സേവ് ദ ഡേറ്റ്! ബജറ്റ് വിലയിൽ റെഡ്മി A5, മാസ് കാണിക്കാൻ സാംസങ് ഗാലക്സി M56 5G
ഈ ഏപ്രിൽ മാസം നമ്മുടെ പല നാട്ടിൻപുറങ്ങളിലും ഉത്സവങ്ങളുടെ മാസമാണ്. സ്മാർട്ട്ഫോൺ വിപണിയിലും ഇത് ഉത്സവമാസം തന്നെ. ഇതിനകം നിരവധി പുതിയ സ്മാർട്ട്ഫോണുകൾ ഈ മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇത് കൂടാതെ നിരവധി സ്മാർട്ട്ഫോണുകളുടെ ലോഞ്ച് തിയതി പ്രഖ്യാപിച്ചിട്ടുമുണ്ട്. അക്കൂട്ടത്തിലേക്ക് ഇപ്പോൾ രണ്ട് ഫോണുകളുടെ കൂടി ലോഞ്ച് തിയതി എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നു. സാംസങ്, റെഡ്മി എന്നിവയാണ് ഈ ഫോണുകളുടെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. റെഡ്മി തങ്ങളുടെ എ5 ഏപ്രിൽ 15നും സാംസങ് തങ്ങളുടെ ഗാലക്സി എം55ന്റെ പിൻഗാമിയായി പുതിയ സാംസങ് ഗാലക്സി എം56 5ജി ഏപ്രിൽ 17നും ഇന്ത്യയിൽ ലോഞ്ച് ചെയ്യും.
സാംസങ് ഗാലക്സി എം സീരീസിലേക്ക് ഏപ്രിൽ 17ന് എത്തുന്ന പുതിയ സ്മാർട്ട്ഫോണിന് വെറും 7.2 മില്ലീമീറ്റർ കനമേ ഉണ്ടാകൂയെന്നും ഇത് ഗാലക്‌സി എം 55 നേക്കാൾ 30% കനക്കുറവ് ആണെന്നും സാംസങ് പറയുന്നു. കൂടാതെ എം56 5ജിക്ക് 180 ഗ്രാം ഭാരമാണ് ഉള്ളത് എന്നും സാംസങ് വെളിപ്പെടുത്തിയിട്ടുണ്ട്.

മുന്നിലും പിന്നിലും കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് + പ്രൊട്ടക്ഷനുമായാണ് ഗാലക്സി എം56 5ജി എത്തുക.
മുൻഗാമിയെ അപേക്ഷിച്ച് 36% മെലിഞ്ഞ ബെസലുകളും 33% ബ്രൈറ്റ്നസുള്ള പാനലും, സൂപ്പർ AMOLED + സ്‌ക്രീനുമായി ഈ ഫോൺ എത്തും. അതേസമയം ഇതിലെ ചിപ്സെറ്റിനെക്കുറിച്ച് നിലവിൽ സാംസങ് വെളിപ്പെടുത്തിയിട്ടില്ല.
ഗീക്ക്ബെഞ്ചിലെ SM-M566B എന്ന മോഡൽ നമ്പറുള്ള ഫോണിന്റെ സമീപകാല ബെഞ്ച്മാർക്ക് ലിസ്റ്റിംഗിനെ അടിസ്ഥാനമാക്കി, ഗാലക്‌സി A56 5G-യിൽ ഉണ്ടാകുക എക്‌സിനോസ് 1480 പ്രോസസർ (S5E8845) ആയിരിക്കും എന്ന് കരുതപ്പെടുന്നു. ട്രിപ്പിൾ റിയർ ക്യാമറയാണ് ഇതിൽ ഉണ്ടാകുക. അതിൽ OIS പിന്തുണയുള്ള 50MP മെയിൻ ക്യാമറ, 8MP അൾട്രാ-വൈഡ് ക്യാമറ, 2MP മാക്രോ ക്യാമറ എന്നിവയാണുണ്ടാകുക.

സെൽഫിക്കും മറ്റുമായി 12MP ഫ്രണ്ട് ക്യാമറയും ഉണ്ടാകും. ഫ്രണ്ട്- റിയർ ക്യാമറകൾ 10-ബിറ്റ് HDR വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കും. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയായിരിക്കും ഗാലക്സി എം56 5ജിയുടെ പ്രവർത്തനം. 45W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററി, 8GB റാം എന്നിവയും ഇതിൽ പ്രതീക്ഷിക്കുന്നു.
ലോഞ്ചിന് ശേഷം ആമസോൺ വഴിയും ഈ ഫോൺ വിൽപ്പനയ്ക്ക് എത്തും.
അതേസമയം ഏപ്രിൽ 15ന് ഇന്ത്യയിൽ ലോഞ്ച് പ്രഖ്യാപിച്ചിരിക്കുന്ന റെഡ്മി എ5 ഒരു 4ജി ഫോൺ ആയിരിക്കും. ബജറ്റ് വിലയിൽ സ്മാർട്ട്ഫോൺ തേടുന്നവരെ ലക്ഷ്യമിട്ടാണ് ഈ റെഡ്മി ഫോൺ എത്തുന്നത്. ഈ മാസം ആദ്യം ആഗോള വിപണിയിൽ റെഡ്മി എ5 ബജറ്റ് 4ജി സ്മാർട്ട്‌ഫോൺ ഷവോമി ലോഞ്ച് ചെയ്തിരുന്നു. ഇതുതന്നെയാകും ഇന്ത്യയിലും അവതരിപ്പിക്കുക.
10,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്‌മെന്റിലെ ഏറ്റവും വലുതും സുഗമവുമായ ഡിസ്‌പ്ലേയുമായിട്ടാകും റെഡ്മി എ5 എത്തുകയെന്ന് ഷവോമി പറയുന്നു. ഇന്ത്യയിൽ ജയ്‌സാൽമർ ഗോൾഡ്, പോണ്ടിച്ചേരി ബ്ലൂ, ജസ്റ്റ് ബ്ലാക്ക് നിറങ്ങളിൽ ഈ ഫോൺ ലഭ്യമാകും. 120Hz വരെ റിഫ്രഷ് റേറ്റുള്ള 6.88 ഇഞ്ച് HD+ LCD സ്‌ക്രീനാണ് ഇതിൽ ഉള്ളത്.

യൂണിസോക് T7250 ഒക്ടാ-കോർ പ്രോസസർ, 32MP മെയിൻ ക്യാമറ, 8MP ഫ്രണ്ട് ക്യാമറ, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്‌കാനർ, 15W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണ, 5200mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകളും റെഡ്മി എ5 വാഗ്ദാനം ചെയ്യും. ലോഞ്ചിന് ശേഷം ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഫ്ലിപ്പ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇത് വാങ്ങാനാകും.


Click it and Unblock the Notifications








