200MP ക്യാമറയുള്ള റെഡ്മി പ്രോ ബ്രോസ്! റെഡ്മി നോട്ട് 15 പ്രോ സീരീസ് ജനുവരി 29ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും
ഇതിനകം ചൈനയിലും ആഗോള തലത്തിലും ലോഞ്ച് ചെയ്യപ്പെട്ട റെഡ്മി നോട്ട് 15 പ്രോ സീരീസ് ഇപ്പോൾ ഇന്ത്യയിലേക്കും എത്താൻ പോകുന്നു. റെഡ്മി നോട്ട് 15 പ്രോ 5ജി (REDMI Note 15 Pro 5G), റെഡ്മി നോട്ട് 15 പ്രോ പ്ലസ് (REDMI Note 15 Pro Plus 5G) എന്നിവ അടങ്ങുന്ന റെഡ്മി നോട്ട് 15 പ്രോ സീരീസ് ജനുവരി 29ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ഷവോമി ഔദ്യോഗികമായി സ്ഥിരീകരിച്ചു. റെഡ്മി നോട്ട് 15 സീരീസിൽ റെഡ്മി നോട്ട് 15 ഇതിനകം തന്നെ ഇന്ത്യയിൽ എത്തിയിരുന്നു.
വരാൻ പോകുന്ന രണ്ട് റെഡ്മി നോട്ട് 15 പ്രോ മോഡലുകൾ പ്രധാനമായും പ്രോസസർ കരുത്തിന്റെ കാര്യത്തിലും ബാറ്ററി ശേഷി, ഫാസ്റ്റ് ചാർജിങ്, ഫ്രണ്ട് ക്യാമറ എന്നിവയുടെ കാര്യത്തിലുമാണ് വ്യത്യാസപ്പെടുന്നത്. ആഗോളതലത്തിൽ ലോഞ്ച് ചെയ്യപ്പെട്ട റെഡ്മി നോട്ട് 15 പ്രോ മോഡൽ 2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ 4nm പ്രൊസസർ സഹിതമാണ് അവതരിപ്പിക്കപ്പെട്ടത്.

അതേസമയം സ്നാപ്ഡ്രാഗൺ® 7s ജെൻ 4 പ്രോസസർ കരുത്തിലാണ് റെഡ്മി നോട്ട് 15 പ്രോ പ്ലസ് എത്തിയത്. ആഗോള തലത്തിൽ അവതരിപ്പിക്കപ്പെട്ട റെഡ്മി നോട്ട് 15 പ്രോ മോഡലുകളിൽ നിന്ന് കാര്യമായ വ്യത്യാസങ്ങൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന റെഡ്മി നോട്ട് 15 പ്രോ വേരിയന്റുകളിൽ പ്രതീക്ഷിക്കുന്നില്ല.
12GB വരെ റാം, 12GB വരെ വെർച്വൽ റാം, 6.83 ഇഞ്ച് 1.5K 120Hz OLED ഡിസ്‌പ്ലേ, ഐസ്‌ലൂപ്പ് കൂളിംഗ്, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിങ്, 3200 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, സ്‌നാപ്ഡ്രാഗൺ 7s ജെൻ 4 എന്നിവ റെഡ്മി നോട്ട് 15 പ്രോ പ്ലസ് ഇന്ത്യൻ വേരിയന്റിൽ ഉണ്ടാകും എന്ന് ഇതിനകം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റെഡ്മി നോട്ട് 15 പ്രോ മോഡലുകളിൽ ഉള്ളത്. ആഗോള തലത്തിൽ അവതരിപ്പിക്കപ്പെട്ട റെഡ്മി നോട്ട് 15 പ്രോ മോഡലുകളുടെ റിയർ ക്യാമറ സജ്ജീകരണത്തിൽ 200MP മെയിൻ ക്യാമറ (1/1.4″ Samsung HPE സെൻസർ, f/17 അപ്പർച്ചർ), 8MP അൾട്രാ-വൈഡ്-ആംഗിൾ (Sony IMX355 സെൻസർ, f/2.2 അപ്പർച്ചർ), 4K വരെ വീഡിയോ റെക്കോർഡിംഗ് എന്നിവയാണ് ഉണ്ടായിരുന്നത്.
ഫ്രണ്ട് ക്യാമറയുടെ കാര്യത്തിൽ റെഡ്മി നോട്ട് 15 പ്രോ മോഡലുകൾ വ്യത്യാസപ്പെടുന്നു. നോട്ട് 15 പ്രോ മോഡലിൽ 20MP ഫ്രണ്ട് ക്യാമറയും ( f/2.2 അപ്പർച്ചർ, 1080p വീഡിയോ റെക്കോർഡിംഗ്), നോട്ട് 15 പ്രോ പ്ലസ് മോഡലിൽ 32MP ഫ്രണ്ട് ക്യാമറയുമാണ് ഉണ്ടായിരുന്നത്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർഒഎസ് 2-ൽ ആണ് ഇരുമോഡലുകളും എത്തുക.
റെഡ്മി നോട്ട് 15 പ്രോ മോഡലുകളുടെ ബാറ്ററി ശേഷിയും വ്യത്യസ്തമായിരിക്കും. ആഗോളതലത്തിൽ ലോഞ്ച് ചെയ്യപ്പെട്ടപ്പോൾ 100W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററിയാണ് പ്രോ പ്ലസ് മോഡലിൽ ഉണ്ടായിരുന്നത്. അതേസമയം പ്രോ മോഡൽ 45W ടർബോ ഫാസ്റ്റ് ചാർജിംഗുള്ള 6580mAh ബാറ്ററിയുമായാണ് എത്തിയത്. ഇന്ത്യയിലും ഇതേ ബാറ്ററി ഫീച്ചറുകൾ ഷവോമി അവതരിപ്പിച്ചേക്കാം.

IP66+IP68+IP69+IP69K റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA, ഡ്യുവൽ 4G VoLTE, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ തുടങ്ങിയ ഫീച്ചറുകളൊക്കെ ഇരുമോഡലുകളിലും ഉണ്ടാകും. ജനുവരി 29ലെ ലോഞ്ചിന് ശേഷം ആമസോൺ, ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി റെഡ്മി നോട്ട് 15 പ്രോ സീരീസ് വിൽപ്പനയ്ക്ക് എത്തും. ലോഞ്ച് ഓഫറിന്റെ ഭാഗമായി റെഡ്മി വാച്ച് മൂവ് സൗജന്യമായിരിക്കുമെന്നും ടീസറിൽ പറയുന്നു.


Click it and Unblock the Notifications








