ഗെയിം കളിക്കുന്നവർക്ക് ഈ ജനുവരിയിൽ വാങ്ങാവുന്ന 15,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ
പുതുവർഷാരംഭം എപ്പോഴും നല്ല തീരുമാനങ്ങളുടെയും പുതിയ പ്രതീക്ഷകളുടെയും സമയമാണ്. നല്ല തീരുമാനങ്ങൾ എന്ന് പറയുമ്പോൾ ജീവിത രീതികളിലെ മാറ്റം ആകാം, ദുശ്ശീലങ്ങൾ ഒഴിവാക്കുന്നതാകാം, ആവശ്യമുള്ള ഗാഡ്ജറ്റുകൾ വാങ്ങുന്നതും ആവാം. അങ്ങനെ പുതുവർഷത്തിൽ കുറഞ്ഞ ബജറ്റിൽ പുതിയ ഗെയിമിങ് സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാനാണ് ഈ ലേഖനം. ബാറ്റിൽഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ, പബ്ജി : ന്യൂ സ്റ്റേറ്റ്, കാൾ ഓഫ് ഡ്യൂട്ടി മൊബൈൽ, ഗരീന ഫ്രീ ഫയർ ഇവയൊക്കെയാണ് നമ്മുടെ രാജ്യത്ത് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന ബാറ്റിൽ റോയൽ ഗെയിമുകൾ. എന്നാൽ നിങ്ങളുടെ ഫോണിൽ മികച്ച സ്പെസിഫിക്കേഷനുകളും ഫീച്ചറുകളും ഇല്ലെങ്കിൽ നിങ്ങളുടെ ഗെയിമിങ് അനുഭവം അത്ര സുഖകരമാവില്ലെന്നതാണ് യാഥാർഥ്യം. നിലവിൽ മികച്ച സ്പെക്സും ഫീച്ചറുകളും ഉള്ള സ്മാർട്ട്ഫോണിന് വലിയ പണം ചിലവഴിക്കേണ്ടതില്ലെന്നത് ഗെയിമിങ് പ്രേമികൾക്ക് ആശ്വാസം നൽകുന്ന കാര്യമാണ്.

വില കുറഞ്ഞ ഗെയിമിങ് ഫോണുകൾ മാർക്കറ്റിൽ ധാരാളം ലഭ്യമാണ്. എന്നാൽ മാർക്കറ്റിൽ ലഭ്യമായ സ്മാർട്ടഫോണുകളിൽ നിന്നും മികച്ചവ തിരഞ്ഞെടുക്കേണ്ടതുണ്ട്. അവയുടെ സ്പെസിഫിക്കേഷനുകൾ നമ്മുക്ക് അനുയോജ്യമാണോയെന്നും അറിയേണ്ടതുണ്ട്. അത്തരത്തിൽ വിപണിയിൽ ലഭ്യമായ മികച്ച സ്മാർട്ട്ഫോണുകൾ, അതും 15,000 രൂപയിൽ താഴെ വിലയുള്ളവയാണ് ഇന്ന് ഗിസ്ബോട്ട് മലയാളം പരിചയപ്പെടുത്തുന്നത്. 15,000 രൂപയിൽ താഴെ നിരവധി സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. അവയിൽ മെച്ചപ്പെട്ട ഗെയിമിങ് അനുഭവം നൽകുന്ന സ്മാർട്ട്ഫോണുകളാണ് ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്നത് (ഓൺലൈൻ സൈറ്റുകളുടെ വ്യത്യാസം അനുസരിച്ച് വിലയിൽ മാറ്റം വരാം).

റിയൽമി നാർസോ 50എ
റിയൽമിയുടെ നാർസോ സീരീസ് സ്മാർട്ട്‌ഫോണുകൾ ചെറിയ വിലയിൽ നിറയെ സ്പെക്സുമായിട്ടാണ് എത്തുന്നത്. ഗെയിമുകൾ കളിക്കാൻ ഇഷ്ടപ്പെടുന്ന യുവാക്കളെ ഉദ്ദേശിച്ചുള്ളതാണ് ഈ സീരീസ് എന്നാണ് കമ്പനി തന്നെ പറയുന്നത്. സീരീസിൽ 15,000 രൂപയ്ക്ക് താഴെ വിലയുള്ള ഭേദപ്പെട്ട ഫോണുകളിലൊന്നാണ് റിയൽമി നാർസോ 50എ. 11,499 രൂപ മുതലാണ് റിയൽമി നാർസോ 50എയുടെ വിലയാരംഭിക്കുന്നത്. ഫോണിലുള്ള മീഡിയടെക് ഹീലിയോ ജി85 പ്രൊസസർ ഗെയിമുകൾ കൈകാര്യം ചെയ്യാൻ പര്യാപ്തമാണ്. 6.5 ഇഞ്ച് എച്ച്ഡി പ്ലസ് സൈസുള്ള വലിയ ഡിസ്‌പ്ലേ നല്ല കാഴ്ചാനുഭവവും നൽകുന്നു. റിയൽമി നാർസോ 50എ ഫ്ലിപ്പ്കാർട്ട്, ആമസോൺ, റിയൽമിയുടെ ഓൺലൈൻ സ്റ്റോർ എന്നിവിടങ്ങളിൽ ലഭ്യമാണ്. 11,499 രൂപയ്ക്ക് വലിയ ഡിസ്പ്ലേയും മികച്ച പ്രോസസറും ലോങ് ലൈഫ് ബാറ്ററിയും നൽകുന്ന റിയൽമി നാർസോ 50എ, ഈ വിലയിൽ മികച്ച ഓപ്ഷനാണെന്ന് തന്നെ പറയാം.

മോട്ടറോള മോട്ടോ ജി51 5ജി
അടുത്തിടെ തങ്ങളുടെ 5ജി ലൈനപ്പിൽ മോട്ടറോള അവതരിപ്പിച്ച സ്മാർട്ട്ഫോണാണ് മോട്ടോ ജി51 5ജി. മോട്ടറോള മോട്ടോ ജി 5ജിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഫോൺ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇന്റർഫേസ് നാവിഗേഷൻ എളുപ്പമാക്കുന്ന സ്റ്റോക്ക് ആൻഡ്രോയിഡ് സോഫ്റ്റ്‌വെയർ ആണ് മോട്ടോ ജി51 5ജിയുടെ ഏറ്റവും മികച്ച സവിശേഷത. സ്റ്റോക്ക് ആൻഡ്രോയിഡ് ഫീച്ചറുകൾ ഉള്ളതിനാൽ ബ്ലോട്ട്വെയറുകളും പ്രീ-ലോഡഡ് ആപ്പുകളിൽ നിന്നുള്ള ശല്യപ്പെടുത്തുന്ന നോട്ടിഫിക്കേഷനുകളും നിങ്ങൾക്ക് സഹിക്കേണ്ടതില്ല. മൊത്തത്തിൽ, അനാവശ്യ ആപ്പുകൾ കുത്തി നിറയ്ക്കാത്ത വൃത്തിയുള്ള ഇന്റർഫേസും ഫോണിൽ ഉണ്ട്. മോട്ടോ ജി51 5ജി ഒരു ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 480 പ്രോ പ്രോസസറുമായാണ് വരുന്നത്, ഇത് വാനില വേർഷനേക്കാൾ മികച്ച് നിൽക്കുന്നതിനാൽ മെച്ചപ്പെട്ട ഗെയിമിങ് പ്രകടനവും നൽകുന്നു. അധികം ലാഗുകൾ ഒന്നുമില്ലാത്ത വൈബ്രന്റ് ഡിസ്പ്ലേയും മോട്ടറോള മോട്ടോ ജി51 5ജിയുടെ പ്രത്യേകതയാണ്. ഫ്ലിപ്പ്കാർട്ടിൽ മോട്ടറോള മോട്ടോ ജി51 5ജി 14,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു.

റെഡ്മി നോട്ട് 10ടി 5ജി
റെഡ്മി നോട്ട് സീരീസിലെ മറ്റൊരു വേരിയന്റായിട്ടാണ് റെഡ്മി നോട്ട് 10 ടി 5 ജി പുറത്തിറക്കിയത്, 10ടിയുടെ അടിപൊളി ഫീച്ചറുകൾ ഫോണിനെ മികച്ച ഗെയിമിങ് സ്മാർട്ട്ഫോണും ആക്കുന്നു. 14,999 രൂപയാണ് ഈ എൻട്രി ലെവൽ മോഡലിന് വിലയിട്ടിരിക്കുന്നത്. 6.5-ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേ, 90ഹെർട്സ് വരെ റിഫ്രഷ് റേറ്റ്, 20:9 ആസ്പക്റ്റ് റേഷ്യോ, മീഡിയടെക് ഡൈമൻസിറ്റി 700 എസ്ഒസി, 6 ജിബി വരെയുള്ള റാം, 5,000 എംഎഎച്ച് ബാറ്ററി എന്നിങ്ങനെ, ഈ പ്രൈസ് റേഞ്ചിൽ ലഭ്യമാകുന്ന ഏറ്റവും മികച്ച ഫീച്ചറുകൾ റെഡ്മി നോട്ട് 10ടി 5ജി പായ്ക്ക് ചെയ്യുന്നു. കുറഞ്ഞ പ്രൈസ് റേഞ്ചിൽ ഷവോമിയ്ക്ക് അത്രയധികം 5ജി ഡിവൈസുകൾ ഇല്ല. എംഐ 10ഐ ഒഴികെ 25,000 രൂപ റേഞ്ചിന് താഴെയുള്ള മിക്ക ഡിവൈസുകളും 4ജി മാത്രമാണ് സപ്പോർട്ട് ചെയ്യുക. അങ്ങനെയിരിയ്ക്കെ 15,000 രൂപയ്ക്ക് താഴെ 5ജി സ്മാർട്ട്ഫോൺ അവതരിപ്പിച്ച് മികച്ച വിപണന തന്ത്രം മെനയുകയാണ് റെഡ്മി.

പോക്കോ എം3 പ്രോ 5ജി
ബജറ്റ് റേഞ്ചിൽ ഗെയിമിങ് സ്മാർട്ട്ഫോണുകൾക്കായി തിരയുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന സ്മാർട്ട്ഫോണുകളിൽ ഒന്നാണ് പോക്കോ എം3 പ്രോ 5ജി. അനുയോജ്യമായ ഹാർഡ്‌വെയറും മാന്യമായ ഗെയിമിങ് അനുഭവവും ഈ സ്മാർട്ട്ഫോൺ ഉറപ്പ് നൽകുന്നു. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.55-ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഡിസ്‌പ്ലേ പോക്കോ എം3 പ്രോ 5ജി ഫീച്ചർ ചെയ്യുന്നു. 6 ജിബി വരെ റാമും 128 ജിബി സ്റ്റോറേജുമുള്ള ഒക്ടാ കോർ മീഡിയടെക് ഡൈമെസിറ്റി 700 എസ്ഒസി ആണ് പോക്കോ എം3 പ്രോ 5ജി നൽകുന്നത്. 48 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും സെൽഫികൾക്കായി 8 മെഗാപിക്സൽ സെൻസറും ഉണ്ട്. 18 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയും പോക്കോ എം3 പ്രോ 5ജിയിൽ ഉണ്ട്. 14,499 രൂപ മുതലാണ് പോക്കോ എം3 പ്രോ 5ജിയ്ക്ക് വിലയിട്ടിരിക്കുന്നത്.


Click it and Unblock the Notifications








