ചേട്ടൻ ഒരു സംഭവം ആയിരുന്നു, അനിയൻ അതിനെ വെല്ലും; റെഡ്മി 13 5G സാധാരണക്കാരന്റെ ഐഫോൺ!
പുതിയൊരു 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കാൻ എല്ലാ തയാറെടുപ്പും പൂർത്തിയാക്കി കാത്തിരിക്കുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ റെഡ്മി. കഴിഞ്ഞ വർഷം റെഡ്മി 12 5ജി എന്നൊരു മോഡൽ സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. അതിന്റെ പിൻഗാമിയായി റെഡ്മി 13 5ജി (Redmi 13 5G) എന്ന പുതിയ സ്മാർട്ട്ഫോൺ ജൂലൈ 9ന് കമ്പനി ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ബജറ്റ് വിലയിൽ എത്തുന്നു എന്നതാണ് റെഡ്മി 13 5ജിയുടെ പ്രധാന പ്രത്യേകത. കഴിഞ്ഞ വർഷം ബജറ്റ് വിലയിൽ വിപണിയിൽ എത്തിയ റെഡ്മി 12 5ജിക്ക് വൻ വരവേൽപ്പ് ആണ് ലഭിച്ചത്.
5ജി ഫോൺ വാങ്ങാൻ ആഗ്രഹിച്ച സാധാരണക്കാരായ നിരവധി ആളുകൾ തെരഞ്ഞെടുത്തത് റെഡ്മി 12 5ജി ആയിരുന്നു. വെറും 10,999 രൂപ പ്രാരംഭ വിലയിൽ റെഡ്മി 12 5ജി ഇന്ത്യയിൽ ലഭ്യമായി. കുറഞ്ഞ വിലയിൽ 5ജി അടക്കം മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്തതിനാലാണ് റെഡ്മി 12 5ജിയെ ജനം ഏറ്റെടുത്തത്.

റെഡ്മി 12 5ജിക്ക് ലഭിച്ച അതേ വരവേൽപ്പ് പിൻഗാമിയായ റെഡ്മി 13 5ജിക്കും ലഭിക്കും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. മുൻ മോഡലിൽ നിന്ന് മികച്ച ഒരുപാട് നവീകരണങ്ങൾ വരുത്തിയ ശേഷമാണ് റെഡ്മി 13 5ജി വിപണിയിൽ എത്തുന്നത്. അതിൽ ഏറ്റവും ആകർഷകം പ്രീമിയം ലുക്ക് നൽകുന്ന ക്രിസ്റ്റൽ ഗ്ലാസ് ഡിസൈൻ ആണ്.
റെഡ്മിയുടെ ഔദ്യോഗിക വെബ്സൈറ്റിനും ഓഫ്ലൈൻ സ്റ്റോറുകൾക്കും പുറമേ ആമസോൺ വഴിയും റെഡ്മി 13 5ജി വാങ്ങാൻ ലഭ്യമാകും. ഇതിനകം തന്നെ ഈ സ്മാർട്ട്ഫോണിനായുള്ള പ്രത്യേക പേജ് ആമസോണിൽ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. ഈ ഫോണിന്റെ പ്രധാന ഫീച്ചറുകളെപ്പറ്റിയുള്ള വിവരങ്ങൾ ഈ ആമസോൺ പേജിൽ കാണാൻ സാധിക്കും.

റെഡ്മി 13 5Gയുടെ പ്രധാന ഫീച്ചറുകൾ: ആമസോണിലെ പ്രത്യേക പേജ് നൽകുന്ന വിവരങ്ങൾ പ്രകാരം റെഡ്മി 13 5G യിൽ 90Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് ഡിസ്‌പ്ലേയുണ്ട്. പഞ്ച്-ഹോൾ നോച്ച് ഡിസൈനും കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനും ഈ ഡിസ്പ്ലേയുടെ പ്രത്യേകതകളാണ്.
റെഡ്മി 12 5G-യിൽ ഉപയോഗിച്ചിരിക്കുന്ന അതേ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്സെറ്റാണ് റെഡ്മി 13 5ജിയിലും നൽകിയിരിക്കുന്നത് എന്നതും സ്ഥിരികരിച്ചിട്ടുണ്ട്. എന്നാൽ മുൻ മോഡൽ MIUI 14-ൽ ആണ് പ്രവർത്തിച്ചിരുന്നത് എങ്കിൽ, പുതിയ മോഡൽ ഷവോമിയുടെ ഏറ്റവും പുതിയ ഹൈപ്പർഒഎസുമായിട്ടാണ് എത്തുന്നത്.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റെഡ്മി 13 5ജിയിൽ ഉണ്ടാകുക. അതിൽ 108 മെഗാപിക്‌സൽ പ്രൈമറി ക്യാമറ ഉൾപ്പെടുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. സെൽഫികൾക്കായി 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ട്. 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ 5,030mAh ബാറ്ററിയാണ് ഈ ഫോണിൽ നൽകിയിരിക്കുന്നത് എന്നതാണ് ഉറപ്പായിരിക്കുന്ന മറ്റൊരു ഫീച്ചർ.

ജൂലൈ 9 ന് ഉച്ചയ്ക്ക് 12 മണിക്ക് ആമസോണിൽ റെഡ്മി 13 5ജിയുടെ ലോഞ്ച് നടക്കും. അതേസമയം പ്രധാന ഫീച്ചറുകൾ പലതും ഇതിനകം സ്ഥിരീകരിച്ചെങ്കിലും ഈ ഫോണിന്റെ വില ഇതുവരെ പുറത്തുവന്നിട്ടില്ല. റെഡ്മി 12 5ജി ലോഞ്ച് ചെയ്തത് 12000 രൂപയിൽ താഴെ ബജറ്റിലാണ്. പുതിയ റെഡ്മി 13 5ജി മുൻ മോഡലിനെക്കാൾ നവീകരണങ്ങളോടെയാണ് എത്തുന്നത് എങ്കിലും വില അധികം വർധിക്കാൻ സാധ്യതയില്ല എന്നാണ് കരുതപ്പെടുന്നത്. ബജറ്റ് വിലയിൽ എത്തുന്ന ഈ ഫോൺ സാധാരണക്കാരന്റെ ഐഫോൺ ആയി മാറുമോയെന്ന് വരുംദിവസങ്ങളിൽ അറിയാം.


Click it and Unblock the Notifications








