പോയാൽ ഒരു ആഴ്ച, കിട്ടാനുള്ളത് കുറഞ്ഞ വിലയിൽ ഒരു 5ജി ഫോൺ; കുറിച്ചുവയ്ക്കേണ്ട തീയതി ഇതാ
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് കുറഞ്ഞ വിലയിൽ കിടിലൻ ഒരു 5ജി സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങി റെഡ്മി. തുടർച്ചയായി പുറത്തുവന്ന ലീക്ക് റിപ്പോർട്ടുകളും അഭ്യൂഹങ്ങളും ശരിവച്ചുകൊണ്ട്, റെഡ്മി സി സീരീസിലെ പുതിയ ഫോൺ ഡിസംബർ 6ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി ട്വിറ്ററിലൂടെ (ഇപ്പോൾ എക്സ്) സ്ഥിരീകരിച്ചു.
ഒരു വർഷം മുമ്പ് പുറത്തിറക്കിയ റെഡ്മി 12 സിയുടെ പിൻഗാമിയായി റെഡ്മി 13 സി 5ജി (Redmi 13C 5G ) വേരിയന്റാണ് കമ്പനി ഡിസംബർ 6 ന് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിക്കുക. 5ജി മോഡലിനൊപ്പം ഒരു 4ജി മോഡലും ഉണ്ടാകുമെന്ന് സ്ഥീരീകരിക്കാത്ത വിവരങ്ങളുണ്ട്.

ഈ മാസം ആദ്യം നൈജീരിയയിലാണ് റെഡ്മി 13 സി ആദ്യം ലോഞ്ച് ചെയ്തത്. അത് ഒരു 4ജി മോഡൽ ആയിരുന്നു. ഈ മോഡലും ഇന്ത്യയിൽ അവതരിപ്പിക്കപ്പെടും എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. എന്തായാലും റെഡ്മി 13 സി സ്മാർട്ട്ഫോൺ ഡിസംബർ 6 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് കമ്പനി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.
വരാൻ പോകുന്ന ഫോണിന്റെ ഫീച്ചറുകൾ സംബന്ധിച്ച വിവരങ്ങളൊന്നും റെഡ്മി പുറത്തുവിട്ടിട്ടില്ല. അതിനാൽത്തന്നെ ലോഞ്ചിന് ശേഷമേ ഈ ഫോണിലെ ഫീച്ചറുകൾ സ്ഥിരീകരിക്കാനാകൂ. എന്നാൽ നൈജീരിയയിൽ ലോഞ്ച് ചെയ്ത 4ജി മോഡലിന്റെ ഫീച്ചറുകൾ ലഭ്യമാണ്. ഡിസംബർ 6ന് ഇന്ത്യയിൽ അവതരിപ്പിക്കുന്നതിൽ ഈ 4ജി മോഡലും ഉണ്ട് എന്നാണ് പറയപ്പെടുന്നത്.

"ആകർഷകമായ #StarShineDesign-ൽ, നിങ്ങളുടെ കൈകളിലേക്ക് കോസ്മോസ് സന്നിവേശിപ്പിച്ചുകൊണ്ട് ഏറ്റവും പുതിയ #Redmi13C ലോഞ്ച് ചെയ്യുന്നു. പുതുമയുടെ സമ്പൂർണ്ണ സമ്മിശ്രണത്തോടെ ഈ പ്രപഞ്ച സൗന്ദര്യത്തിന് സാക്ഷ്യം വഹിക്കാൻ തയ്യാറാകൂ. 2023 ഡിസംബർ 6-ന് ലോഞ്ച് ചെയ്യുന്നു'' എന്നാണ് റെഡ്മി 13 സിയുടെ ലോഞ്ച് സ്ഥിരീകരിച്ച് കമ്പനി ട്വിറ്ററിൽ കുറിച്ചത്.
നൈജീരിയയിൽ പുറത്തിറക്കിയ റെഡ്മി 13Cയിൽ മീഡിയടക് ഹീലിയോ G85 ചിപ്പ് ആണ് നൽകിയിരുന്നത്. ഇത് 4ജി കണക്ടിവിറ്റി പിന്തുണയാണ് നൽകുന്നത്. അതേസമയം ഇന്ത്യയിൽ കമ്പനി അവതരിപ്പിക്കുക റെഡ്മി 13 സി 5ജി വേരിയന്റ് ആയിരിക്കും. ഇത് പൂർണ്ണമായും ഒരു പുതിയ മോഡലായിരിക്കും എന്നാണ് ഗാഡ്ജറ്റ് 360 ഡിഗ്രി റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യയിൽ അവതരിപ്പിക്കുന്ന റെഡ്മി 13 സി 5ജി വേരിയന്റിന്റെ പ്രോസസർ ഏത് ആയിരിക്കും എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. അതേസമയം ഇത് 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും വാഗ്ദാനം ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. 15000 രൂപയിൽ താഴെ വിലയിലാണ് റെഡ്മി 13 സി 5ജി ഇന്ത്യയിൽ അവതരിപ്പിക്കുക.

മറ്റ് വിപണികളിൽ ലോഞ്ച് ചെയ്ത റെഡ്മി 13 സിയുടെ 4 ജി വേരിയന്റിന് 4GB + 128GB, 6GB+128GB, 8GB+256GB റാമിലും സ്റ്റോറേജ് കോൺഫിഗറേഷനുകളിലും ലഭ്യമാണ്. ഇത് ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MIUI 14 ഔട്ട്-ഓഫ്-ബോക്‌സിൽ പ്രവർത്തിക്കുന്നു. ചിപ്സെറ്റിന്റെയും 5ജിയുടെയും കാര്യം ഒഴിച്ചുനിർത്തിയാൽ മറ്റ് ഫീച്ചറുകളെല്ലാം രണ്ട് വേരിയന്റുകളിലും ഒരുപോലെയാകാനാണ് സാധ്യത.
6.74 ഇഞ്ച് (720x1,600 പിക്‌സൽ) എൽസിഡി സ്‌ക്രീൻ, 90Hz റിഫ്രഷ് റേറ്റ്, 450 നിറ്റ് വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഈ റെഡ്മി ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. എഫ്/1.8 അപ്പേർച്ചറുള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും എഫ്/2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ ക്യാമറയുമാണ് ഇതിലുള്ളത്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, 8എംപി ഫ്രണ്ട് ക്യാമറയുണ്ട്.
റെഡ്മി 13 സി ഡ്യുവൽ-ബാൻഡ് Wi-Fi 5, ബ്ലൂടൂത്ത് 5.3, GPS, 3.5mm ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇ-കോമ്പസ്, വെർച്വൽ പ്രോക്സിമിറ്റി സെൻസർ തുടങ്ങിയ ഫീച്ചറുകളോടെ എത്തുന്നു. 18W USB-PD ചാർജിംഗിനുള്ള പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഇതിലുള്ളത്.


Click it and Unblock the Notifications








