3000 രൂപ ലാഭിക്കാൻ നോക്കി 10000 രൂപ കളയരുത്! റെഡ്മി നോട്ട് 12 ന് വിലകുറച്ചു; പക്ഷേ വാങ്ങേണ്ടത് ഈ മോഡൽ!
ഇന്ത്യയിലെ സാധാരണക്കാരായ മൊബൈൽ ഉപയോക്താക്കൾ വിശ്വസിക്കുന്ന സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് റെഡ്മി. മികച്ച നിരവധി സ്മാർട്ട്ഫോണുകൾ റെഡ്മി താങ്ങാനാകുന്ന വിലയിൽ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. അവയെല്ലാം ഇന്ത്യക്കാർ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുമുണ്ട്. കഴിഞ്ഞയാഴ്ച നോട്ട് 13 സീരീസ് ചൈനയിൽ ലോഞ്ച് ചെയ്ത റെഡ്മി തങ്ങളുടെ യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു.
ചൈനയിൽ ഏറ്റവും പുതിയ റെഡ്മി നോട്ട് 12 പുറത്തിറക്കി ഒരാഴ്ച തികയും മുമ്പ് ഇന്ത്യൻ വിപണിയിൽ റെഡ്മി നോട്ട് 12 സീരീസിന്റെ വിലയിൽ കമ്പനി കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. റെഡ്മി നോട്ട് 12 ന്റെ പിൻഗാമിയായാണ് നോട്ട് 13 സീരീസ് ഇപ്പോൾ ചൈനയിൽ പുറത്തിറങ്ങിയിരിക്കുന്നത്.

അധികം വൈകാതെ റെഡ്മി നോട്ട് 13 സീരീസ് ഫോണുകൾ ഇന്ത്യയിലും പ്രത്യക്ഷപ്പെട്ടേക്കാം. എന്നാൽ അതിന്റെ കൃത്യമായ ലോഞ്ച് തീയതി കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോൾ ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ തയാറെടുക്കുന്ന റെഡ്മി ആരാധകർക്ക് റെഡ്മി നോട്ട് 12 മോഡലിന്റെ വിലക്കുറവ് പ്രയോജനപ്പെടുത്താവുന്നതാണ്. എന്നാൽ അൽപ്പം സൂക്ഷ്മതയോടെ വേണം ഈ വിലക്കുറവിനെ സമീപിക്കാൻ.
ഇപ്പോൾ റെഡ്മി പ്രധാനമായും ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത് റെഡ്മി നോട്ട് 12 4ജി മോഡലിനാണ്. ഒറ്റയടിക്ക് 2000 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. 14,999 രൂപയ്ക്ക് ഇന്ത്യയിൽ അവതരിപ്പിച്ച റെഡ്മി നോട്ട് 12 4ജിയുടെ 6GB+ 64GB വേരിയന്റിന് ഇപ്പോൾ 12,999 രൂപയാണ് വില. 16,999 രൂപയ്ക്ക് പുറത്തിറക്കിയ 6GB+ 128GB ഓപ്ഷൻ 14,999 രൂപയ്ക്ക് വാങ്ങാം.
2000 രൂപ വില കുറച്ച് 12,999 രൂപ, 14,999 രൂപ വിലകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന റെഡ്മി നോട്ട് 12 ന് 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അങ്ങനെ ആകെ 3000 രൂപ വിലക്കുറവിൽ ഈ ഫോൺ വാങ്ങാം. ഒരു 4ജി ഫോൺ മതി എന്നുള്ളവർക്ക് ഈ ഓഫർ പരിഗണിക്കാം.
എന്നാൽ ഇത് 5ജി ഫോണുകളുടെ കാലമാണ്. എല്ലാവരും 5ജി ഫോണിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് 3000 രൂപ ലാഭിക്കാൻ 4ജി ഫോൺ വാങ്ങി, കുറച്ചുനാൾ കഴിയുമ്പോഴേക്ക് 5ജി ഫോൺ വാങ്ങണമെന്ന് തോന്നിയാൽ കുറഞ്ഞത് 10000 രൂപയെങ്കിലും മുടക്കേണ്ടിവരും. അതിനാൽ പ്രധാന ഉപയോഗത്തിനായി 5ജി ഫോൺ വാങ്ങാനാഗ്രഹിക്കുന്ന റെഡ്മി ആരാധകർ പരിഗണിക്കേണ്ടത് ഇതിന്റെതന്നെ 5ജി മോഡലാണ്.
റെഡ്മി നോട്ട് 12 5ജിയുടെ പ്രാരംഭ വേരിയന്റ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ 16,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന്റെ തന്നെ ഉയർന്ന ഓപ്ഷനുകളും ലഭ്യമാണ്. 15 ശതമാനം വിലക്കുറവിലാണ് റെഡ്മി നോട്ട് 12 ലിസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് ഫ്ലിപ്പ്കാർട്ട് പേജ് പറയുന്നു. റെഡ്മിയുടെ ഔദ്യോഗിക പേജിലും 16999 രൂപയ്ക്ക് നോട്ട് 12 5ജി ലിസ്റ്റ് ചെയ്തിട്ടുണ്ട്.

16999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്ന റെഡ്മി നോട്ട് 12 5ജിയുടെ പ്രാരംഭ മോഡലിന് 2000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ബാങ്ക് ഓഫർ വഴി ലഭ്യമാകും. ഇത് പ്രയോജനപ്പെടുത്തിയാൽ ഈ 5ജി ഫോൺ 14,999 രൂപയ്ക്ക് വാങ്ങാൻ സാധിക്കും. റെഡ്മി ആരാധകരെ സംബന്ധിച്ചിടത്തോളം 11,999 രൂപയ്ക്ക് 4ജി മോഡൽ വാങ്ങുന്നതിനെക്കാൾ 5ജിമോഡൽ വാങ്ങുന്നതായിരിക്കും മികച്ച ഓപ്ഷൻ.
ഫോണുകൾക്ക് വില കുറച്ചതിന് പുറമേ റെഡ്മി മറ്റൊരു സുപ്രധാന നീക്കം കൂടി നടത്തിയിട്ടുണ്ട്. മുൻപ് ഫ്ലിപ്പ്കാർട്ട് വഴിയും എംഐയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയുമാണ് റെഡ്മി ഫോണുകൾ ഓൺലൈനായി വാങ്ങാൻ സാധിച്ചിരുന്നത്. എന്നാലിപ്പോൾ ആമസോൺ വഴി റെഡ്മി നോട്ട് 12 ലഭ്യമാക്കാനും ഷവോമി തയാറായിട്ടുണ്ട്.


Click it and Unblock the Notifications