ഐഫോൺ 17 സീരിസിൽ വരുന്നത് എത്ര മെഗാപിക്‌സൽ ക്യാമറ.? പുതിയ റിപ്പോർട്ടുകൾ ലീക്കായി
ഈ വർഷം സെപ്റ്റംബറിൽ ആപ്പിൾ പുറത്തിറക്കുമെന്നു കരുതുന്ന ഐഫോൺ 17 സീരിസിനെക്കുറിച്ച് പുതിയ കിംവദന്തി. പുതിയ ഐഫോണിൽ സീരീസിൽ ക്യാമറയിലായിരിക്കും പ്രധാന മാറ്റമെന്നാണ് കരുതപ്പെടുന്നത്. ഐഫോൺ 16ൽ പരമ്പരാഗതമായ ക്യാമറ ഷേപ്പിലും മറ്റും ആപ്പിൾ മാറ്റം വരുത്തിയിരുന്നു. ഐഫോൺ 17ൽ ഹൊറിസോണ്ടൽ ആയ മനോഹരമായ ക്യാമറ ഷേപ്പാണ് ഉണ്ടാകുക എന്നാണ് ലീക്കായ വിവരങ്ങളിൽ നിന്ന് അറിയുന്നത്. പുറത്തിറങ്ങുന്ന നാല് ഐഫോൺ 17 മോഡലുകളിലും നവീകരിച്ച 24 മെഗാപിക്സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറ ഉണ്ടായിരിക്കുമെന്ന് അനലിസ്റ്റ് ജെഫ് പു ( Jeff Pu) പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
2025 സെപ്റ്റംബറിൽ പുറത്തിറങ്ങുന്ന ഐഫോൺ 17 സീരീസ് ലൈനപ്പിൽ ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 അൾട്രാ തുടങ്ങിയ ഫോണുകളാണ് ടിപ്സ്റ്റർ പ്രതീക്ഷിക്കുന്നത്. ഈ നാല് സീരിസിലും 24 മെഗാപിക്സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറയുണ്ടായേക്കാം. എല്ലാ ഫോണുകളുടെയും പിൻക്യാമറകളാണ് മികവേറിയത്.

എന്നാൽ, ഫ്രെയിം ശരിയാകണമെങ്കിൽ മുൻക്യാമറകൾ തന്നെ ഉപയോഗിക്കണം. അതിനാൽ ഉയർന്ന 24-മെഗാപിക്സൽ റെസല്യൂഷൻ ഉപയോഗിച്ച് ക്രോപ്പ് ചെയ്യുമ്പോൾ പോലും ഫോട്ടോകൾക്ക് അവയുടെ ഗുണനിലവാരം നിലനിർത്താൻ കഴിയും. ഇത് പോസ്റ്റ്-പ്രോസസ്സിംഗിൽ കൂടുതൽ വഴക്കം നൽകുകയും ചെയ്യും.
കൂടാതെ ഡൈനാമിക് ഡിസ്‌പ്ലേയും ഫോണിൽ പ്രതീക്ഷിക്കുന്നുണ്ട്. ഡൈനാമിക് ഡിസ്‌പ്ലേ വരികയാണെങ്കിൽ സ്വയം കണ്ട് ഫോട്ടോ എടുക്കാനും കഴിയും. ക്യാമറ മാറ്റത്തിന് പുറമേ ഡിസൈൻ, ചാർജിങ്, എന്നിവയിലെല്ലാം മാറ്റങ്ങളുമായാണ് ഐഫോൺ 17 എത്തുക എന്നും റിപ്പോർട്ടുകളുണ്ട്. ചാർജിങ് പോർട്ട് ഇല്ലാതെയും ഫിസിക്കൽ സിം പോർട്ടുകൾ ഇല്ലാതെയുമായിരിക്കും ഐഫോൺ 17 പുറത്തിറങ്ങുക എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഡിസൈൻ കൂടുതൽ മെലിവുള്ളതാക്കിയും ഫോൺ രൂപം മാറ്റുമെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ 2021ൽ ചാർജിങ് പോർട്ട് രഹിത ഐഫോണുകൾ പുറത്തിറങ്ങുമെന്നാണ് കരുതിയിരുന്നത്. എന്നാൽ അതുണ്ടായിരുന്നില്ല. പുതിയ ഐഫോണിന് മാഗ്സേഫ് ചാർജിങ് ആയിരിക്കും ഉണ്ടാകുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വരാനിരിക്കുന്ന ഐഫോൺ 17 പ്രോ മാക്‌സിന്റെ പേര് മാറ്റിയേക്കുമെന്നുള്ള റിപ്പോർട്ടുകളും ഇതിനിടയിൽ വരുന്നുണ്ട്.

ആപ്പിൾ ഐഫോൺ 17 പ്രോ മാക്‌സിനെ ഐഫോൺ 17 അൾട്ര എന്ന് പുനർനാമകരണം ചെയ്തേക്കാം. പേര് മാറ്റത്തിന് പുറമെ, ഐഫോൺ 17 അൾട്രയിൽ വരുന്ന മൂന്ന് മാറ്റങ്ങളെക്കുറിച്ചും ടിപ്സ്റ്റർ ബ്ലോഗ് പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്. ചെറിയ ഡൈനാമിക് ഐലൻഡ്, ഒരു വേപ്പർ ചേംബർ കൂളിംഗ് സിസ്റ്റം, ഒരു വലിയ ബാറ്ററി തുടങ്ങിയ മാറ്റങ്ങൾ ഐഫോൺ 17 അൾട്രയിൽ ലഭിക്കും എന്നാണ് പുറത്തുവന്ന റിപ്പോർട്ട്.
ഐഫോൺ 17 അൾട്ര മാത്രമാണ് ഈ മാറ്റങ്ങൾ ലഭിക്കുന്ന ഐഫോൺ 17 നിരയിലെ ഏക ഡിവൈസ് എന്ന അഭ്യൂഹവും ലീക്കാവുന്നുണ്ട്. പ്രായോഗികമായി ഗുണമുണ്ടാകാമെങ്കിലും ഇതുവരെയുള്ള ഐഫോണുകളുടെ ഡിസൈനിൽ മാറ്റം വന്നാൽ മാത്രമേ പുതിയ ഡിസ്‌പ്ലേ ഉൾപ്പെടുത്താൻ കഴിയുകയുള്ളു. ഇത്തരം ഒരു സ്‌ക്രീനും മറ്റും കൊണ്ടുവന്നാൽ സ്വാഭാവികമായും ഫോണിന്റെ വിലയും കമ്പനി വർധിപ്പിക്കും.

അതോടെ, ഇപ്പോൾ പ്രോ മോഡലുകൾ വാങ്ങിക്കുന്നവർക്കു പോലും താങ്ങാനാകാത്ത രീതിയിലേക്ക് വില എത്തിയേക്കും. പുതിയ ഡിസ്‌പ്ലേ സങ്കൽപ്പം കൊള്ളാമെന്നാണ് ആദ്യ കാഴ്ചയിൽ തോന്നുന്നതെങ്കിലും അത് പ്രായോഗികമായി ദീർഘകാലാടിസ്ഥാനത്തിൽ നോക്കിയാൽ നല്ലൊരു നീക്കമായിരിക്കില്ലെന്നാണ് എതിർവാദക്കാരുടെ അഭിപ്രായം. ഇത് കേവലം അടിസ്ഥാനരഹിതമാണോ എന്നറിയാൻ പുതിയ മോഡൽ ആപ്പിൾ അവതരിപ്പിക്കുന്നതു വരെ കാത്തിരിക്കേണ്ടി വരും.


Click it and Unblock the Notifications








