററി ശേഷിക്ക് വൻ പ്രാധാന്യം കൈവന്നിട്ടുണ്ട്. ഇപ്പോൾ പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകളിലെ ബാറ്ററി ശേഷി നോക്കിയാൽ ഈ പുതിയ ട്രെൻഡ് വ്യക്തമാകും. 7300mAh ബാറ്ററിയുള്ള സ്മാർട്ട്ഫോൺ അവതരിപ്പിച്ചുകൊണ്ട് ഐക്യൂ ഇന്ത്യയിലേക്കും ഈ ട്രെൻഡ് കൊണ്ടുവന്നു. ഇതിന് പിന്നാലെ വിവിധ ബ്രാൻഡുകൾ 7000mAh ന് മുകളിലുള്ള ബാറ്ററിയുമായി പുതിയ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. ചൈനയിലാകട്ടെ 8000mAh ബാറ്ററിയുള്ള സ്മാർട്ട്ഫോൺ അവതരിപ്പിച്ച് ഹോണർ ഈ മത്സരം കുറച്ചുകൂടി ശക്തമാക്കിയിട്ടുണ്ട്. ഈ ട്രെൻഡിനെ അടുത്ത ലെവലിലേക്ക് ഉയർത്താൻ സ്മാർട്ട്ഫോൺ നിർമാതാക്കൾക്കിടയിൽ ശ്രമങ്ങൾ നടക്കുന്നുണ്ട് എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് റിയൽമിയുടെ പുതിയ സ്മാർട്ട്ഫോൺ.
10,000mAh ബാറ്ററിയുള്ള ഒരു പുതിയ കൺസെപ്റ്റ് സ്മാർട്ട്‌ഫോൺ റിയൽമി അവതരിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇത് സൂചിപ്പിക്കുന്ന ഒരു പോസ്റ്റ് റിയൽമി തന്നെ പങ്കുവച്ചിട്ടുമുണ്ട്. കൺസെപ്റ്റ് സ്മാർട്ട്ഫോൺ ആയതിനാൽ തന്നെ ഈ 10,000mAh ബാറ്ററി സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്കിടയിൽ ഉടൻ വിൽപ്പനയ്ക്ക് എത്തും എന്ന് പ്രതീക്ഷിക്കേണ്ട, പക്ഷേ അധികം വൈകാതെ സ്മാർട്ട്ഫോണുകളുടെ ബാറ്ററി ശേഷി 10000mAh ലെവലിലേക്ക് ഉയരും.

തങ്ങളുടെ സ്മാർട്ട്ഫോണുകളുടെ ബാറ്ററി ശേഷി വർധിപ്പിക്കാൻ റിയൽമി കാര്യമായ നീക്കങ്ങൾ നടത്തുന്നുണ്ട്. അടുത്തുതന്നെ റിയൽമിയുടെ ജിടി 7 ആഗോളതലത്തിൽ ലോഞ്ച് ചെയ്യും. മികച്ച ബാറ്ററി ശേഷിയോടെയാണ് ഈ ഫോൺ എത്തുക എന്ന് ഇപ്പോൾത്തന്നെ റിയൽമി അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് 10,000mAh ബാറ്ററിയുള്ള പുതിയ കൺസെപ്റ്റ് ഫോണും റിയൽമി ഒരുക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
താരതമ്യേന മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ ഫോം ഫാക്ടർ നിലനിർത്തിക്കൊണ്ട് കൂടുതൽ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്ന ഒരു സ്മാർട്ട്ഫോൺ എന്ന ആശയം പൂർത്തീകരിച്ചുകൊണ്ടാണ് പുതിയ കൺസെപ്റ്റ് ഫോൺ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. 10,000mAh എന്ന വലിയ ബാറ്ററി ശേഷി ഉണ്ടായിരുന്നിട്ടും, ഈ പ്രോട്ടോടൈപ്പ് സ്മാർട്ട്ഫോണിന് 8.5 മില്ലിമീറ്ററിൽ താഴെ വലിപ്പവും 200 ഗ്രാമിനടുത്ത് ഭാരവുമേ ഉള്ളൂ എന്നാണ് റിപ്പോർട്ട്.

അൾട്രാ- ഹൈ സിലിക്കൺ-കണ്ടന്റ് ആനോഡ് ബാറ്ററിയുടെ സംയോജനമാണ് പുതിയ 10,000mAh ബാറ്ററിയുടെ പിന്നിലെ കരുത്ത്. ഈ ബാറ്ററി സാങ്കേതികവിദ്യയിൽ 10% സിലിക്കൺ അനുപാതമുണ്ട്, ഇത് സ്മാർട്ട്‌ഫോൺ വ്യവസായത്തിലെ ഏറ്റവും ഉയർന്നതാണെന്ന് റിയൽമി പറയുന്നു, ഇത് 887Wh/L ഊർജ്ജ സാന്ദ്രതയ്ക്ക് കാരണമാകുന്നു. മിനി ഡയമണ്ട് ആർക്കിടെക്ചർ ആണ് ഈ കൺസെപ്റ്റ് ഫോണിന് നൽകിയിരിക്കുന്നത്.
ബാറ്ററി ശേഷി വർധിപ്പിക്കുന്നതിലും ഫാസ്റ്റ് ചാർജിംഗ് ശേഷി കൂട്ടുന്നതിലും റിയൽമി ഇതിനകം തന്നെ പല പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. അതിലെ ഏറ്റവും ഒടുവിലെ അധ്യായമാണ് 10,000mAh ബാറ്ററിയുള്ള കൺസെപ്റ്റ് സ്മാർട്ട്‌ഫോൺ. മുൻപ് GT നിയോ 3-ൽ 150W ഫാസ്റ്റ് ചാർജിങ്ങും GT3-ൽ 240W ചാർജിങ്ങും റിയൽമി അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ ഇതിനകം 320W കൺസെപ്റ്റ് ചാർജിംഗ് ടെക്നോളജിയും റിയൽമി അവതരിപ്പിച്ചിട്ടുണ്ട്.
ഈ മാസം അവസാനത്തോടെ റിയൽമി GT7 സീരീസ് ആഗോളതലത്തിൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ലോഞ്ച് ഇവന്റിൽ റിയൽമി 10,000mAh കൺസെപ്റ്റ് ഫോൺ പ്രദർശിപ്പിച്ചേക്കാം. സ്മാർട്ട്ഫോണുകളിലെ ബാറ്ററി ശേഷി ഇനിയും ഉയർത്തുന്നതിൽ നിർണായക ചുവടുവയ്പ്പാകാൻ ഈ കൺസെപ്റ്റ് സ്മാർട്ട്ഫോണിന് കഴിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അടുത്തുതന്നെ ആഗോള തലത്തിൽ ലോഞ്ച് ചെയ്യുന്ന റിയൽമി ജിടി7 മീഡിയടെക് ഡൈമെൻസിറ്റി 9400+ ചിപ്‌സെറ്റ് കരുത്താക്കിയാണ് എത്തുക എന്ന് പ്രതീക്ഷിക്കുന്നു. 144Hz റിഫ്രഷ് റേറ്റ് ഉള്ള 6.78-ഇഞ്ച് FHD+ OLED ഡിസ്പ്ലേ ആണ് ഇതിൽ ഉണ്ടാകുക. 16GB വരെ LPDDR5X റാമും 1TB വരെ UFS 4.0 സ്റ്റോറേജും ഇതോടൊപ്പം ഉണ്ടാകും.


Click it and Unblock the Notifications








