ആടുജീവിതമല്ല, ഇനി അടിപൊളി ജീവിതം... ഇവിടെ നായകൻ റെഡ്മി നോട്ട് 13 പ്രോ ടർബോ
ഇന്ത്യൻ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് ഏറെ പരിചയമുള്ള ബ്രാൻഡാണ് റെഡ്മി. മികച്ച നിരവധി സ്മാർട്ട്ഫോണുകൾ റെഡ്മി ഇതിനകം ഇന്ത്യയിൽ എത്തിച്ചിട്ടുണ്ട്. ഇപ്പോൾ തങ്ങളുടെ സ്മാർട്ട്ഫോൺ നിര ശക്തിപ്പെടുത്തിക്കൊണ്ട് ഒരു കിടിലൻ സ്മാർട്ട്ഫോൺ കൂടി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റെഡ്മി. റെഡ്മി നോട്ട് 13 ടർബോ ആണ് ആ കരുത്തൻ.
റെഡ്മി നോട്ട് 13 സീരീസിലെ ചില സ്മാർട്ട്ഫോണുകൾ ഇതിനകം ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ എത്തിയിരുന്നു. ഇപ്പോൾ നോട്ട് 13 സീരീസിലെ ഏറ്റവും ശക്തൻ സ്മാർട്ട്ഫോൺ എന്ന വിശേഷണവുമായിട്ടാണ് നോട്ട് 13 പ്രോ ടർബോ എത്തുന്നത്. അധികം വൈകാതെ ഈ സ്മാർട്ട്ഫോണിന്റെ ലോഞ്ച് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്‌സെറ്റാകും റെഡ്മി ഈ സ്‌മാർട്ട്‌ഫോണിൽ സജ്ജീകരിക്കുക എന്നാണ് കരുതപ്പെടുന്നത്. ഇത് കൂടാതെ 120Hz റിഫ്രഷ് റേറ്റുള്ള OLED സ്‌ക്രീനും ഈ സ്മാർട്ട്ഫോൺ അവതരിപ്പിച്ചേക്കും. ലോഞ്ചിന് മുൻപ് തന്നെ നോട്ട് 13 പ്രോ ടർബോയുടെ ഫീച്ചറുകൾ ചോർന്നിട്ടുണ്ട്.
റെഡ്മി നോട്ട് 13 പ്രോ ടർബോയുടെ ലോഞ്ച് സംബന്ധിച്ച് കമ്പനി ഔദ്യോഗികമായി വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. എങ്കിലും ലീക്ക് റിപ്പോർട്ടുകൾ പ്രകാരം ചൈനയ്ക്ക് പുറത്തുള്ള വിപണികളിൽ പോക്കോ ബ്രാൻഡഡ് സ്മാർട്ട്ഫോണായിട്ടാകും നോട്ട് 13 പ്രോ ടർബോ ലോഞ്ച് ചെയ്യുക എന്നാണ് വിവരം.

റെഡ്മി നോട്ട് 13 പ്രോ ടർബോയിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ: വെയ്‌ബോയിൽ ഒരു ടിപ്‌സ്റ്റർ വെളിപ്പെടുത്തിയ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം റെഡ്മി നോട്ട് 13 ടർബോ 120Hz റിഫ്രഷ് റേറ്റുള്ള ഫ്ലാറ്റ് 1.5K OLED സ്‌ക്രീൻ അവതരിപ്പിക്കും. ടിസിഎൽ ഹുവാക്സിംഗ്, ഷെൻഷെൻ ടിയാൻമ എന്നീ രണ്ട് വിതരണക്കാരാണ് ഡിസ്പ്ലേകൾ നിർമ്മിക്കുന്നതെന്ന് പറയപ്പെടുന്നു.
ഈ ഫോണിന്റെ ക്യാമറകളുടെ വിവരങ്ങൾ വളരെ രഹസ്യമാക്കി വച്ചിരിക്കുകയാണ്. എങ്കിലും ഫോട്ടോകൾക്കും വീഡിയോകൾക്കുമായി സോണി IMX882 സെൻസറുള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് റെഡ്മി നോട്ട് 13 ടർബോ അവതരിപ്പിക്കുന്നതെന്ന് പറയപ്പെടുന്നു. മറ്റ് പിൻ ക്യാമറകളുടെ വിശദാംശങ്ങൾ ഇപ്പോഴും അജ്ഞാതമാണ്. അതേസമയം, ഫ്രണ്ട് ക്യാമ 20 മെഗാപിക്സലിന്റേത് ആകുമെന്ന് ടിപ്‌സ്റ്റർ പറയുന്നു.
90W വയർഡ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് റെഡ്മി നോട്ട് 13 പ്രോ ടർബോ പായ്ക്ക് ചെയ്യുന്നതെന്ന് ടിപ്‌സ്റ്റർ അവകാശപ്പെടുന്നു. സ്‌മാർട്ട്‌ഫോണിൻ്റെ സ്‌പെസിഫിക്കേഷനുകൾക്ക് പുറമേ, വരാനിരിക്കുന്ന സ്മാർട്ട്‌ഫോണിൻ്റെ രൂപകൽപ്പനയെക്കുറിച്ചും വെയ്‌ബോ ഉപയോക്താവ് സൂചന നൽകിയിട്ടുണ്ട്. റെഡ്മി കെ 70 ഇ സ്മാർട്ട്ഫോണിനോട് സാമ്യമുള്ള ഡിസൈനാണ് റെഡ്മി നോട്ട് 13 ടർബോയിലും ഉണ്ടാകുക എന്നാണ് റിപ്പോർട്ട്.

ഇത് കൂടാതെ റെഡ്മി നോട്ട് 12 ടി, റെഡ്മി നോട്ട് 13 പ്രോ എന്നിവയിൽ നിന്ന് ഡിസൈൻ ഘടകങ്ങൾ കടമെടുത്താണ് നോട്ട് 13 പ്രോ ടർബോയുടെ റിയർ പാനൽ ഡിസൈൻ ചെയ്തിരിക്കുന്നത് എന്നും ടിപ്സ്റ്റർ പറയുന്നു. കഴിഞ്ഞ വർഷം ചൈനയിൽ ലോഞ്ച് ചെയ്ത റെഡ്മി നോട്ട് 12 ടർബോ ആണ് ഈ സ്മാർട്ട്ഫോണിന്റെ മുൻഗാമി.
റെഡ്മി നോട്ട് 12 ടർബോ അന്താരാഷ്ട്ര വിപണിയിൽ Poco F5 ആയിട്ടാണ് അവതരിപ്പിക്കപ്പെട്ടത്. അതേ ചരിത്രം ഇവിടെയും ആവർത്തിക്കുമെന്നും ടിപ്സ്റ്റർ പറയുന്നു. മുൻ മാതൃകയിൽ റെഡ്മി നോട്ട് 13 ടർബോ ചൈനയ്ക്ക് വെളിയിൽ പോക്കോ എഫ് 6 ആയിട്ടാകും എത്തുക. വരും ദിവസങ്ങളിൽ ഈ ഫോണിന്റെ കൂടുതൽ ഡീറ്റെയിൽസ് പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


Click it and Unblock the Notifications








