ഷാംപെയ്ൻ ഗോൾഡ് ലുക്കുമായി റെഡ്മി 14 പ്രോ സീരീസ് വീണ്ടും എത്തുന്നു; ലോഞ്ച് ജൂലൈ 1ന്; ഫീച്ചറുകൾ ഇതാ
ഷവോമി തങ്ങളുടെ റെഡ്മി നോട്ട് സീരീസിൽ കഴിഞ്ഞ വർഷം ഡിസംബറിൽ ഇറക്കിയ റെഡ്മി നോട്ട് 14 പ്രോ, നോട്ട് 14 പ്രോ+ എന്നിവ അടങ്ങുന്ന റെഡ്മ് നോട്ട് 14 പ്രോ സീരീസ് (Redmi Note 14 Pro series) ഇപ്പോൾ പുതിയ ലുക്കിൽ വീണ്ടും വിപണിയിൽ എത്താൻ പോകുന്നു. സ്‌പെക്ടർ ബ്ലൂ, ടൈറ്റാൻ ബ്ലാക്ക്, ഫാന്റം പർപ്പിൾ (ലെതർ ഫിനിഷ്) എന്നീ കളർ ഓപ്ഷനുകളിലാണ് നിലവിൽ ഈ സ്മാർട്ട്ഫോണുകൾ ലഭ്യമായിട്ടുള്ളത്. എന്നാൽ ഇതോടൊപ്പം പുതിയ ഷാംപെയ്ൻ ഗോൾഡ് കളർ ഓപ്ഷനിലും ഇനി ഈ ഫോണുകൾ ലഭ്യമാകാൻ പോകുകയാണ്.
റെഡ്മി നോട്ട് 14 പ്രോ (Redmi Note 14 Pro), റെഡ്മി നോട്ട് 14 പ്രോ പ്ലസ് (Redmi Note 14 Pro+) എന്നിവ ഷാംപെയ്ൻ ഗോൾഡ് കളർ ഓപ്ഷനിൽ ജൂലൈ 1ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് ഷവോമി പ്രഖ്യാപിച്ചിരിക്കുന്നു. ഈ പുതിയ കളർ ഓപ്ഷന്റെ വരവ് അറിയിച്ചുകൊണ്ടുള്ള പ്രത്യേക മൈക്രോസൈറ്റ് ഷവോമി വെബ്സൈറ്റിൽ ഇപ്പോൾ കാണാനാകും.

പുതിയ കളർ ഓപ്ഷൻ ലഭ്യമാകുന്നു എന്നതിനപ്പുറം മറ്റ് ഫീച്ചറുകളിൽ കാര്യമായ മാറ്റങ്ങൾ ഇല്ലാതെയാണ് റെഡ്മി നോട്ട് 14 പ്രോ സീരീസ് വീണ്ടും വരുന്നത്. ജൂലൈ 1ലെ ലോഞ്ചിന് ശേഷം ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റിന് പുറമേ ആമസോൺ വഴിയും റെഡ്മി നോട്ട് 14 പ്രോ, നോട്ട് 14 പ്രോ+ ഷാംപെയ്ൻ ഗോൾഡ് വേരിയന്റ് വിൽപ്പനയ്ക്ക് എത്തും.
റെഡ്മി നോട്ട് 14 പ്രോ+ ഷാംപെയ്ൻ ഗോൾഡ് വേരിയന്റിന്റെ വില നിലവിൽ ഷവോമി വെളിപ്പെടുത്തിയിട്ടില്ല. റെഡ്മി നോട്ട് 14 പ്രോയുടെ അടിസ്ഥാന വേരിയന്റ് 24,999 രൂപ പ്രാരംഭ വിലയിലും നോട്ട് 14 പ്രോ പ്ലസിന്റെ അടിസ്ഥാന വേരിയന്റ് 30,999 രൂപ വിലയിലും ആണ് ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്. പുതിയ കളർ ഓപ്ഷൻ ഇതേ വിലയിൽ ലഭ്യമാകുമോ എന്ന് വ്യക്തമല്ല.

റെഡ്മി നോട്ട് 14 പ്രോ, റെഡ്മി നോട്ട് 14 പ്രോ+ എന്നിവയുടെ പ്രധാന ഫീച്ചറുകൾ: നോട്ട് 14 പ്രോയുടെ കരുത്ത് 2.5GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്രാ 4nm പ്രൊസസർ ആണ്. നോട്ട് 14 പ്രോ പ്ലസ് മോഡലിന്റെ കരുത്ത് 2.5GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 7s Gen 3 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ്.
6.67 ഇഞ്ച് (2712×1220 പിക്‌സൽ) 1.5K OLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 2560Hz വരെ ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, 3000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവ രണ്ട് മോഡലുകളിലും ഉണ്ട്.
50MP മെയിൻ ക്യാമറ (Sony LYT-600 സെൻസർ, f/1.5 അപ്പർച്ചർ), 8MP അൾട്രാ വൈഡ് ആംഗിൾ (Sony IMX355, f/2.2 അപ്പേർച്ചർ) സെൻസർ, 2MP മാക്രോ ക്യാമറ (f/2.4 അപ്പേർച്ചർ) എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും 20MP ഫ്രണ്ട് ക്യാമറയുമാണ് റെഡ്മി നോട്ട് 14 പ്രോയിൽ ഉള്ളത്.

50MP മെയിൻ ക്യാമറ (ലൈറ്റ് ഫ്യൂഷൻ 800, 1/1.55″, OIS), 8MP അൾട്രാ വൈഡ് ആംഗിൾ സെൻസർ, 50MP പോർട്രെയ്റ്റ് ടെലിഫോട്ടോ ക്യാമറ എന്നിവയാണ് റെഡ്മി നോട്ട് 14 പ്രോ പ്ലസിലെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ എത്തുന്നത്. ഇതിലും സെൽഫിക്കായി 20MP ഫ്രണ്ട് ക്യാമറ തന്നെയാണ് ഉള്ളത്.
ബാറ്ററിയുടെ കാര്യത്തിലും ഈ രണ്ട് മോഡലുകൾ തമ്മിൽ വ്യത്യാസമുണ്ട്. റെഡ്മി നോട്ട് 14 പ്രോയിൽ 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5500mAh ബാറ്ററിയാണ് ഉള്ളത്. നോട്ട് 14 പ്രോ പ്ലസ് മോഡലിൽ 90W ഫാസ്റ്റ് ചാർജിംഗുള്ള 6200mAh ബാറ്ററിയുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, IP66 + IP68 + IP69 റേറ്റിങ് അടക്കം മറ്റ് ഫീച്ചറുകൾ സമാനമാണ്.


Click it and Unblock the Notifications








