അടിമുടി അർജന്റീന മയം! ഇന്ത്യക്കാരുടെ മനം കവർന്ന് റെഡ്മി നോട്ട് 13 Pro+ വേൾഡ് ചാമ്പ്യൻസ് എഡിഷൻ
ഫുട്ബോളിനെ നെഞ്ചിലേറ്റുന്ന മലയാളികളേ, അർജന്റീനയെ ആരാധിക്കുന്ന കാൽപ്പന്ത് സ്നേഹികളേ നിങ്ങൾക്കായി ഇതാ ഒരു സ്പെഷൽ എഡിഷൻ സ്മാർട്ട്ഫോൺ ഇന്ത്യയിൽ എത്തിയിരിക്കുന്നു. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി സഹകരിച്ച് ഷവോമി 'റെഡ്മി നോട്ട് 13 പ്രോ+ വേൾഡ് ചാമ്പ്യൻസ് എഡിഷൻ' എന്ന സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു.
ഒട്ടനവധി പ്രത്യേകതകൾ ഈ റെഡ്മി നോട്ട് 13 പ്രോ+ വേൾഡ് ചാമ്പ്യൻസ് എഡിഷൻ (Redmi Note 13 Pro+ World Champions Edition) അവതരിപ്പിച്ചതിന് പിന്നിലുണ്ട്. ഷവേമി ഇന്ത്യയിൽ തങ്ങളുടെ ബ്രാൻഡിൻ്റെ പത്താം വാർഷികം ആഘോഷിക്കുകയാണ്. ഈ ഒരു പശ്ചാത്തലം പുതിയ ഫോൺ അവതരിപ്പിച്ചതിന് പിന്നിലുണ്ട്.

ഇത് കൂടാതെ റെഡ്മിയുടെ 13 സീരീസ് ലോകം കീഴടക്കി വിജയം സ്വന്തമാക്കിയിരുന്നു. അതായത് ആഗോളതലത്തിൽ 15 ദശലക്ഷം റെഡ്മി നോട്ട് 13 സീരീസ് ഫോണുകൾ വിറ്റഴിക്കപ്പെട്ടു. ഈ വിജയാഘോഷവും ഈ ചാമ്പ്യൻസ് എഡിഷൻ സ്മാർട്ട്ഫോണിൽ പ്രതിഫലിക്കുന്നുണ്ട്. റെഡ്മി 13 സീരീസിലെ പ്രമുഖനായ റെഡ്മി നോട്ട് 13 Pro+യെ സ്പെഷ്യൽ എഡിഷനായി തെരഞ്ഞെടുക്കുകയായിരുന്നു.
അർജന്റീനയുടെ ലോകകപ്പ് വിജയങ്ങളുടെ ഒരു സ്മാരകം എന്ന നിലയിൽ ഈ സ്പെഷൽ എഡിഷൻ ഫോണുകളെ ആരാധകർക്ക് സ്വന്തമാക്കാം. അർജന്റീനയുടെ ജഴ്സിയെ അനുസ്മരിപ്പിക്കുന്ന നീലയും വെള്ളയും കളറുകളുള്ള ഡിസൈൻ സഹിതമാണ് റെഡ്മി നോട്ട് 13 പ്രോ+ വേൾഡ് ചാമ്പ്യൻസ് എഡിഷൻ എത്തിയിരിക്കുന്നത്. അർജന്റീന വേൾഡ് കപ്പ് നേടിയ 1978, 1986, 2022 വർഷങ്ങൾ ഇതിൽ അടയാളപ്പെടുത്തിയിരിക്കുന്നു.

ഇതോടൊപ്പം ലോക ചാമ്പ്യൻ എന്ന് അർഥം വരുന്ന കാമ്പിയോൺ മുണ്ടിയൽ (Campeon Mundial) എന്ന വാചകവും ഇതിൽ എഴുതിയിട്ടുണ്ട്. ഇത് കൂടാതെ മൂന്ന് മുൻനിര അർജന്റീന കളിക്കാരുടെ ചിത്രവും ബോക്സിലുണ്ട്. റിയർ പാനലിൽ അർജന്റീനയുടെ ലോഗോ അടക്കം കാണാം. ചാർജറിലും സിം ഇജക്ടറിലും എഎഫ്എ (AFA) ലോഗോയുണ്ട്. കൂടാതെ ചാർജറിന്റെ കേബിൾ നീല നിറത്തിലാണ്.
ഇതിനെല്ലാം പുറമേ ബോക്സിന്റെ പിൻഭാഗത്ത് അർജന്റീനയ്ക്കായി ലോകകപ്പ് കളിച്ച കളിക്കാരുടെ ലിസ്റ്റ് ഉൾക്കൊള്ളുന്ന പ്രത്യേക കാർഡും ഉണ്ട്. പിൻവശത്തുള്ള ഫ്രെയിം, സ്ട്രൈപ്പുകൾ, ലോഗോകൾ, ക്യാമറകൾ, തുടങ്ങി വാൾപ്പേപ്പറിലും ലോക്ക് സ്‌ക്രീനിലും വരെ അടിമുടി അർജന്റീന മയം ആണ്. അർജന്റീന ആരാധനകൊണ്ട് വീടിനും വണ്ടിക്കും വരെ ജഴ്സിയുടെ നിറം അടിക്കുന്നവർക്ക് വാങ്ങാൻ ഇതിനപ്പുറം വേറൊരു ഫോണില്ല.
പുറമേയുള്ള ഈ കാഴ്ചകൾക്കപ്പുറം മുൻപ് പുറത്തിറങ്ങിയ റെഡ്മി നോട്ട് 13 പ്രോ+ പ്ലസ് മോഡലിലെ ഫീച്ചറുകളും പുതിയ റെഡ്മി നോട്ട് 13 Pro+ വേൾഡ് ചാമ്പ്യൻസ് എഡിഷൻ ഫീച്ചറുകളും സമാനമാണ്. 12GB + 512GB സിംഗിൾ വേരിയന്റിൽ ആണ് റെഡ്മി നോട്ട് 13 Pro+ വേൾഡ് ചാമ്പ്യൻസ് എഡിഷൻ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്.

റെഡ്മി നോട്ട് 13 Pro+ വേൾഡ് ചാമ്പ്യൻസ് എഡിഷന്റെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് HDR10+ കർവ്ഡ് അമോലെഡ് ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1,800 നിറ്റ്സ് ബ്രൈറ്റ്നസ്, ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ, മീഡിയടെക് ഡൈമെൻസിറ്റി 7200 അൾട്ര ചിപ്സെറ്റ്, 5ജി, IP68-റേറ്റിങ്, 120W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററി എന്നിവയിതിലുണ്ട്.
റെഡ്മി നോട്ട് 13 Pro+ വേൾഡ് ചാമ്പ്യൻസ് എഡിഷനിലെ ക്യാമറകളും മികച്ചതാണ്. 200MP സാംസങ് ഐസൊസെൽ എച്ച്പി (ISOCELL HP3 ) സെൻസർ, 8MP അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2MP മാക്രോ സെൻസർ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് ആണ് ഇതിലുള്ളത്. ഫ്രണ്ടിൽ 16MP ക്യാമറയും നൽകിയിരിക്കുന്നു.

വിലയും ലഭ്യതയും: 12GB റാമും 512GB ഇന്റേണൽ സ്റ്റോറേജുമുള്ള സിംഗിൾ വേരിയന്റിലാണ് റെഡ്മി നോട്ട് 13 Pro+ വേൾഡ് ചാമ്പ്യൻസ് എഡിഷൻ ലഭ്യമാകുക. ഇതിൻ്റെ വില 37,999 രൂപയാണ്. എന്നാൽ ഐസിഐസിഐ ബാങ്ക് കാർഡ് ഉപയോഗിച്ചാൽ 3000 രൂപ ഡിസ്കൗണ്ട് കിട്ടും, ഇതിലൂടെ 34,999 രൂപയ്ക്ക് ഈ ഫോൺ സ്വന്തമാക്കാം. വിൽപ്പന മെയ്-15 മുതലാരംഭിക്കും.


Click it and Unblock the Notifications