ആളിനൊന്നുവീതം ഇപ്പോഴേ ഓഡർ ചെയ്തോ! ഇന്ത്യയിൽ റെഡ്മി നോട്ട് 12 പ്രോ വില കുറച്ച് കമ്പനി
ബജറ്റ് വിലയിൽ മികച്ച ഫീച്ചറുകൾ അടങ്ങുന്ന ഫോണുകൾ അവതരിപ്പിച്ച് ഇന്ത്യൻ മനസുകളിൽ ഇടംപിടിച്ച സ്മാർട്ട്ഫോൺ ബ്രാൻഡാണ് റെഡ്മി. ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്ഫോണുകളുടെ പട്ടികയെടുത്താൽ അതിൽ റെഡ്മി മുൻനിരയിലുണ്ടാകും. അത്രയേറെ ആരാധകരുള്ള റെഡ്മി ഇപ്പോൾ തങ്ങളുടെ പ്രമുഖ മോഡലിന്റെ വില കുറച്ച് ആരാധകർക്ക് സന്തോഷവാർത്ത പങ്കുവച്ചിരിക്കുകയാണ്.
ഈ വർഷം ആദ്യം ഇന്ത്യയിൽ പുറത്തിറക്കിയ റെഡ്മി നോട്ട് 12 സീരീസിലെ മിഡ്റേഞ്ച് സ്മാർട്ട്ഫോൺ ആയ റെഡ്മി നോട്ട് 12 പ്രോയുടെ വിലയാണ് കമ്പനി കുറച്ചിരിക്കുന്നത്. റാം സ്റ്റോറേജ് എന്നിവയുടെ അടിസ്ഥാനത്തിൽ റെഡ്മി നോട്ട് 12 പ്രോയുടെ മൂന്ന് വേരിയന്റുകളാണ് വിപണിയിൽ എത്തിയത്.

6ജിബി റാം+ 128ജിബി സ്റ്റോറേജ്, 8ജിബി റാം+ 128ജിബി സ്റ്റോറേജ്, 8ജിബി റാം+ 256ജിബി സ്റ്റോറേജ് എന്നിവയാണ് ലഭ്യമായിട്ടുള്ള റെഡ്മി നോട്ട് 12 പ്രോ വേരിയന്റുകൾ. ഇതിൽ രണ്ട് വേരിയന്റുകളുടെ വിലയിൽ 1000 രൂപയും ഒരു വേരിയന്റിന്റെ വിലയിൽ 2000 രൂപയുമാണ് കുറച്ചിരിക്കുന്നത്.
6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള റെഡ്മി നോട്ട് 12 പ്രോ 24,999 രൂപയ്ക്ക് ആണ് പുറത്തിറക്കിയത്. പുതിയ വിലക്കുറവ് പ്രകാരം ഈ ഫോൺ ഇപ്പോൾ 23,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള റെഡ്മി നോട്ട് 12 പ്രോ മോഡലിന് 2,000 രൂപയുടെ വിലക്കുറവാണ് ഉണ്ടായിരിക്കുന്നത്.
26,999 രൂപയ്ക്കു പുറത്തിറക്കിയ റെഡ്മി നോട്ട് 12 പ്രോ 8 ജിബി റാം+ 128 ജിബി സ്റ്റോറേജ് വേരിയന്റ് ഇപ്പോൾ 24,999 രൂപയ്ക്ക് ലഭിക്കും. റെഡ്മി നോട്ട് 12 പ്രോയുടെ ഏറ്റവും ഉയർന്ന വേരിയന്റായ 8ജിബി റാം+ 256 ജിബി സ്റ്റോറേജ് മോഡലിന് 27,999 രൂപയായിരുന്നു വില. ഇത് ഇപ്പോൾ 26,999 രൂപയായി കുറഞ്ഞിട്ടുണ്ട്.
സ്റ്റാർഡസ്റ്റ് പർപ്പിൾ, ഫ്രോസ്റ്റഡ് ബ്ലൂ, ഓനിക്സ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഉപഭോക്താക്കൾക്ക് റെഡ്മി നോട്ട് 12 പ്രോ സ്മാർട്ട്ഫോൺ ലഭ്യമാണ്. വിലക്കുറവിന് പുറമേ ബാങ്ക് ഓഫറുകൾ കൂടി ഉപയോഗപ്പെടുത്തിയാൽ ഇതിലും കുറഞ്ഞ വിലയിൽ ഈ റെഡ്മി 5ജി ഫോൺ സ്വന്തമാക്കാം. അതിനാൽ റെഡ്മി സ്മാർട്ട്ഫോൺ വാങ്ങാൻ ഇഷ്ടപ്പെടുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
റെഡ്മി നോട്ട് 12 പ്രോ സ്മാർട്ട്‌ഫോണിന്റെ പ്രധാന ഫീച്ചറുകൾ: 6.67-ഇഞ്ച് FHD+ (1080x2400 പിക്‌സൽ) OLED ഡിസ്‌പ്ലേ, 30Hz -120Hz വേരിയബിൾ റിഫ്രഷ് റേറ്റ്, ഡോൾബി വിഷൻ, HDR10+ പിന്തുണ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ടുള്ള റെഡ്മി നോട്ട് 12 പ്രോയുടെ പ്രധാന ഫീച്ചറുകൾ.

ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 1080 6nm പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 2.6 GHz Cortex-A78 കോറുകളും Mali-G68 GPU (Mali-G68 MC4 GPU) പിന്തുണയും ഇതിലുണ്ട്. MIUI 13 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 12ൽ ആണ് പ്രവർത്തനം. എന്നാൽ ആൻഡ്രോയിഡ് 13 പിന്തുണ ലഭിക്കും.
50 എംപി പ്രൈമറി ക്യാമറ + 8 എംപി അൾട്രാ വൈഡ് ലെൻസ് + 2 എംപി മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് നോട്ട് 12 പ്രോയിൽ റെഡ്മി നൽകിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16എംപി ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു.
ദീർഘനേരമുള്ള പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്ന 5000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി നോട്ട് 12 പ്രോയിലുള്ളത്. 67 വാട്ട്‌സ് ഫാസ്റ്റ് ചാർജിംഗ് സൗകര്യവും ഇതിലുണ്ട്. ഡ്യുവൽ സിം അടക്കമുള്ള പിന്തുണയും ലഭ്യമാണ്. ഈ മികച്ച ഫീച്ചറുകൾ എല്ലാം ഉൾക്കൊള്ളുന്നതിനാൽ, പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ തയാറെടുക്കുന്നവർക്ക് റെഡ്മി നോട്ട് 12 പ്രോയും പരിഗണിക്കാവുന്നതാണ്.


Click it and Unblock the Notifications








