5G സ്മാർട്ട്ഫോൺ വേണ്ടവർക്ക് ഇപ്പോൾ കാര്യങ്ങൾ കുറച്ചുകൂടി ഈസിയായി! റെഡ്മി A4 5G യുടെ വില കുറഞ്ഞു
ഏകദേശം 8 മാസങ്ങൾക്ക് മുൻപ് ബജറ്റ് 5ജി സ്മാർട്ട്ഫോൺ പ്രേമികൾക്കായി ഷവോമി ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് റെഡ്മി A4 5G (Redmi A4 5G). അന്നുതന്നെ വിലക്കുറവ് കൊണ്ടാണ് ഈ സ്മാർട്ട്ഫോൺ വിപണിയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഓഫറുകൾ ഉൾപ്പെടെ റെഡ്മി എ4 5ജിയുടെ 4GB + 64GB വേരിയന്റിന് 8499 രൂപയും 4GB + 128GB വേരിയന്റിന് 9,499 രൂപയും ആയിരുന്നു വില. പിന്നീട് ഓഫർ സെയിലുകൾ വന്നപ്പോഴും ഓഫറുകൾ സഹിതമാണ് റെഡ്മി എ4 5ജി 8000 രൂപയോട് അടുത്ത വിലകളിൽ ലഭ്യമായത്.
എന്നാലിപ്പോൾ റെഡ്മി എ4 5ജിയുടെ വില കുറഞ്ഞിരിക്കുന്നു. യാതൊരു ബാങ്ക് ഡിസ്കൗണ്ടുകളുടെയും സഹായം ഇല്ലാതെ തന്നെ റെഡ്മി എ4 5ജിയുടെ അടിസ്ഥാന മോഡൽ ഇപ്പോൾ 8000 രൂപയിൽ താഴെ വിലയിൽ വാങ്ങാനാകും. നിലവിൽ ഷവോമി വെബ്സൈറ്റിലും ആമസോണിലും റെഡ്മി എ4 5ജി 7999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

സാധാരണക്കാർക്ക് കുറഞ്ഞ വിലയിൽ 5ജി ഫോൺ ലഭ്യമാക്കുക എന്ന ഉദ്ദേശത്തിന്റെയും സാധ്യതകളുടെയും ഫലമായിട്ടാണ് റെഡ്മി എ4 5ജി ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്. എന്നാൽ ഈ ഫോണിനെക്കുറിച്ച് ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം, ഇത് റിലയൻസ് ജിയോയുടെ 5G സർവീസിനെ മാത്രമേ പിന്തുണയ്ക്കുന്നുള്ളൂ എന്നതാണ്.
അതിനർഥം ഉപയോക്താവിന് ഒരു എയർടെല്ലിന്റെ സിം, അല്ലെങ്കിൽ ഒരു വിഐ സിം ഉണ്ടെങ്കിൽ അവയുടെ 5G പ്രവർത്തിക്കില്ല. എങ്കിലും എയർടെൽ, വോഡഫോൺ ഐഡിയ (Vi), ബിഎസ്എൻഎൽ എന്നിവയുടെ 4G സേവനങ്ങൾ ഈ ഫോണിൽ ലഭ്യമാകും. വിലക്കുറവ് കണ്ട് വാങ്ങാൻ ആലോചിക്കുന്നവർ ഇക്കാര്യങ്ങൾ പ്രത്യേകം അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.

റെഡ്മി എ4 5ജിയുടെ പ്രധാന ഫീച്ചറുകൾ: ക്വാൽക്കോം സ്നാപ്ഡ്രാഗൺ 4s ജെൻ 2 ചിപ്സെറ്റ് കരുത്തിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട സ്മാർട്ട്ഫോൺ ആണിത്. 6.88 ഇഞ്ച് (1640 x 720 പിക്‌സൽ റെസല്യൂഷൻ) HD+ ഡിസ്പ്ലേയാണ് ഇതിലുള്ളത്. 120Hz റിഫ്രഷ് റേറ്റ്, 600 nits വരെ പരമാവധി ബ്രൈറ്റ്നസ്, 240Hz വരെ ടച്ച് സാമ്പിൾ റേഷ്യോ, TUV ലോ ബ്ലൂ ലൈറ്റ്, ഫ്ലിക്കർ-ഫ്രീ ഫ്രണ്ട്, Circadian സർട്ടിഫിക്കേഷനുകൾ എന്നിവ ഇതിലുണ്ട്.
അഡ്രിനോ 611 ജിപിയു, 4GB LPDDR4X റാം, 64GB / 128GB UFS2.2 ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം (50MP മെയിൻ ക്യാമറയും സെക്കൻഡറി ക്യാമറയും ഉൾപ്പെടുന്നു), 5MP ഫ്രണ്ട് ക്യാമറ എന്നിവയും റെഡ്മി എ4 5ജിയിൽ ഉണ്ട്.
2 വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സഹിതം ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് റെഡ്മി എ4 5ജി എത്തിയത്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്‌കാനർ, 3.5 എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി) എന്നിവയും ഇതിലെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

5G SA (n1/n3/n5/n8/n28/n40/n78), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-സി പോർട്ട്, IP52 റേറ്റിങ്, 18W ചാർജിംഗിനുള്ള പിന്തുണയുള്ള 5160mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 71.88×77.80×8.22mm വലിപ്പവും 212.35 ഗ്രാം ഭാരവുമാണ് റെഡ്മി എ4 5ജിക്ക് ഉള്ളത്. സ്റ്റാറി ബ്ലാക്ക്, സ്പാർക്കിൾ പർപ്പിൾ നിറങ്ങളിൽ ഈ ഫോൺ വാങ്ങാനാകും.


Click it and Unblock the Notifications








