ഷവോമിയല്ലേ ആള്! റെഡ്മി K90 അൾട്രയിൽ 10000mAh ബാറ്ററി ഉണ്ട്; വെളിപ്പെടുത്തലുമായി ചൈനീസ് ടിപ്സ്റ്റർ
സ്മാർട്ട്ഫോൺ ബാറ്ററി ശേഷി വർധിപ്പിക്കുന്നതിൽ ഈ വർഷം സ്മാർട്ട്ഫോൺ ബ്രാൻഡുകളെല്ലാം വളരെ ശ്രദ്ധ ചെലുത്തി. ബജറ്റ് വിലയിൽ എത്തുന്ന സ്മാർട്ട്ഫോണുകൾ പോലും 7000mAh+ ബാറ്ററി ശേഷിയോടെ ഇന്ത്യയിൽ ഉൾപ്പെടെ ലഭ്യമായി. ഇപ്പോൾ 7000mAh-ന് മുകളിൽ ബാറ്ററി ശേഷി ഉള്ളത് ഒരു സാധാരണ കാര്യമായി മാറിയിട്ടുണ്ട്. എന്നാൽ പിടിച്ചതിലും വലുതാണ് അളയിലുള്ളത് എന്ന് പറയും പോലെ ഇതുവരെ വന്നതിലും വലുതാണ് ഇനി വരാൻ പോകുന്നത്. സ്മാർട്ട്ഫോൺ ബാറ്ററി ശേഷിയെ അടുത്ത ലെവലിലേക്ക് ഉയർത്തുന്ന തരത്തിലുള്ള ഒരു നീക്കം ഷവോമി നടത്താൻ പോകുന്നതായി പുതിയ ലീക്ക് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.
ഷവോമിയുടെ സബ് ബ്രാൻഡായ റെഡ്മി തങ്ങളുടെ K സീരീസിൽ 10000mAh ബാറ്ററിയുമായി ഒരു പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ തയാറെടുക്കുന്നു എന്ന് റിപ്പോർട്ട് വന്നിരിക്കുന്നു. പ്രമുഖ ചൈനീസ് ടിപ്സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ ആണ് ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. റെഡ്മി K സീരീസിൽ റെഡ്മി കെ90, റെഡ്മി കെ90 പ്രോ മാക്സ് എന്നീ മോഡലുകൾ ഒക്ടോബറിൽ ചൈനയിൽ അവതരിപ്പിക്കപ്പെട്ടിരുന്നു.

ഇപ്പോൾ K90 സീരീസിലേക്ക് പുതിയ റെഡ്മി K90 അൾട്ര (Redmi K90 Ultra) എന്നൊരു പുതിയ മോഡൽ കൂടി കൂട്ടിച്ചേർക്കാൻ ഷവോമി തയാറെടുക്കുകയാണ്. ഈ K90 അൾട്ര 10000mAh ബാറ്ററി സഹിതം എത്താൻ സാധ്യതയുണ്ട് എന്നാണ് ഡിജിറ്റൽ ചാറ്റ്സ്റ്റേഷൻ പറയുന്നത്. K90 സീരീസിൽ ഇതിനകം എത്തിയ രണ്ട് മോഡലുകളും ഇതിനകം 7000mAh-ന് മുകളിൽ ബാറ്ററി ശേഷിയോടെയാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.
റെഡ്മി കെ 90 5G മോഡലിൽ 7100mAh ബാറ്ററിയും റെഡ്മി കെ 90 പ്രോ മാക്സ് മോഡലിൽ 7560mAh ബാറ്ററിയും ഉണ്ടായിരുന്നു. ഇവയെ കടത്തിവെട്ടുന്ന ബാറ്ററി ശേഷിയുമായിട്ടാണ് K90 അൾട്ര എത്തുക എന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ വന്നിരിക്കുന്ന വെളിപ്പെടുത്തൽ ഈ അഭ്യൂഹങ്ങളെ പിന്തുണയ്ക്കുന്ന വിധത്തിലുള്ളതാണ്.
10,000mAh ബാറ്ററിക്ക് പുറമേ, K90 അൾട്ര മോഡൽ 100W ഫാസ്റ്റ് ചാർജിംഗും ഫാസ്റ്റ് വയർലെസ് ചാർജിംഗും പിന്തുണയ്ക്കും എന്ന് ലീക്ക് റിപ്പോർട്ടുകൾ പറയുന്നു. അതിനർഥം ഫാസ്റ്റ് ചാർജിങ്ങിന്റെ കാര്യത്തിലും K90 പ്രോ മാക്സ് മോഡലിനെ ഉൾപ്പെടെ K90 അൾട്ര കടത്തിവെട്ടും എന്നാണ്. റെഡ്മി കെ 90 പ്രോ മാക്സിൽ 50W വയർലെസ് ചാർജിങ് പിന്തുണയാണ് ഉള്ളത്.
ഇത്ര വലിയ ബാറ്ററി ശേഷിയോടെ എത്തുമ്പോൾ ഈ K90 അൾട്രയ്ക്ക് ഒരുപാട് വലിപ്പം ഉണ്ടാകുമോ എന്ന് ചില സ്മാർട്ട്ഫോൺ ആരാധകർ സംശയിച്ചേക്കാം, ഇതിനുള്ള ഉത്തരവും ലീക്ക് റിപ്പോർട്ടുകളുടെ കൂട്ടത്തിലുണ്ട്. ഏകദേശം 8.5mm വലിപ്പമാണ് K90 അൾട്ര മോഡലിന് ഉണ്ടാകുക എന്നാണ് ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 10,000mAh എന്ന ഭീമൻ ബാറ്ററി ഉള്ള സാഹചര്യത്തിൽ ഇത് അത്ര വലിയ വലിപ്പമാണ് എന്ന് കുറ്റപ്പെടുത്താനാകില്ല.
റെഡ്മി K90 അൾട്രയിൽ 6.81- 6.89 ഇഞ്ച് വലിപ്പമുള്ള ഒരു എൽടിപിഎസ് ഒഎൽഇഡി സ്‌ക്രീൻ പ്രതീക്ഷിക്കാം എന്ന് ലീക്ക് റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ ഇതിലെ ഡിസ്‌പ്ലേ പാനൽ 1.5 കെ റെസല്യൂഷനും 165 ഹെർട്‌സ് വരെ റിഫ്രഷ് റേറ്റും പിന്തുണയ്ക്കുമെന്ന് പറയപ്പെടുന്നു. വൃത്താകൃതിയിലുള്ള എഡ്ജുകളും മെറ്റൽ മിഡിൽ ഫ്രെയിമുമുള്ള ബോഡിയാകും ഇതിന് ഉണ്ടാകുകയെന്നും മുൻ ലീക്ക് റിപ്പോർട്ടുകൾ പരാമർശിക്കുന്നു.
അധികം വൈകാതെ തന്നെ റെഡ്മി K90 അൾട്ര ചൈനയിൽ ലോഞ്ച് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. ഈ ഫോണിന്റെ ഫീച്ചറുകളെക്കുറിച്ച് കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തലുകൾ നടത്തിയില്ല. ഇതുവരെ ലഭ്യമായിട്ടുള്ളതെല്ലാം ലീക്ക് റിപ്പോർട്ടുകൾ വഴി പുറത്തുവന്ന വിവരങ്ങൾ മാത്രമാണ്. ലീക്ക് റിപ്പോർട്ട് ശരിയെങ്കിൽ സ്മാർട്ട്ഫോൺ ബാറ്ററി ശേഷിയെ അടുത്ത തലത്തിലേക്ക് ഉയർത്തുന്ന ഒരു നീക്കമാകും റെഡ്മി K90 അൾട്രയിലെ 10,000mAh ബാറ്ററി.


Click it and Unblock the Notifications








