പുതുവർഷ അമിട്ട് പൊട്ടിച്ച് റെഡ്മി! നോട്ട് 12 5ജിക്ക് വെറും 11,999 രൂപ; തിരിച്ചടി ബജറ്റ് 5ജി ഫോണുകൾക്ക്
2024ന്റെ തുടക്കത്തിൽ തന്നെ ബജറ്റ് ഫോണുകൾക്കുമേൽ വിലക്കുറവിന്റെ അമിട്ട് പൊട്ടിച്ച് റെഡ്മിയുടെ പുതുവർഷ ആഘോഷം. ഒട്ടനവധി ഫീച്ചറുകളുമായി കഴിഞ്ഞ വർഷം ഇന്ത്യയിൽ ലോഞ്ച് ചെയ്ത റെഡ്മി നോട്ട് 12 5ജി (Redmi Note 12 5G) ഇപ്പോൾ 7000 രൂപ ഡിസ്കൗണ്ടിൽ വാങ്ങാൻ സാധിക്കും.
ഇന്ത്യയിൽ 20000 രൂപയിൽ താഴെ വിലക്കുറവിൽ ലോഞ്ച് ചെയ്ത റെഡ്മിയുടെ മികച്ച 5ജി സ്മാർട്ട്ഫോൺ ആണ് റെഡ്മി നോട്ട് 12 5ജി. റെഡ്മി നോട്ട് 12 5ജിയുടെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 17,999 രൂപ ആയിരുന്നു വില.

അതേപോലെ റെഡ്മി നോട്ട് 12 5ജി 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡൽ 19,999 രൂപയ്ക്കും ലഭ്യമായിരുന്നു. ഓഫർ സെയിലുകളും മറ്റും വരുമ്പോൾ മികച്ച ഡിസ്കൗണ്ടുകൾ ലഭ്യമായിരുന്നതിനാൽ ഒട്ടേറെ പേർ വാങ്ങാൻ ശുപാർശ ചെയ്തിരുന്ന മോഡൽ കൂടിയാണ് റെഡ്മി നോട്ട് 12 5ജി.
വിവിധ ഓഫർ സെയിൽ സമയങ്ങളിൽ 15000 രൂപയിൽ താഴെ വിലയിൽ പോലും റെഡ്മി നോട്ട് 12 5ജി ലഭ്യമായിരുന്നു. എന്നാൽ ഇപ്പോൾ ഒറ്റയടിക്ക് 7000 രൂപയുടെ ഡിസ്കൗണ്ട് പ്രഖ്യാപിച്ചതോടെ ഇതുവരെ ലഭ്യമായതിലെ ഏറ്റവും വലിയ വിലക്കുറവ് ആണ് ഇപ്പോൾ റെഡ്മി നോട്ട് 12 5ജിക്ക് കിട്ടിയിരിക്കുന്നത്.

ആമസോണിൽ 18,999 രൂപ വിലയുണ്ടായിരുന്ന ഫോൺ ഇപ്പോൾ 11,999 രൂപയ്ക്ക് ലഭ്യമായിരിക്കുന്നു. ബജറ്റ് വിലയിൽ അടുത്തിടെ ലോഞ്ച് ചെയ്ത റെഡ്മിയുടെ ഉൾപ്പെടെയുള്ള 5ജി സ്മാർട്ട്ഫോണുകൾക്ക് കനത്ത വെല്ലുവിളിയാണ് നോട്ട് 12 5ജിയുടെ ഈ വിലക്കുറവ് സൃഷ്ടിച്ചിരിക്കുന്നത്. റെഡ്മിയുടെ നോട്ട് സീരീസിലെ ഏറ്റവും പുതിയ ഫോണുകൾ അടങ്ങുന്ന നോട്ട് 13 സീരീസ് ഇതിനകം ചൈനയിൽ ലോഞ്ചായിക്കഴിഞ്ഞു.
ചൈനയിലെ ലോഞ്ചിന് പിന്നാലെ റെഡ്മി നോട്ട് 13 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുകയാണ്. അതിനാൽ വിലക്കുറവ് കണ്ട് റെഡ്മി നോട്ട് 12 വാങ്ങാൻ തീരുമാനിക്കും മുമ്പ് റെഡ്മി നോട്ട് 13 സീരീസിന്റെ ഇന്ത്യയിലെ ലോഞ്ചിനായി ഏതാനും ദിവസം കൂടി കാത്തിരിക്കുന്നത് നല്ലതാണ് എന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്.
കാത്തിരിക്കാൻ തയാറല്ലാത്തവർക്ക് വേണമെങ്കിൽ റെഡ്മി നോട്ട് 12 ന് ലഭിക്കുന്ന ഡിസ്കൗണ്ട് പ്രയോജനപ്പെടുത്താവുന്നതാണ്. റെഡ്മി നോട്ട് 12 5ജിയുടെ പ്രധാന ഫീച്ചറുകൾ ഇതാ: 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, ഫുൾ-എച്ച്‌ഡി+ റെസല്യൂഷൻ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ് എന്നിവ റെഡ്മി നോട്ട് 12 5ജിയിലുണ്ട്.

ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 4 ജെൻ 1 പ്രോസസർ ആണ് റെഡ്മി നോട്ട് 12 5ജിയുടെ കരുത്ത്. 6ജിബി വരെ റാമും 128ജിബി സ്റ്റോറേജും നോട്ട് 12 വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള MIUI 13 ഔട്ട്-ഓഫ്-ദി-ബോക്‌സുമായി ഫോൺ ഷിപ്പുചെയ്യുന്നു. രണ്ട് വർഷത്തെ ആൻഡ്രോയിഡ് അപ്ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും.
48 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് ഇതിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു. 5,000 എംഎഎച്ച് ബാറ്ററിയും 33W ഫാസ്റ്റ് ചാർജിംഗും റെഡ്മി നോട്ട് 12 ന് ഉണ്ട്.


Click it and Unblock the Notifications