ട്രെയിനിൽ നഷ്ടപ്പെട്ട ഫോൺ കണ്ടെത്താൻ ഒരു പുതു വഴി തുറന്നിരിക്കുന്നു; പ്രഖ്യാപനവുമായി ടെലിക്കോം വകുപ്പ്
ട്രെയിൻ യാത്രയ്ക്കിടയിൽ നഷ്ടമാകുന്ന സ്മാർട്ട്ഫോണുകൾ കണ്ടെത്താൻ പുതിയ ചുവടുവയ്പ്പുമായി കേന്ദ്ര സർക്കാർ. സ്മാർട്ട്ഫോണുകൾ നഷ്ടപ്പെടാൻ ഏറ്റവുമധികം സാധ്യതയുള്ള ഒരിടമാണ് ട്രെയിൻ യാത്ര. മോഷ്ടാക്കൾ വഴിയും മറവി വഴിയും ട്രെയിനിൽ നിരവധി പേർക്ക് മൊബൈൽ ഫോണുകൾ നഷ്ടപ്പെടാറുണ്ട്. ഈ ഒരു സാഹചര്യം നിലനിൽക്കുന്നതിനാൽത്തന്നെ ട്രെയിനിൽ കാണാതാകുന്ന ഫോണുകൾ കണ്ടെത്താനുള്ള ടെലിക്കോം ഡിപ്പാർട്ട്മെന്റിന്റെ നീക്കം ഏറെ ശ്രദ്ധേയമാണ്. ട്രെയിനുകളിൽ നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിനായി റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സുമായി (ആർപിഎഫ്) ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (ഡിഒടി) പങ്കാളിത്തത്തിൽ ഏർപ്പെട്ടിരിക്കുന്നു.
ടെലിക്കോം വകുപ്പ്, ആർപിഎഫ് എന്നിവയുടെ രണ്ട് ആപ്പുകൾ കൂടി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് നഷ്ടപ്പെട്ട ഫോണുകൾ വീണ്ടെടുക്കാനുള്ള ശ്രമം നടത്തുക. അതായത്, നഷ്ടപ്പെട്ട മൊബൈൽ ഉപകരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ യാത്രക്കാരെ അനുവദിക്കുന്ന റെയിൽവേയുടെ റെയിൽ മദാദ് ആപ്പിനെ ടെലിക്കോം വകുപ്പിന്റെ സഞ്ചാർ സാത്തി പ്ലാറ്റ്‌ഫോമുമായി സംയോജിപ്പിച്ചാണ് ഈ പ്രോജക്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

റെയിൽ മദാദ് (Rail Madad) ആപ്പ് ട്രെയിനിൽ യാത്ര ചെയ്യാറുള്ള നിരവധി പേർക്ക് പരിചിതമായ ഒരു ആപ്പ് ആണ്. ട്രെയിൻ യാത്രയ്ക്കിടെ ആളുകൾക്ക് ഉണ്ടാകുന്ന പരാതികൾ അറിയിക്കുന്നതിനും പരിഹരിക്കുന്നതിനും ഇന്ത്യൻ റെയിൽവേ വികസിപ്പിച്ചെടുത്ത ഒരു മൊബൈൽ ആപ്ലിക്കേഷനാണ് റെയിൽ മദാദ് ആപ്പ്.
ട്രെയിനിൽ കാണാതാകുന്ന ഫോൺ കണ്ടെത്താൻ പുതിയ പ്രോജക്ട്: സഞ്ചാർ സാത്തിയുമായി റെയിൽ മദാദ് സംയോജിപ്പിച്ചുകൊണ്ട് നഷ്ടമായ ഫോൺ കണ്ടെത്താൻ ആണ് ശ്രമിക്കുന്നത്. ഈ സഹകരണത്തിന്റെ ഭാഗമായി മോഷ്ടിക്കപ്പെട്ട ബ്ലോക്ക് ചെയ്യുന്നതിനും വീണ്ടെടുക്കൽ ശ്രമങ്ങൾ ആരംഭിക്കുന്നതിനുമായി റെയിൽ മദാദ് ആപ്പിൽ രജിസ്റ്റർ ചെയ്ത പരാതികൾ നേരിട്ട് സഞ്ചാര് സാത്തി പോർട്ടലിലേക്ക് ഇംപോർട്ട് ചെയ്യും.

ടെലിക്കോം മന്ത്രാലയം പറയുന്നത്, 17 ആർപിഎഫ് സോണുകളുടെയും ആർപിഎഫിന്റെ 70 ലധികം ഡിവിഷനുകളുടെയും ഉദ്യോഗസ്ഥർക്ക് സഞ്ചാര് സാത്തി പോർട്ടലിലേക്ക് ആക്സസ് നൽകാൻ തുടങ്ങിയതായും ഇത് ഇന്ത്യൻ റെയിൽവേ ശൃംഖലയിലുടനീളം കവറേജ് ഉറപ്പാക്കുന്നുവെന്നും മന്ത്രാലയം അറിയിച്ചു. ഇതിന് ആവശ്യമായ പരിശീലനം ഉദ്യോഗസ്ഥർക്ക് നൽകും.
"ട്രെയിനുകളിലും സ്റ്റേഷനുകളിലും യാത്രക്കാർക്ക് നഷ്ടമാകുന്ന ഒരു പ്രധാന വസ്തു മൊബൈൽ ഫോണുകളാണ്. ട്രെയിൻ യാത്രക്കാരുടെ നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ മൊബൈൽ ഫോണുകൾ കണ്ടെത്തുന്നതിനും വീണ്ടെടുക്കുന്നതിനും ഡിഒടിയും ആർപിഎഫും സഹകരിച്ച് പ്രവർത്തിക്കും. റെയിൽ മദാദ് ആപ്പ് ഇപ്പോൾ ഡിഒടിയുടെ സഞ്ചാര് സാത്തി പ്ലാറ്റ്‌ഫോമുമായി സംയോജിപ്പിക്കുന്നു," എന്ന് കമ്യൂണിക്കേഷൻ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
"സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള പുരോഗതിയോടെ, കുറ്റകൃത്യങ്ങൾ തടയുന്നതിലും നിയമ നിർവ്വഹണത്തിലും ഡിജിറ്റൽ ഉപകരണങ്ങളുടെ പങ്ക് എന്നത്തേക്കാളും നിർണായകമാണ്". സൈബർ തട്ടിപ്പുകളിൽ നിന്നും ടെലികോം വിഭവങ്ങളുടെ ദുരുപയോഗത്തിൽ നിന്നും പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള യാത്രയിലെ ഒരു നാഴികക്കല്ലാണ് സഞ്ചാർ സാത്തി പോർട്ടലിൽ ആർപിഎഫിനെ ഉൾപ്പെടുത്തുന്നത് എന്ന് ടെലികോം സെക്രട്ടറി നീരജ് മിത്തൽ പറഞ്ഞു.

250-ലധികം ആർപിഎഫ് ഉദ്യോഗസ്ഥർക്കും ഡിഒടിയുടെ എൽഎസ്എ ഫീൽഡ് യൂണിറ്റുകൾക്കും സഞ്ചാർ സാത്തി പോർട്ടലും അതിന്റെ മൊബൈൽ സുരക്ഷാ സവിശേഷതകളും പരിചയപ്പെടുത്തുന്നതിനായി ഒരു പരിശീലന സെഷൻ നടത്തി. ഈ പരിപാടിയിൽ പങ്കെടുത്ത് പ്രസംഗിക്കവേയാണ് ടെലികോം സെക്രട്ടറി നീരജ് മിത്തൽ കുറ്റകൃത്യങ്ങൾ തടയുന്നതിൽ സാങ്കേതികവിദ്യയുടെ പങ്ക് ഊന്നിപ്പറഞ്ഞത്.
"സഞ്ചാർ സാത്തി പോർട്ടലിൽ ആർപിഎഫിനെ ഉൾപ്പെടുത്തുന്നത് പൗരന്മാർക്ക് നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഹാൻഡ്‌സെറ്റുകൾ വീണ്ടെടുക്കുന്നതിനുള്ള ഉറപ്പ് നൽകുമെന്ന്" നീരജ് മിത്തൽ ഊന്നിപ്പറഞ്ഞു. സഞ്ചാർ സാത്തി പ്ലാറ്റ്‌ഫോം ആരംഭിച്ചതിനുശേഷം 30 ലക്ഷത്തിലധികം മൊബൈൽ ഉപകരണങ്ങൾ ബ്ലോക്ക് ചെയ്‌തു, 18 ലക്ഷം ഫോണുകൾ കണ്ടെത്തി, 3.87 ലക്ഷം ഹാൻഡ്‌സെറ്റുകൾ വിജയകരമായി വീണ്ടെടുത്തു എന്ന് കമ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു. ഈ പുതിയ സഹകരണത്തിലൂടെ ട്രെയിനിൽ നഷ്ടപ്പെട്ട ഫോൺ തിരിച്ചുകിട്ടാനുള്ള ഒരു പുതിയ സാധ്യതയാണ് യാത്രക്കാർക്ക് മുന്നിൽ തുറന്നിരിക്കുന്നത്.


Click it and Unblock the Notifications








