കേട്ടറിവിനെക്കാൾ വലുതാണ് റെഡ്മി 13 പ്രോ പ്ലസ്; ഇന്ത്യയിൽ റെഡ്മിയുടെ 'പുതുവർഷം' ജനുവരി 4ന്!
സാംസങ് ഗാലക്സി എസ്24 അൾട്ര അടക്കമെത്തുന്നതിനാൽ 2024 ജനുവരി വമ്പൻ സ്മാർട്ട്ഫോണുകളുടെ ലോഞ്ച് കൊണ്ട് സമ്പന്നമാണ് എന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. വരും വർഷത്തിൽ ഇന്ത്യയിൽ കിടിലൻ സ്മാർട്ട്ഫോൺ പുറത്തിറക്കി പ്രീമിയം സ്മാർട്ട്ഫോണുകളുടെ കൂട്ടപ്പൊരിച്ചിലിന് ആദ്യം തിരി കൊളുത്തുന്നത് ഇന്ത്യയിലെ നിരവധി പേരുടെ ഇഷ്ടബ്രാൻഡായ റെഡ്മിയാണ്.
റെഡ്മി 13 സീരീസ് ജനുവരി 4ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന വാർത്ത ഇതിനകം കമ്പനി തന്നെ സ്ഥിരീകരിച്ചുകഴിഞ്ഞു. ചൈനയിൽ ലോഞ്ച് ചെയ്ത റെഡ്മി 13 സീരീസിൽ റെഡ്മി നോട്ട് 13, റെഡ്മി നോട്ട് 13 പ്രോ, നോട്ട് 13 പ്രോ+ എന്നിങ്ങനെ മൂന്ന് മോഡലുകളാണുള്ളത്.

എന്നാൽ ഇന്ത്യയിൽ റെഡ്മി അവതരിപ്പിക്കുന്ന റെഡ്മി 13 സീരീസിൽ ഈ മൂന്ന് ഫോണുകളും ഉണ്ടാകുമോ എന്നത് സസ്പെൻസ് ആയി തുടരുകയാണ്. നോട്ട് 13 പ്രോ, നോട്ട് 13 പ്രോ+ എന്നീ പ്രോ മോഡലുകൾ മാത്രമാണ് ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുക എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
റെഡ്മി നോട്ട് 13 പ്രോ പ്ലസ് മോഡൽ എന്തായാലും ഉണ്ടായിരിക്കും എന്ന് റെഡ്മി ഉറപ്പിച്ചിരിക്കുകയാണ്. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി, റെഡ്മി നോട്ട് 13 പ്രോ പ്ലസിന്റെ ( Redmi Note 13 Pro+ ) ചില പ്രധാന സവിശേഷതകൾ കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.

ഇതിനകം റെഡ്മി പുറത്തുവിട്ട ടീസറുകൾ പ്രകാരം ചൈനയിൽ പുറത്തിറക്കിയ മോഡലിൽ നിന്ന് കാര്യമായ മാറ്റങ്ങൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന റെഡ്മി 13 പ്രോ പ്ലസ് മോഡലിലും ഉണ്ടാകില്ല. ചൈനയിൽ പുറത്തിറക്കിയ 13 പ്രോ പ്ലസിന്റെ അടിസ്ഥാന മോഡലിന് 1,999 യുവാൻ (ഏകദേശം 22,800 രൂപ) ആയിരുന്നു വില.
ഇന്ത്യയിൽ ഈ ഫോൺ 30000 രൂപയിൽ താഴെ വിലയിൽ അവതരിപ്പിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. ലോഞ്ചിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ഇന്ത്യയിൽ അവതരിപ്പിക്കുന്ന റെഡ്മി 13 പ്രോ പ്ലസ് മോഡലിന് മൾട്ടി-കളർ അപ്രോച്ച് ഉള്ള ഒരു ലെതർ ഫിനിഷാണ് പിൻഭാഗത്തുള്ളത് എന്ന് ടീസർ കാണിക്കുന്നു.
പല മിഡ് റേഞ്ച് ഫോണുകളിലും അടുത്ത കാലത്തായി കണ്ടുവരുന്നതുപോലെ, ക്യാമറ മൊഡ്യൂളിന്റെ പിന്തുണയില്ലാതെ സെൻസറുകൾ നേരിട്ട് പിൻ പാനലിൽ നൽകിയിരിക്കുന്നു. ലെതർ ഫിനിഷ് ഫോണിന് മികച്ച ഗ്രിപ്പ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു. IP68 വാട്ടർ റെസിസ്റ്റന്റ് റേറ്റിംഗിനുള്ള പിന്തുണയോടെയാണ് റെഡ്മി നോട്ട് 13 പ്രോ+ വരുന്നതെന്ന് കമ്പനി Mi.com വെബ്സൈറ്റ് വഴി സ്ഥിരീകരിച്ചു.

മീഡിയടെക് ഡിമെൻസിറ്റി 7200 അൾട്രാ ചിപ്സെറ്റ് ആണ് ഇന്ത്യയിൽ അവതരിപ്പിക്കുന്ന റെഡ്മി നോട്ട് 13 പ്രോ പ്ലസിൽ നൽകിയിരിക്കുന്നത് എന്നതും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കർവ്ഡ് എഡ്ജുകളുള്ള 1.5K ഡിസ്‌പ്ലേയും ഇതിലുണ്ടാകുമെന്ന് ടീസർ സ്ഥിരീകരിക്കുന്നു. ഇന്ത്യൻ മോഡലിന്റെ ഡിസ്പ്ലേ വലിപ്പം വ്യക്തമാക്കിയിട്ടില്ല, എങ്കിലും ഇത് ചൈനീസ് മോഡലിന്റേതിന് സമാനമായിരിക്കും എന്ന് കരുതപ്പെടുന്നു.
6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് സംരക്ഷണം, 120W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററി എന്നിവ ഈ മോഡലിൽ ഉണ്ടാകും. കൂടാതെ റീട്ടെയിൽ ബോക്സിൽ ചാർജറും ഷവോമി നൽകും. ആൻഡ്രോയിഡ് 13-ലാണ് ചൈനീസ് മോഡൽ പ്രവർത്തിക്കുന്നത്. ഇന്ത്യയിലെത്തുമ്പോൾ അത് ആൻഡ്രോയിഡ് 14 ആകുമോയെന്ന് കണ്ടറിയണം.
മികച്ച പെർഫോമൻസിനൊപ്പം അതിഗംഭീര പ്രകടനം കാഴ്ചവയ്ക്കുമെന്ന് കരുതപ്പെടുന്ന ക്യാമറ യൂണിറ്റാണ് റെഡ്മി 13 പ്രോ പ്ലസിന്റെ ഹൈലൈറ്റ്. ഒഐഎസ് പിന്തുണയുള്ള 200-മെഗാപിക്സൽ സാംസങ് ISOCELL HP3 സെൻസറാണ് മെയിൻ. ഇതോടൊപ്പം 8-മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ സെൻസർ, 2-മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയും അടങ്ങുന്നതാണ് ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ്. സെൽഫിക്കായി 16MP ഫ്രണ്ട്ക്യാമറയുമുണ്ട്.


Click it and Unblock the Notifications








