ബഡാ ഓപറേറ്റിംഗ് സിസ്റ്റം കൂടുതല്‍ ശക്തമാകുന്നു

Posted By: Super

ബഡാ ഓപറേറ്റിംഗ് സിസ്റ്റം കൂടുതല്‍ ശക്തമാകുന്നു

സാംസംഗ് എങ്ങനെ, ഏതു രിതിയില്‍ എപ്പോ പ്രവര്‍ത്തിക്കും എന്നത് തികച്ചും പ്രവചനാതീതമാണ്. ആന്‍ഡ്രോയിഡിനു പകരമായി സാംസംഗ് സ്വന്തമായി വികസിപ്പിച്ചെടുത്ത ബഡാ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ കൂടുതല്‍ മാറ്റങ്ങളോടെ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ സാംസംഗ്.

ബഡാ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ ഹാന്‍ഡ്‌സെറ്റുകള്‍ നിര്‍മ്മിക്കാനാണ് സാംസംഗിന്റെ പദ്ധതി എന്ന് സാംസംഗ് മൊബൈല്‍ സൊലൂഷന്‍സ് സെന്റര്‍ തലവന്‍ ശ്രീ. ലീ ഹൊ സൂ അറിയിച്ചു.

ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ സാംസംഗിന്റേതായി തന്നെ നിലവില്‍ ഉണ്ടെങ്കിലും ബഡാ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സാംസംഗ് വേവിനു ലഭിച്ച സ്വീകരണം വളരെ വലുതായിരുന്നു. ഇപ്പോഴും സാംസംഗ് വേവിന് ആവശ്യക്കാരേറെയാണ്.

ബഡാ ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ എപ്പോ സാംസംഗ് അവകരിപ്പിക്കും എന്നതിനെ കുറിച്ച് തല്‍ക്കാലം ഒന്നും അറിവായിട്ടില്ല. ഇന്ന് ഹാന്‍ഡ്‌സെറ്റ് വിപണിയില്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കുള്ള പ്രാമുഖ്യം കണക്കിലെടുക്കുമ്പോള്‍ അതിനു മുകളില്‍ ഒരു സ്ഥാനം കണ്ടെത്തുക എന്നത് സാംസംഗിനെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമാകില്ല.

എന്തുകൊണ്ടും ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തോട് കിടപിടിക്കുന്നതാണ് ബഡാ ഓപറേറ്റിംഗ് സിസ്റ്റം എന്നു സമ്മതിക്കാതെ തരമില്ല. ആന്‍ഡ്രോയിഡുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിന്റെ ഒരു പോരായ്മയായി എടുത്തു പറയാവുന്നത് ഒരു ആപ്ലിക്കേഷനില്‍ നിന്നും മറ്റൊന്നിലേക്കു മാറാന്‍ ബഡാ ഓപറേറ്റിംഗ് സിസ്റ്റം കൂടുതല്‍ പ്രോസസ്സിംഗ് സമയം എടുക്കുന്നു എന്നതാണ്. മള്‍ട്ടി ടാസ്‌ക്കിംഗില്‍ മികച്ച പ്രോസസ്സിംഗ് പവര്‍ ഒരവശ്യ ഘടകവുമാണ്.

പുതിയ വേര്‍ഷന്‍ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണം, എന്തെല്ലാം ഉണ്ടായിരിക്കണം എന്നൊന്നും ഇതുവരെ ഒരു തീരുമാനമായിട്ടില്ല എന്നു ശ്രീ ലീ അറിയിച്ചു. ഏതായാലും ശബ്ദ തിരിച്ചറിയല്‍ സംവിധാനവും, മൊബൈല്‍ പേയ്‌മെന്റ് എന്നിവ പുതിയ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ ഉണ്ടാകും എന്നു തീരുമാനമായിട്ടുണ്ട്.

ഏതായാലും ഈ വരാനിരിക്കുന്ന ഓപറേറ്റിംഗ് സിസ്റ്റത്തെ കുറിച്ചുള്ള പ്രതീക്ഷ വളരെ ഉയര്‍ന്നതാണ്. സാംസംഗിന്റെ സ്വന്തം ഉല്‍പന്നമാകുമ്പോള്‍ പ്രതീക്ഷ കൂടുന്നത് സ്വഭാവികം മാത്രം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot